യുഡിഎഫിന്റേത് സമാനതകളില്ലാത്ത വിജയമെന്ന് വി.ടി. ബൽറാം;

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷ മുന്നണിയെയും പരിഹസിച്ച് യു.ഡി.എഫ് പ്രതിനിധി വി.ടി. ബൽറാം എം.എൽ.എ. പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ തന്നെ തുടരട്ടെയെന്ന് താൻ ആശംസിക്കുകയാണെന്ന് ബൽറാം സഭയിൽ പറഞ്ഞു. പടർന്നു പന്തലിച്ചു നിന്നിരുന്ന എൽ.ഡി.എഫ് വെറും 26 സീറ്റുകളിലേക്ക് ചുരുങ്ങിയെങ്കിൽ അവർ ആത്മപരിശോധന നടത്താൻ തയ്യാറാകണം. ‘ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ’ എന്ന് പറയാറുള്ള അവസ്ഥയിലാണ് ഇപ്പോൾ ഇടതുപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു.

അപ്പുറത്തിരിക്കുന്ന ആളുകളെ കുറിച്ച് ഞങ്ങൾക്ക് ദുഃഖവും സഹതാപവുമുണ്ട്. മുൻപ് നിങ്ങൾ ഇങ്ങനെയായിരുന്നില്ല. പിണറായി വിജയൻ എല്ലാകാലത്തും ആ കസേരയിൽ തുടരട്ടെ എന്ന് ആശംസിക്കുന്നു. സമീപനത്തിൽ മാറ്റമില്ലെങ്കിൽ കേരളത്തിന് അപകടകരമാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നിൽക്കാൻ നിങ്ങൾ തയ്യാറാകണം വി ടി ബല്‍റാം പറഞ്ഞു. യു.ഡി.എഫിന്റേത് സമാനതകളില്ലാത്ത രാഷ്ട്രീയ വിജയമാണെന്ന് അവകാശപ്പെട്ട ബൽറാം, കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണിതെന്നും കൂട്ടിച്ചേർത്തു.

2016-ൽ വി.എസ്. അച്യുതാനന്ദനെ മുൻനിർത്തി വോട്ട് പിടിച്ച ശേഷം പിണറായി വിജയൻ മുഖ്യമന്ത്രിയായതിനെ ‘അട്ടിമറി’ എന്ന് വിശേഷിപ്പിച്ച ബൽറാം, അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ഓർമ്മിപ്പിച്ചു. യു.ഡി.എഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുമെന്നും ആദ്യത്തെ മന്ത്രിസഭാ യോഗം മുതൽ അത് വ്യക്തമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. മുൻ സർക്കാർ മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച ആശാ വർക്കർമാരെ പുതിയ സർക്കാർ ചേർത്തുപിടിക്കുമെന്നും, അവരുടെ വരുമാനം ഘട്ടംഘട്ടമായി 21,000 രൂപയായി വർദ്ധിപ്പിക്കുമെന്നും വി.ടി. ബൽറാം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *