ആമിർ ഖാൻ മൂന്നാം വിവാഹത്തിന്!

ബോളിവുഡ് താരം ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. തന്റെ കാമുകിയും കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒപ്പമുള്ള ഗൗരി സ്പ്രാറ്റിനെ നടൻ ജൂലൈ 5-ന് വിവാഹം ചെയ്യുമെന്ന് ഹട്ടർഫ്‌ളൈ റിപ്പോർട്ട് ചെയ്യുന്നു. ആർഭാടങ്ങളില്ലാത്ത, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും വിവാഹം നടക്കുക. കഴിഞ്ഞ മാർച്ചിൽ തന്റെ 60-ാം ജന്മദിനാഘോഷ വേളയിലാണ് ആമിർ ഖാൻ ഗൗരി സ്പ്രാറ്റിനെ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ഗൗരിയുമായുള്ള ബന്ധത്തെക്കുറിച്ച് ആമിർ അടുത്തിടെ വാചാലനായിരുന്നു.

“ഗൗരിയെ കണ്ടുമുട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. അവൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ ഞാൻ അതീവ സമാധാനം കണ്ടെത്തുന്നു. ഇന്ന് ഞാൻ പൂർണ്ണനായിരിക്കുന്നു,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം കഴിച്ചത്. 2002-ൽ വേർപിരിഞ്ഞ ഈ ബന്ധത്തിൽ ജുനൈദ്, ഇറാ എന്നീ രണ്ട് മക്കളുണ്ട്. തുടർന്ന് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തെങ്കിലും 2021-ൽ ആ ബന്ധവും അവസാനിച്ചു. കഴിഞ്ഞ വർഷം ‘സീതാരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിരുന്നു. ‘ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്’ എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. നിലവിൽ തന്റെ നിർമ്മാണ സംരംഭമായ ‘ഏക് ദിൻ’ എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആമിർ. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മകൻ ജുനൈദ് ഖാനും സായ് പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *