അമേരിക്കയിലെ ഉയർന്ന തീരുവ ഇന്ത്യൻ സോളാർ കമ്പനികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കൗണ്ടർവെയ്‌ലിംഗ് ഡ്യൂട്ടിയും ആന്റി-ഡമ്പിംഗ് ഡ്യൂട്ടിയും ഉൾപ്പെടെയുള്ള നികുതികൾ 230 ശതമാനത്തിലധികം ഉയർന്നതോടെ ഇന്ത്യൻ സോളാർ മൊഡ്യൂളുകളുടെ കയറ്റുമതി വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 200 കോടി ഡോളറിന്റെ സോളാർ മൊഡ്യൂളുകൾ കയറ്റുമതി ചെയ്തിരുന്നതിൽ ഭൂരിഭാഗവും യുഎസിലേക്കായിരുന്നു. അമേരിക്കൻ വിപണിയിൽ വാട്ട്-പീക്കിന് 30 സെന്റ് വരെ ലഭിച്ചിരുന്നിടത്ത് ഇന്ത്യയിൽ അത് 24 സെന്റ് മാത്രമാണ്. ഈ വലിയ വില വ്യത്യാസം കമ്പനികൾക്ക് 50 മുതൽ 100 ശതമാനം വരെ ഉയർന്ന ലാഭമാർജിൻ നൽകിയിരുന്നു. എന്നാൽ നിലവിലെ നികുതി ഭാരം ഈ നേട്ടങ്ങളെ പൂർണ്ണമായും ഇല്ലാതാക്കി.
ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രമുഖ കമ്പനികൾ വ്യത്യസ്ത തന്ത്രങ്ങളാണ് പയറ്റുന്നത്. അദാനി ന്യൂ ഇൻഡസ്ട്രീസ് ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. വാരി എനർജീസ് എത്യോപ്യ വഴി സെല്ലുകൾ ശേഖരിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്ത് അമേരിക്കയിലേക്ക് അയക്കുന്ന പുതിയ സപ്ലൈ ചെയിൻ രൂപീകരിച്ചു. കൂടാതെ അമേരിക്കയിൽ തന്നെ 4.2 ജിഗാവാട്ട് ശേഷിയുള്ള നിർമ്മാണ ശാല ആരംഭിക്കാനും അവർക്ക് പദ്ധതിയുണ്ട്. വിക്രം സോളാർ വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സെല്ലുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. പ്രീമിയർ എനർജീസ് നിലവിലെ സാഹചര്യത്തിൽ കയറ്റുമതി നിർത്തിവെക്കുകയും അമേരിക്കയിൽ പുതിയ നിർമ്മാണ ശാല തുടങ്ങുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നു.കയറ്റുമതി നിലച്ചതോടെ കമ്പനികൾ ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമിത ഉൽപ്പാദനത്തിനും അതുവഴി വില കുറയാനും കാരണമാകാം. രൂപയുടെ മൂല്യത്തകർച്ചയും ചൈനീസ് കമ്പനികളുടെ അമിതമായ വിലക്കുറവും ഇന്ത്യൻ സോളാർ കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ വിപണിക്ക് പകരമായി യൂറോപ്പും ഓസ്‌ട്രേലിയയും പരിഗണിക്കുന്നുണ്ടെങ്കിലും അവിടെയും കാര്യങ്ങൾ എളുപ്പമല്ല. സോളാർ സെല്ലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ അമേരിക്ക പരിശോധന കർശനമാക്കിയത് എത്യോപ്യ പോലുള്ള രാജ്യങ്ങൾ വഴി നടത്തുന്ന നീക്കങ്ങൾക്കും ഭീഷണി ഉയർത്തുന്നു. അമേരിക്കൻ വിപണി നഷ്ടപ്പെടുന്നത് സോളാർ വ്യവസായത്തിന്റെ വളർച്ചാ വേഗതയെ കാര്യമായി ബാധിക്കുമെന്നതിൽ തർക്കമില്ല. നയപരമായ അനുകൂല മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് കമ്പനികൾക്ക് പൂർണ്ണമായും കരകയറാൻ സാധിക്കൂ.
