സംസ്ഥാനത്ത് തേങ്ങ വിലയിൽ വൻ ഇടിവ്;

സംസ്ഥാനത്ത് തേങ്ങയുടെ വില കുത്തനെ കുറഞ്ഞു. നിലവിൽ ഒരു കിലോ തേങ്ങയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് വിപണിയിലെ വില. ഈ വർഷം ആദ്യമായാണ് തേങ്ങയുടെ വില ഇത്രയും താഴ്ന്ന നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ കിലോയ്ക്ക് 64 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ 60 രൂപയിലേക്ക് താഴ്ന്ന വില, മാസങ്ങൾക്കുള്ളിൽ പകുതിയോളമായി കുറയുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി വർധിച്ചതാണ് വിലയിടിവിന്റെ പ്രധാന കാരണം. തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും, അവിടുത്തെ കൊപ്രയുടെ വിലയിലുണ്ടായ കുറവും കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് കൂടാൻ ഇടയാക്കി. ഇതിനു പുറമെ കേരളത്തിലും തേങ്ങയുടെ ഉൽപാദനം ഇത്തവണ വർധിച്ചിട്ടുണ്ട്. വിപണിയിൽ ആവശ്യകതയേക്കാൾ കൂടുതൽ ലഭ്യതയുള്ളതാണ് വില കുറയാൻ കാരണമെന്നാണ് വ്യാപാരികൾ വിലയിരുത്തുന്നത്.സാധാരണയായി മഴക്കാലം ആരംഭിക്കുമ്പോൾ തേങ്ങയുടെ ലഭ്യതയിൽ കുറവുണ്ടാകാറുള്ളതിനാൽ വില വർധിക്കാറുണ്ട്. എന്നാൽ ഇത്തവണ വലിയ തോതിലുള്ള വിലക്കയറ്റത്തിന് സാധ്യതയില്ലെന്നാണ് വ്യാപാരികൾ കരുതുന്നത്. എന്നിരുന്നാലും, ഇന്ധനവില വർധനവ് ഉൽപന്നങ്ങളുടെ വിപണനത്തെയും ഗതാഗതത്തെയും ബാധിക്കുന്നത് കച്ചവടക്കാർക്കും വെല്ലുവിളിയാകുന്നുണ്ട്. തേങ്ങയുടെ ഈ വിലയിടിവ് സംസ്ഥാനത്തെ കർഷകരെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഉൽപാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് കർഷകർക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *