യുക്രൈനിൽ റഷ്യയുടെ അതിശക്തമായ മിസൈൽ വർഷം; 

യുക്രൈനിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ നാലും ഡിനിപ്രോയിൽ ആറും പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന അക്രമണത്തിൽ 700-ലധികം മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നും, എന്നാൽ ഇതിൽ 642 എണ്ണവും തങ്ങൾ വെടിവെച്ചിട്ടതായും യുക്രൈൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾ തകരുകയും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. കീവിൽ മാത്രം 51 പേർക്ക് പരിക്കേൽക്കുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.

കീവിലെ തന്ത്രപ്രധാനമായ ഭരണകേന്ദ്രങ്ങളെയും തെക്കൻ നഗരമായ സപ്പോറീഷ്യയിലെ വ്യവസായ ശാലയെയും ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ നീക്കം. റഷ്യൻ മേഖലയിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. ആക്രമണം വിജയകരമായിരുന്നുവെന്നും ലക്ഷ്യം പൂർത്തീകരിച്ചതായും റഷ്യ അവകാശപ്പെട്ടു. അതേസമയം, റഷ്യയിലെ ക്രാസ്നോദർ ക്രാ മേഖലയിലുള്ള ഇൽസ്കി എണ്ണ ശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *