അസമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിശ്വനാഥ് ചാരിയാലി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസമാണ് ഈ ക്രൂരത നടന്നത്. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്ന കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞതും പെൺകുട്ടിയെ രക്ഷപ്പെടുത്തിയതും. രക്ഷപെടുത്തുമ്പോൾ പെൺകുട്ടിയും കാറിലുണ്ടായിരുന്ന പ്രതികളും അർദ്ധനഗ്നമായ നിലയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ പോക്സോ വകുപ്പുകൾക്ക് പുറമെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളും ചുമത്തി.
ഭക്ഷണം വാഗ്ദാനം ചെയ്താണ് പ്രതികൾ തന്നെ കാറിൽ കയറ്റിയതെന്നും തുടർന്ന് ഒന്നിലേറെ പുരുഷന്മാർ ചേർന്ന് പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബിശ്വനാഥ് അഡീഷണൽ പോലീസ് സൂപ്രണ്ട് ദീപ്തി മാലി അറിയിച്ചു.
