നവീൻ ബാബുവിന്റെ കുടുംബത്തിന് ഒടുവിൽ നീതി! യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രസ്റ്റീജ് കേസ്;

കണ്ണൂരിലെ മുൻ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആ ദാരുണമായ മരണം നമ്മളാരും മറന്നിട്ടില്ല.
ആ മരണത്തിന് പിന്നിലെ യഥാർത്ഥ ചുരുളഴിക്കാൻ ഒടുവിൽ സി.ബി.ഐ വരികയാണ് . കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ സംസ്ഥാന സർക്കാർ പുറത്തിറക്കും. ഈ പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സി.ബി.ഐക്ക് കൈമാറുന്ന ആദ്യത്തെ കേസാണിത് . അതുകൊണ്ട് തന്നെ ഇതൊരു പ്രസ്റ്റീജ് കേസായിട്ടാണ് സർക്കാർ കാണുന്നത്. ഇതോടൊപ്പം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനത്തിലൂടെ ഒരു സർക്കാർ ജോലിയും ഉറപ്പുനൽകിയിട്ടുണ്ട്.

​സത്യത്തിൽ ഈ രണ്ട് തീരുമാനങ്ങളും പ്രതിപക്ഷത്തിരിക്കുന്ന സി.പി.എമ്മിന് വലിയൊരു താക്കീതും അതുപോലെ തന്നെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയുമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ നമ്മൾ ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്, നമ്മൾ എപ്പോഴും ജനപക്ഷത്തായിരിക്കും എന്ന്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്കുകളെല്ലാം ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ പാലിക്കപ്പെടുകയാണ്. അന്ന് നവീൻ ബാബുവിന്റെ മരണം നടക്കുകയും വലിയ വിവാദങ്ങൾ ഉയരുകയും ചെയ്ത സമയത്ത് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് തങ്ങൾ ആ കുടുംബത്തോടൊപ്പം നിൽക്കും എന്നാണ്. അന്ന് സി.പി.എമ്മും അതുതന്നെയാണ് പറഞ്ഞത്. പക്ഷേ പിന്നീട് എന്താണ് നടന്നതെന്ന് നമ്മൾ കണ്ടതാണ്. വി.ഡി. സതീശൻ അന്ന് കൊടുത്ത വാക്ക് ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ ആ കുടുംബത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അംഗീകരിച്ചു കൊടുത്ത് പാലിച്ചിരിക്കുകയാണ്.

​നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആ കുടുംബത്തിന് ഒട്ടനവധി സംശയങ്ങളുണ്ടായിരുന്നു. ഇതിന് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും അഴിമതികളെക്കുറിച്ചും അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നാൽ അന്നത്തെ പോലീസ് സംവിധാനം ഈ കേസ് ശരിയായ രീതിയിലല്ല അന്വേഷിച്ചത് എന്ന പരാതി കുടുംബത്തിനുണ്ടായിരുന്നു. അവർ കോടതികളെപ്പോലും സമീപിച്ചു. പക്ഷേ അന്ന് അവർക്ക് അനുകൂലമായ ഒരു വിധി കിട്ടിയില്ല. എങ്കിലും ഈ പുതിയ സർക്കാർ വന്നപ്പോൾ അവർക്കൊരു വിശ്വാസമുണ്ടായിരുന്നു, തങ്ങൾക്ക് നീതി ലഭിക്കാനുള്ള ഇടപെടൽ ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന്. ആ വിശ്വാസമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
റാന്നി എം.എൽ.എ. ആയിരുന്ന പഴകുളം മധുവിനൊപ്പമാണ് നവീൻ ബാബുവിന്റെ കുടുംബം നിയമസഭയിൽ വെച്ച് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത്. അന്ന് തന്നെ മുഖ്യമന്ത്രി ഉറപ്പു കൊടുത്തതാണ് ഈ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുമെന്ന്. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ആ തീരുമാനമെടുത്തു, ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഉത്തരവും ഇറങ്ങി. അതോടൊപ്പം തന്നെ ആശ്രിത നിയമനത്തിലൂടെ മകൾക്ക് അർഹമായ ജോലിയും നൽകാൻ തീരുമാനിച്ചു. അച്ഛന്റെ പെട്ടെന്നുള്ള വിയോഗത്തിൽ തകർന്നുപോയ ആ കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട എല്ലാ പരിഗണനയും നൽകി സർക്കാർ അതിന് വേഗത കൂട്ടി എന്ന് വേണം പറയാൻ.

​എന്നാൽ ഇതിലെല്ലാം നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം, ഇതുവരെയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്ന് പറഞ്ഞിരുന്ന സി.പി.എമ്മിന്റെ ആ നിലപാട് മാറ്റമാണ്. സി.പി.എം ഇപ്പോൾ എന്താണ് പറയുന്നത്.ഇതൊരു രാഷ്ട്രീയ വേട്ടയാടലാണ് എന്നാണ് എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിക്കുന്നത്.ഒന്നാലോചിച്ചു നോക്കൂ, നവീൻ ബാബുവിന്റെ മരണം നടന്ന ആ സമയത്ത് അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളുമായ പി.പി. ദിവ്യയെ പരസ്യമായി തള്ളിപ്പറഞ്ഞവരാണ് ഈ സി.പി.എം നേതാക്കൾ. ദിവ്യ കാണിച്ചത് തെറ്റാണ് എന്ന് പറയുകയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും പത്തനംതിട്ടയിലെ വീട്ടിൽ പോയി ഭാര്യയെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തത് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഈ കുടുംബത്തിന് നീതി ഉറപ്പാക്കും എന്നാണ്. എന്നിട്ട് ആ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പാർട്ടി എന്തെങ്കിലും ചെയ്തോ? ഇല്ലെന്ന് മാത്രമല്ല, ആ കുടുംബത്തിനെതിരെ കോടതിയിൽ പോവുകയാണ് പിന്നീട് സി.പി.എം ചെയ്തത്.

​ഏത് കുടുംബത്തോടാണ് ഈ നീതികേട് കാണിച്ചത് എന്നോർക്കണം. അടിമുടി ഒരു സി.പി.എം കുടുംബമായിരുന്നു നവീൻ ബാബുവിന്റേത്. പാർട്ടി രാഷ്ട്രീയവുമായി അത്രമേൽ ചേർന്നുനിന്ന ഒരു കുടുംബത്തോടാണ് ഈ ക്രൂരത കാണിച്ചത്. ഈ നീതികേടിനെതിരെ അവർ പലവട്ടം അന്നത്തെ മുഖ്യമന്ത്രിയെയും സർക്കാരിനെയും സമീപിച്ചു, പാർട്ടിയോട് ആവശ്യപ്പെട്ടു. ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് അവർ സ്വന്തം നിലയിൽ ഭാര്യയും സഹോദരനും അടങ്ങുന്ന ആ കുടുംബം കോടതികളിൽ നിയമപോരാട്ടം നടത്തിയത്. അപ്പോൾ സംസ്ഥാന സർക്കാർ കോടതിയിൽ എന്താണ് പറഞ്ഞത്? കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം എല്ലാ കോടതിയിലും സർക്കാർ എതിർക്കുകയാണ് ചെയ്തത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് കേസ് ഒതുക്കിതീർക്കാനാണ് അന്നത്തെ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചത്. അവിടെ നിന്നാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. അന്ന് കുടുംബത്തെ കെട്ടിപ്പിടിച്ച് കരഞ്ഞ എം.വി. ജയരാജൻ ഇപ്പോൾ പറയുന്നത് സി.ബി.ഐ അന്വേഷണം രാഷ്ട്രീയ വേട്ടയാടലാണ് എന്നാണ്! ആ കുടുംബം ഉന്നയിച്ച ഒരു ആവശ്യത്തിന് അനുകൂലമായ തീരുമാനം എടുത്തത് എങ്ങനെയാണ് രാഷ്ട്രീയ വേട്ടയാടൽ ആകുന്നത്?
അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ നവീൻ ബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലെ വീട്ടിൽ എത്തുകയും സംസ്കാര ചടങ്ങിലെല്ലാം പങ്കെടുക്കുകയും കുടുംബത്തെ അനുനയിപ്പിക്കുകയും ചെയ്ത ആളാണ് ഈ ജയരാജൻ. ഇതിനെ രാഷ്ട്രീയ നെറികേട് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ഇതാണ് കൃത്യമായ ഇരട്ടത്താപ്പ്.

​സി.പി.എം ഇപ്പോഴും ആഗ്രഹിക്കുന്നത് പി.പി. ദിവ്യയിൽ മാത്രം ഈ കേസ് നിൽക്കണം എന്നാണ്. ഇതിന്റെ പിന്നിലേക്ക് അന്വേഷണം പോകാൻ അവർ ഭയപ്പെടുന്നു. കാരണം, അന്ന് ഒരു പെട്രോൾ പമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതിലെല്ലാത്തിന്റെയും ആധാരം. ആരാണ് ഈ പെട്രോൾ പമ്പ് തുടങ്ങാൻ വന്നത്? അതിന് അപേക്ഷ കൊടുത്ത പ്രശാന്ത് എന്ന് പറയുന്ന ഒരാളാണ്. അയാൾ സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളേജിലെ ഒരു സാധാരണ ഇലക്ട്രീഷ്യൻ മാത്രമാണ്. ഒരു ഇലക്ട്രീഷ്യന് കോടികൾ മുടക്കി ഒരു പെട്രോൾ പമ്പ് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണ് ഉണ്ടായത്? അയാൾ മറ്റാരുടെയെങ്കിലും ബിനാമി ആണോ? ഇനി, പി.പി. ദിവ്യക്ക് അവിടെ വന്ന് ഈ നവീൻ ബാബുവിനെ പരസ്യമായി അപമാനിക്കാൻ പാർട്ടിയിലെ ഏതെങ്കിലും ഉന്നത നേതൃത്വത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടോ? ഇതൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല.

​ഇതൊരു വലിയ ഗൂഢാലോചനയാണ് . ഒരു ക്യാമറാമാനെ കൂട്ടി ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് ചടങ്ങിലേക്ക് വരുന്നു, ഇതെല്ലാം കൃത്യമായി ഷൂട്ട് ചെയ്യുന്നു, ആ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതിന്റെ പിന്നിൽ ഒരു വലിയ സന്ദേശമുണ്ട്. “ഞങ്ങളുടെ തീരുമാനത്തിനൊപ്പം നിൽക്കാത്ത ഉദ്യോഗസ്ഥരുടെ അവസ്ഥ ഇതാകും” എന്ന് മറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ കൃത്യമായ രാഷ്ട്രീയ ഭീഷണിയായിരുന്നു അത്. എന്നിട്ടാണ് സ്വന്തം നിലയിൽ താൻ അഴിമതിക്കെതിരായി പോരാടുന്നു എന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചത്.
ഇത് ഏതെങ്കിലും ഒരു സാധാരണ ഉദ്യോഗസ്ഥൻ തന്റെ കടമ കൃത്യമായി നിർവ്വഹിച്ചാൽ അവർ നേരിടേണ്ടി വരുന്ന ഭീഷണിയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പി.പി. ദിവ്യ സ്വന്തം നിലയിൽ മാത്രം തീരുമാനിച്ച് കളക്ടർ പങ്കെടുക്കുന്ന ഒരു ഔദ്യോഗിക പരിപാടിയിലേക്ക് കയറി ചെന്ന് ഇങ്ങനെ ചെയ്യാൻ മാത്രം ധൈര്യം കാണിക്കില്ല. കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അതിനുള്ള പ്രോട്ടോക്കോൾ ഇല്ല. അപ്പോൾ അത് കൃത്യമായ രാഷ്ട്രീയ നിർദ്ദേശത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അത് വിവാദമാവുകയും പൊതുജന മധ്യത്തിൽ പാർട്ടിയും ദിവ്യയും വിചാരണ ചെയ്യപ്പെട്ടപ്പോഴാണ് “ഞങ്ങൾ ദിവ്യക്കൊപ്പമല്ല, നവീൻ ബാബുവിനൊപ്പമാണ്” എന്ന് പറഞ്ഞ് സി.പി.എം നാടകം കളിച്ചത്. അപ്പോഴും അവർക്ക് ഒളിവിൽ പോകാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് ഇതേ പാർട്ടി തന്നെയാണ്.
​അന്ന് എടുത്ത വകുപ്പുകൾ നോക്കൂ, വളരെ ദുർബലമായ പ്രേരണാക്കുറ്റം മാത്രമാണ് ചുമത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഫോൺ റെക്കോർഡുകൾ പോലും പോലീസ് ശേഖരിച്ചില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതൊന്നും ചെയ്യാതെ പി.പി. ദിവ്യയിൽ മാത്രം കേസ് ഒതുക്കി തീർക്കാനാണ് അവർ ശ്രമിച്ചത്. ഇത് ആദ്യം മനസ്സിലാക്കിയത് നവീൻ ബാബുവിന്റെ കുടുംബമായിരുന്നു. അതുകൊണ്ടാണ് അവർ ആദ്യ ദിവസം മുതൽ സർക്കാരിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. തങ്ങൾക്കൊപ്പം ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്ന ഒരു നടപടിയും മുൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് അവർ തുറന്നുപറഞ്ഞു. അവരുടെ ആ നിശ്ചയദാർഢ്യം തന്നെയാണ് ഈ കേസിനെ ഇപ്പോൾ ഇവിടെ വരെ എത്തിച്ചത്. അവരെ കേൾക്കാനും അവർക്കൊപ്പം നിൽക്കാനും ഒരു സർക്കാർ ഉണ്ടായി എന്നതാണ് ഇപ്പോൾ കേരളത്തിൽ വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റം. ആ മാറ്റത്തിന്റെ ഫലമാണ് ഈ സി.ബി.ഐ അന്വേഷണ ഉത്തരവ്.
​ഇനി നിലവിലെ സാഹചര്യത്തിൽ സി.ബി.ഐ ഈ കേസ് ഏറ്റെടുക്കാനാണ് എല്ലാ സാധ്യതയും കാണുന്നത്. ഒരുപക്ഷേ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ മടിച്ചാൽ പോലും, സംസ്ഥാന സർക്കാരും കൂടി ചേർന്ന് ശക്തമായ നിയമപോരാട്ടത്തിലൂടെ കേസ് മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പുതിയ മുഖ്യമന്ത്രിയും ഭരണകൂടവും. എന്തായാലും സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ച കണ്ണൂരിലെ വലിയ സ്രാവുകൾ പുറത്തുവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആ ഭയമാണ് ഇപ്പോൾ സി.പി.എം കോട്ടകളിൽ നമ്മൾ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *