ഇ.ഡി റെയ്ഡിനെതിരെ ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്;

മാസപ്പടി കേസിൽ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ നടപടിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാനുള്ള നീക്കം കേരളത്തിലെ തെരുവുകളിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് എം. ശിവപ്രസാദ് മുന്നറിയിപ്പ് നൽകി. “പേമാരി പെയ്തിട്ട് പതറാത്ത പിണറായി വിജയന് മുന്നിലാണോ നിങ്ങളുടെ ഈ പേക്കൂത്ത്” എന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിലേറി പത്താം നാൾ പ്രധാനമന്ത്രിയെ കണ്ട കേരളത്തിന്റെ കോൺഗ്രസ് മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് പിണറായി വിജയനെ വേട്ടയാടണമെന്നാണോ എന്ന് ശിവപ്രസാദ് ചോദിച്ചു. പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ വേട്ടയാടിയാൽ തളർന്നു പോകുമെന്ന് കരുതേണ്ടെന്നും അപ്പോഴാണ് ഈ പ്രസ്ഥാനം തീപ്പന്തമായി മാറുന്നതെന്നും അദ്ദേഹം കുറിച്ചു.നാഷണൽ ഹെറാൾഡ് കേസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യപ്പെട്ട രാഹുൽ ഗാന്ധി പോലും കേരളത്തിൽ വന്ന് പിണറായി വിജയനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചതിനെ ശിവപ്രസാദ് വിമർശിച്ചു. രാഷ്ട്രീയ ജീവിതകാലം മുഴുവൻ സംഘപരിവാറിനോട് പൊരുതി നിന്ന പിണറായി വിജയനെ ഇ.ഡിയെ കാട്ടി ഭയപ്പെടുത്താമെന്ന് കരുതുന്നത് കമ്മ്യൂണിസ്റ്റുകാരെപ്പറ്റി അറിയാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *