മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി, അമ്മ പിടിയിൽ;

ന്ധ്രാപ്രദേശിലെ കുർണൂലിൽ കാമുകനുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത പതിനഞ്ചുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. കുർണൂൽ ജില്ലയിലെ അഡോണി ടൗൺ സ്വദേശിനിയായ ഗംഗമ്മ, ആൺസുഹൃത്ത് ദർഗപ്പ എന്നിവരാണ് മകൻ വീരേന്ദ്രയെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ കുട്ടിയുടെ മൃതദേഹം നഗരത്തിന് പുറത്ത് കൊണ്ടുപോയി ഇരുവരും ചേർന്ന് കുഴിച്ചുമൂടുകയായിരുന്നു.

തങ്ങളുടെ ബന്ധം മകൻ പലപ്പോഴായി ചോദ്യം ചെയ്തതും ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റകൃത്യത്തിന് ശേഷം അന്വേഷണം വഴിതിരിച്ചുവിടാനായി മകനെ കാണാനില്ലെന്ന് കാണിച്ച് ഗംഗമ്മ തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കുട്ടിക്കായി തിരച്ചിൽ നടത്തുമ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഗംഗമ്മയും ഒപ്പം കൂടിയിരുന്നു. പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് മകനെ എത്രയും വേഗം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത പുറത്തുവന്നത്. ഗംഗമ്മയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരുടെ ഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുതരികയും ചെയ്തു. ഇവിടെ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *