തമിഴക രാഷ്ട്രീയത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് കേവലമൊരു സീറ്റ് വിഭജനമോ താൽക്കാലികമായ ഒരു ഉടമ്പടിയോ അല്ല. മറിച്ച്, കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി തമിഴ്നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ചുപോന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭൂപടം തന്നെ പൂർണ്ണമായി മാറ്റിമറിക്കാൻ പോകുന്ന ഒരു വൻ രാഷ്ട്രീയ ഭൂകമ്പമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തമായി ജയിച്ചുകയറാൻ എല്ലാവിധ നിയമപരവും രാഷ്ട്രീയവുമായ സാധ്യതകളും ഉണ്ടായിരുന്ന തമിഴ്നാട്ടിലെ ആ ഒരേയൊരു രാജ്യസഭാ സീറ്റ്, തമിഴക വെട്രി കഴകം അഥവാ ടി.വി.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് വെള്ളിത്താലത്തിൽ വെച്ച് കോൺഗ്രസ് പാർട്ടിക്ക് നൽകിയിരിക്കുകയാണ്. വെറും അഞ്ച് എം.എൽ.എമാർ മാത്രമുള്ള കോൺഗ്രസിന് തമിഴ്നാട് മന്ത്രിസഭയിൽ രണ്ട് പ്രധാന മന്ത്രിസ്ഥാനങ്ങൾ നൽകിയതിന് തൊട്ടുപിന്നാലെയാണ് വിജയിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു അപ്രതീക്ഷിതവും ഉദാരവുമായ നീക്കം ഉണ്ടായിരിക്കുന്നത്. എന്താണ് വിജയിന്റെ ഈ അസാധാരണമായ രാഷ്ട്രീയ നീക്കത്തിന് പിന്നിലെ രഹസ്യം? ഡി.എം.കെ. ഇളക്കിമാറ്റിയ തമിഴ്നാട്ടിലെ മണ്ണിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും വിജയിന്റെ തോളിലേറി പുതിയൊരു സാമ്രാജ്യം പണിയുകയാണോ?
കാര്യങ്ങളെ വളരെ സൂക്ഷ്മമായി വിലയിരുത്തിയാൽ ഇതൊരു സാധാരണ രാഷ്ട്രീയ നീക്കമല്ലെന്ന് ആർക്കും മനസ്സിലാകും. രാജ്യസഭാംഗമായിരുന്ന സി. വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന ഈ സീറ്റിലേക്ക് ജൂൺ 18-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. തമിഴ്നാട് നിയമസഭയിലെ നിലവിലെ അംഗബലം വെച്ചുനോക്കിയാൽ പ്രതിപക്ഷത്തുള്ള എ.ഡി.എം.കെ യ്ക്കോ, ബി.ജെ.പിക്കോ ഈ സീറ്റിൽ വിജയിക്കാൻ ആവശ്യമായ വോട്ടുകളില്ല. ഭരണകക്ഷിയായ ടി.വി.കെയുടെ നേതൃത്വത്തിലുള്ള മുന്നണിക്കാണ് ഇവിടെ പൂർണ്ണമായ മേധാവിത്വമുള്ളത്. അതുകൊണ്ടുതന്നെ, നൂറിലധികം സീറ്റുകളുള്ള പുതിയ വൻശക്തിയായ വിജയിന്റെ പാർട്ടിക്ക് ഈ സീറ്റ് വളരെ എളുപ്പത്തിൽ സ്വന്തമാക്കാമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക്, പ്രത്യേകിച്ച് പാർലമെന്റിലേക്ക് തങ്ങളുടെ സാന്നിധ്യം ആദ്യമായി അറിയിക്കാൻ ഒരു പുതിയ പ്രാദേശിക പാർട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സുവർണ്ണാവസരമാണിത്. ലോക്സഭയിൽ ഒരൊറ്റ അംഗം പോലുമില്ലാത്ത ടി.വി.കെയ്ക്ക് ദേശീയതലത്തിൽ തങ്ങളുടെ രാഷ്ട്രീയ ചുവടുറപ്പിക്കാൻ ഈ ഒരൊറ്റ രാജ്യസഭാ സീറ്റ് മതിയെന്നിരിക്കെയാണ് വിജയ് അത് കോൺഗ്രസിനായി പൂർണ്ണമനസ്സോടെ വിട്ടുനൽകിയിരിക്കുന്നത്.
ഇവിടെയാണ് വിജയ് എന്ന നവയുഗ രാഷ്ട്രീയക്കാരന്റെ തന്ത്രപരമായ നീക്കം നമ്മൾ ശ്രധിക്കേണ്ടത്. വെറും വികാരത്തിന്റെ പുറത്തല്ല വിജയ് ഈ തീരുമാനമെടുത്തത്. കോൺഗ്രസ് നേതാക്കളായ പി. ചിദംബരം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിജയിയെ സന്ദർശിച്ച് നടത്തിയ ചർച്ചകളും, എ.ഐ.സി.സി. തമിഴ്നാട് ഇൻ-ചാർജ് ഗിരീഷ് ചോദങ്കർ, മുഖ്യമന്ത്രി വിജയനെ നേരിട്ട് കണ്ട് നടത്തിയ അഭ്യർത്ഥനകളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസിന് തങ്ങളുടെ മുഖ്യപ്രതിപക്ഷ സ്ഥാനം ശക്തമായി നിലനിർത്തണമെങ്കിൽ രാജ്യസഭയിലെ ഓരോ സീറ്റും അത്രമേൽ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് ഈ വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ഇത് തമിഴ്നാട്ടിലെ പുതിയ ഭരണസഖ്യത്തിന്റെ ഐക്യം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും എന്നതിൽ തർക്കമില്ല.
ഈ നീക്കത്തിന്റെ മറുപുറം കാണണമെങ്കിൽ നമ്മൾ ‘ഇന്ത്യ’ മുന്നണിയിലെ പുതിയ മാറ്റങ്ങൾ കൂടി പരിശോധിക്കണം. തമിഴ്നാട്ടിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ നെടുംതൂണായിരുന്ന ഡി.എം.കെ. ഇപ്പോൾ ആ സഖ്യത്തിന് പുറത്താണ്. കഴിഞ്ഞ 50 വർഷത്തിലേറെയായി തമിഴ്നാടിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിച്ചിരുന്ന ഡി.എം.കെ-കോൺഗ്രസ് ബന്ധമാണ് ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുന്നത്. രാഹുൽ ഗാന്ധി വിശ്വസിക്കാൻ കൊള്ളാത്തവനാണെന്ന് ഡി.എം.കെ. പരസ്യമായി കുറ്റപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഡി.എം.കെ. പടിയിറങ്ങിയതോടെ തമിഴ്നാട്ടിൽ കോൺഗ്രസ് അനാഥമാകുമെന്ന് കരുതിയ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിജയും കൈകോർത്തത്. ഡി.എം.കെ. പോയതോടെ ഉണ്ടായ വലിയ രാഷ്ട്രീയ വിടവിലേക്ക് വിജയിന്റെ ടി.വി.കെ. കടന്നുവരികയും അവർ കോൺഗ്രസിനെ നെഞ്ചോട് ചേർക്കുകയും ചെയ്തു.
ഇവിടെയാണ് രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയക്കാരന്റെ ഭാവമാറ്റം നമ്മൾ കാണുന്നത്. പഴയതുപോലെ വെറും ആദർശവും തത്ത്വങ്ങളും മാത്രം പറഞ്ഞ് ഇരിക്കുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി തന്റെ ഈ പുതിയ നീക്കത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇതാണ് യഥാർത്ഥ പ്രായോഗിക രാഷ്ട്രീയം അഥവാ ‘പ്രാക്ടിക്കൽ പൊളിറ്റിക്സ്’. വലിയ ആദർശങ്ങൾ മാത്രം മുറുകെപ്പിടിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ഇപ്പോഴും ഡി.എം.കെയുടെ നിഴലിൽ ഒതുങ്ങിക്കൂടേണ്ടി വരുമായിരുന്നു. മുൻകാല ചരിത്രങ്ങൾ പരിശോധിച്ചാൽ നമുക്കൊരു കാര്യം വ്യക്തമാകും. ഡി.എം.കെ. തമിഴ്നാട് ഒറ്റയ്ക്ക് ഭരിച്ചപ്പോഴും, അവർക്ക് കേന്ദ്രത്തിലോ സംസ്ഥാനത്തോ കോൺഗ്രസിന്റെ പിന്തുണ ആവശ്യമായിരുന്നിട്ടും ഒരൊറ്റ മന്ത്രിസ്ഥാനം പോലും തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസിന് നൽകാൻ അവർ തയ്യാറായിരുന്നില്ല. കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം അത് വലിയൊരു അവഗണനയും ദുഃഖവുമായിരുന്നു. എന്നാൽ വിജയ് എന്ന പുതിയ സഖ്യകക്ഷിയിലൂടെ കോൺഗ്രസിന് 59 വർഷങ്ങൾക്ക് ശേഷം തമിഴ്നാട് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിച്ചിരിക്കുകയാണ്. ഡി.എം.കെ. പോയ വലിയ നഷ്ടം വളരെ തന്ത്രപൂർവ്വമായ രാഷ്ട്രീയ കരുനീക്കത്തിലൂടെയാണ് രാഹുൽ ഗാന്ധി വിജയിനെ കൂടെക്കൂട്ടി നികത്തിയത്.
കേൾക്കുമ്പോൾ ഇതൊരു വലിയ വിജയമായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ ഇരുപാർട്ടികൾക്കും വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഇതൊരു ഭയങ്കരമായ ‘ഗാംബ്ലിങ്’ അല്ലെങ്കിൽ വലിയൊരു രാഷ്ട്രീയ ചൂതാട്ടമാണ്. എന്താണ് ഇതിന്റെ പ്രധാന വെല്ലുവിളികൾ എന്ന് നോക്കാം. ലോക്സഭയിൽ ഡി.എം.കെയ്ക്ക് വലിയൊരു അംഗബലമുണ്ട്. ആ കരുത്താണ് ഇപ്പോൾ ‘ഇന്ത്യ’ മുന്നണിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നത്. ഓർക്കണം, വിജയിന്റെ പാർട്ടിക്ക് നിലവിൽ ലോക്സഭയിൽ ഒരൊറ്റ എം.പി പോലുമില്ല. നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ കൊണ്ടുവരുന്ന ‘വൺ നേഷൻ വൺ ഇലക്ഷൻ’ പോലെയുള്ള വലിയ നിയമനിർമ്മാണങ്ങളെയും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷകരമായി ബാധിച്ചേക്കാവുന്ന മണ്ഡല പുനസംഘടന ( പോലെയുള്ള നിർണ്ണായക പ്രമേയങ്ങളെയും പാർലമെന്റിൽ ശക്തമായി തടഞ്ഞുനിർത്താൻ ഡി.എം.കെ. കട്ടയ്ക്ക് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു. ഡി.എം.കെ. മുന്നണി വിട്ടുനിൽക്കുന്നതോടെ വരുംദിവസങ്ങളിൽ പാർലമെന്റിൽ ബി.ജെ.പിയെ പ്രതിരോധിക്കുക എന്നത് കോൺഗ്രസിന് കടുത്ത വെല്ലുവിളിയാകും.
മറുഭാഗത്ത് വിജയ് എന്ന രാഷ്ട്രീയ നേതാവിനും ഇതൊരു വലിയ പരീക്ഷണഘട്ടമാണ്. വിജയ് തന്റെ രാഷ്ട്രീയ ശത്രുവായി ഡി.എം.കെയെയും, തന്റെ പ്രത്യയശാസ്ത്ര ശത്രുവായി ബി.ജെ.പിയെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഫാൻ ക്ലബ്ബിൽ നിന്നും ഒരു വലിയ ജനകീയ പ്രസ്ഥാനമായി വളർന്ന്, ഇപ്പോൾ തമിഴ്നാടിന്റെ ഭരണസിംഹാസനത്തിൽ എത്തിനിൽക്കുന്ന ടി.വി.കെ. രാഷ്ട്രീയമായി പിച്ചവെച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കൃത്യമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം വിജയ് ഇതുവരെ ജനങ്ങൾക്ക് മുന്നിൽ വ്യക്തമായി വെച്ചിട്ടില്ല എന്ന വലിയ ആക്ഷേപം പ്രതിപക്ഷം ഇപ്പോഴും ഉയർത്തുന്നുണ്ട്. മുന്നണി രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അതിന്റെ മര്യാദകളും തമിഴ്നാട്ടിലെ നേതൃത്വവും ഏറ്റെടുക്കേണ്ടത് വിജയ് എന്ന മുഖ്യമന്ത്രിയാണ്. കോൺഗ്രസിനെ അമിതമായി ആശ്രയിക്കുന്നത് വിജയിന്റെ സ്വന്തം പാർട്ടിയുടെ അടിത്തറയെ ബാധിക്കുമോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. തമിഴ്നാട്ടിൽ സ്വന്തമായി വളരാൻ ശേഷിയില്ലാതെ, എപ്പോഴും ഏതെങ്കിലും ഒരു വലിയ പ്രാദേശിക പാർട്ടിയുടെ തോളിലേറി യാത്ര ചെയ്യുന്ന (Piggyback riding) പഴയ തന്ത്രം തന്നെയാണ് കോൺഗ്രസ് ഇവിടെയും വിജയകരമായി പയറ്റുന്നത്.
തമിഴ്നാട്ടിൽ ഇപ്പോൾ പുതിയൊരു രാഷ്ട്രീയ ദ്വന്ദ്വയുദ്ധത്തിന് കളമൊരുങ്ങുകയാണ്. നിലവിൽ പ്രധാന പ്രതിപക്ഷമായിരുന്ന അണ്ണാ ഡി.എം.കെ. ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇ.പി.എസിനോ ഒ.പി.എസിനോ പാർട്ടിയെ ഇനി പഴയതുപോലെ ജനങ്ങളിലേക്ക് എത്തിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഭരണപക്ഷത്ത് എം.കെ. സ്റ്റാലിന്റെ മകനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ശക്തനായി നിൽക്കുമ്പോൾ, പ്രതിപക്ഷ നിരയിൽ ആരായിരിക്കും പ്രധാന മുഖം എന്ന ചോദ്യം ഉയരുന്നുണ്ട്. പല രാഷ്ട്രീയ നിരീക്ഷകരും ചിന്തിക്കുന്നത് ബി.ജെ.പിയുമായി ലേശം അകന്നുനിൽക്കുന്ന അണ്ണാമലൈയുടെ കാലമാണ് വരാൻ പോകുന്നത് എന്നാണ്. അണ്ണാമലൈ സ്വന്തമായി ഒരു പുതിയ പാർട്ടി രൂപീകരിക്കുമോ അതോ ബി.ജെ.പിയുടെ തണലിൽ തന്നെ നിൽക്കുമോ എന്നത് കണ്ടറിയണം. അങ്ങനെയെങ്കിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ഉദയനിധിയും അണ്ണാമലൈയും വിജയും തമ്മിലുള്ള ത്രികോണ മത്സരമായിരിക്കും വരുംകാലങ്ങളിൽ നമ്മൾ കാണാൻ പോകുന്നത്.
ചുരുക്കത്തിൽ, മുഖ്യമന്ത്രി ജോസഫ് വിജയും, രാഹുൽ ഗാന്ധിയും എല്ലാം വളരെ കെയർഫുൾ ആയിട്ടാണ് തമിഴ്നാട് എന്ന രാഷ്ട്രീയ ചെസ്സ് ബോർഡിൽ തങ്ങളുടെ കരുക്കൾ നീക്കുന്നത്. കോൺഗ്രസിന്റെ വലിയൊരു പുനരുജ്ജീവനം തമിഴ്നാട്ടിൽ ഉടനടി സംഭവിക്കില്ലെങ്കിലും, കേന്ദ്രത്തിൽ തങ്ങളുടെ മുഖ്യപ്രതിപക്ഷ സ്ഥാനം നിലനിർത്താൻ വിജയ് നൽകിയ ഈ രാജ്യസഭാ സീറ്റ് കോൺഗ്രസിന് വലിയൊരു രാഷ്ട്രീയ ഓക്സിജൻ തന്നെയാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ പുതിയ വിജയ്-കോൺഗ്രസ് സഖ്യം ഡി.എം.കെയ്ക്കും ബി.ജെ.പിയ്ക്കും എത്രത്തോളം വലിയ ഭീഷണിയാകും എന്ന് നമ്മൾ കാത്തിരുന്ന് തന്നെ കാണേണ്ടിവരും.
