സർജാപൂരിന് സമീപമുള്ള മുഗളൂർ തടാകക്കരയിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. തടാകത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് തലയോട്ടി അടക്കമുള്ള അസ്ഥിഭാഗങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വറ്റിയ തടാകത്തിനകത്തു നിന്നും പരിസരങ്ങളിൽ നിന്നുമായി ചിതറിക്കിടക്കുന്ന നിലയിൽ മറ്റ് എല്ലുകളും കണ്ടെടുത്തു.
തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയാണ് കണ്ടെത്തിയത്. താടിയെല്ല് തലയോട്ടിൽ നിന്നും വേർപെട്ട നിലയിലായിരുന്നു. മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ല. അസ്ഥികൂടത്തിനൊപ്പം കീറിയ സാരിയുടെ കഷ്ണവും സ്ത്രീകളുടേതുപോലെയുള്ള ചെരുപ്പും പോലീസ് കണ്ടെടുത്തു. കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പഴക്കമുണ്ടാകുമെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 25-നും 35-നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. മുൻപ് തടാകത്തിൽ മുങ്ങിമരിച്ച ആരുടെയെങ്കിലും മൃതദേഹമാകാം ഇതെന്നാണ് പോലീസ് കരുതുന്നത്. വേനൽക്കാലത്ത് തടാകം വറ്റിയതോടെയാണ് അസ്ഥികൾ പുറത്തുകണ്ടത്. ഇവ പിന്നീട് തെരുവുനായ്ക്കൾ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു.സംഭവസ്ഥലത്തുനിന്നും ഫൊറൻസിക് വിദഗ്ധർ അസ്ഥികൂട ഭാഗങ്ങൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരണകാരണം എന്താണെന്നും വ്യക്തമല്ല. കർണാടകത്തിന് പുറമെ അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് അടുത്തകാലത്തായി കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
