ഞാൻ തൃശൂർ ഇങ്ങെടുക്കുവാ, എനിക്ക് വേണം തൃശൂർ…’ കുറച്ചുകാലം മുൻപ് കേരളത്തിലെ രാഷ്ട്രീയ വേദികളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട ഒരു സിനിമാറ്റിക് ഡയലോഗ് ആയിരുന്നു ഇത്. ഒരു നടന്റെ ആഗ്രഹമെന്നോ വാശിയെന്നോ കരുതിയ ആ ഡയലോഗ് ഒടുവിൽ യാഥാർത്ഥ്യമായി. തൃശൂരിലെ വോട്ടർമാർ വലിയ പ്രതീക്ഷകളോടെ അദ്ദേഹത്തിന് ഒരു പാർലമെന്റ് കസേരയും, കൂടെ കേന്ദ്രമന്ത്രി സ്ഥാനവും വെച്ചുനീട്ടി. എന്നാൽ, ആ കസേരയിൽ ഇരുന്ന് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ഡൽഹിയിൽ നിന്ന് ചില സുപ്രധാന വാർത്തകൾ വരികയാണ്.
സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ ബി.ജെ.പി നേതൃത്വം ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. തൃശൂർ ജനത വലിയ വികസനം പ്രതീക്ഷിച്ച് കേന്ദ്രത്തിലേക്ക് അയച്ച തങ്ങളുടെ ജനപ്രതിനിധിക്ക് ഒടുവിൽ സ്വന്തം കസേര പോലും കാത്തുസൂക്ഷിക്കാൻ പറ്റിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുകയാണ്. എന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് കേന്ദ്ര നേതൃത്വത്തിന് അദ്ദേഹത്തോടുള്ള താല്പര്യം കുറഞ്ഞത്? യഥാർത്ഥത്തിൽ തൃശൂരിൽ എന്താണ് സംഭവിച്ചത്? നമുക്കൊന്ന്
”ഒരു സംസ്ഥാനത്ത് നിന്ന് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ഒരൊറ്റ എം.പിമാത്രമേയുള്ളൂ എങ്കിൽ, ആ എം.പിക്ക് കേന്ദ്രത്തിൽ വലിയ പരിഗണന കിട്ടുമെന്നും അതുവഴി മണ്ഡലത്തിൽ വലിയ വികസനം വരുമെന്നുമാണ് സാധാരണ ജനങ്ങൾ കരുതുക. തൃശൂരുകാരും വിചാരിച്ചു, ഇനി ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് വികസനത്തിന്റെ വലിയ പ്രോജക്ടുകൾ തൃശൂരിലേക്ക് ഒഴുകിയെത്തുമെന്ന്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി തൃശൂരിൽ എന്താണ് സംഭവിച്ചത്? എടുത്തുപറയാൻ തക്കവണ്ണം എന്തെങ്കിലും ഒരു വികസന പദ്ധതി കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചോ? ഇല്ല എന്ന് തന്നെയാണ് വോട്ടർമാരുടെ അഭിപ്രായം.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കലുഷിതമായ ചർച്ചകളിലും സജീവമായി ഇടപെട്ടതല്ലാതെ, സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ എത്രത്തോളം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയുണ്ടായി എന്നത് വലിയ ചോദ്യചിഹ്നമാണ്. ഇതിനെല്ലാം പുറമേയാണ് അദ്ദേഹത്തിന്റെ പാർട്ട് ടൈം രാഷ്ട്രീയ ശൈലി. ജയിച്ചതിന് പിന്നാലെ തന്നെ സിനിമ ചെയ്യണമെന്നും അതിനായി മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. സിനിമ ചെയ്യാനുള്ള ഇടവേളകളിൽ മാത്രം വന്ന് നോക്കാനുള്ള ഒരു പാർട്ട് ടൈം ജോലിയല്ല ജനപ്രതിനിധി സ്ഥാനം എന്ന് ആരെങ്കിലും അദ്ദേഹത്തെ ഓർമ്മിപ്പിക്കേണ്ടതായിരുന്നു.”
”കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. കേരളത്തിന് കാലങ്ങളായി ലഭിക്കേണ്ട എയിംസ് (AIIMS) ആശുപത്രിയെക്കുറിച്ചായിരുന്നു അത്. അവിടെ അദ്ദേഹം പറയുന്നത് വളരെ വിചിത്രമായ കാര്യങ്ങളാണ്. ‘എല്ലാവരും കൂടി എന്നെ എയിംസിന്റെ പേരിൽ തേച്ചു’ എന്നാണ് ഒരു കേന്ദ്രമന്ത്രി പരസ്യമായി മാധ്യമങ്ങളോട് പരിഭവം പറയുന്നത്. പത്രക്കാരും മുഖ്യമന്ത്രിയും എല്ലാവരും കൂടി പുള്ളിയെ അങ്ങോട്ട് പറ്റിച്ചു പോലും!
അത് മാത്രമല്ല, അതിനുശേഷം അദ്ദേഹം പറയുന്ന ഒരു മാസ് ഡയലോഗ് ഉണ്ട്—’ഇനി കേരളത്തിൽ എയിംസ് വന്നാൽ അത് എന്റെ മാത്രം ക്രെഡിറ്റ് ആയിരിക്കും. അതിന് സാധിച്ചില്ലെങ്കിൽ ഞാൻ രാഷ്ട്രീയം വിടും, ഇനി നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചു വരില്ല’ എന്ന്.മോങ്ങാനിരുന്ന പട്ടീടെ തലേൽ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെ ,പുള്ളിക്ക് ഇപ്പോ എന്ദേലുമൊരു കാര്യം മതി ഇൗ സ്ഥാനം ഒന്ന് ഒഴിയാൻ.
ഒരു പൊതുപ്രവർത്തകൻ കാര്യങ്ങളെ സമീപിക്കേണ്ടത് ഇങ്ങനെയാണോ? ജനങ്ങൾക്ക് ഒരു വലിയ ആതുരാലയം വേണം എന്നതിനേക്കാൾ, അതിന്റെ ‘ക്രെഡിറ്റ്’ തനിക്ക് മാത്രം കിട്ടണം എന്ന വാശിയാണ് ഇവിടെ പ്രകടമാകുന്നത്. ഇതൊരുതരം കുട്ടിക്കളിയായി മാറുകയാണ്. രാഷ്ട്രീയം എന്ന് പറഞ്ഞാൽ സിനിമയിലെ റീ ടേക്ക് അല്ലല്ലോ, തോന്നുമ്പോൾ വരാനും തോന്നുമ്പോൾ കളി നിറുത്തി പോകാനും!”
”ഇനി ഇതിലും രസകരമായ മറ്റൊരു കാര്യമുണ്ട്. രാജ്യത്ത് സാധാരണക്കാരായ മനുഷ്യർ ഇന്ധനവിലയും പാചകവാതക വിലയും കാരണം ജീവിക്കാൻ വഴിയില്ലാതെ പൊറുതിമുട്ടുമ്പോൾ അതിനെ അദ്ദേഹം ന്യായീകരിക്കുന്നത് നോക്കൂ. ഒരു കുടുംബത്തിൽ നാല് പേരുണ്ടെങ്കിൽ ഒരാൾക്ക് ഒരു ദിവസം വരുന്ന ഗ്യാസിന്റെ ചിലവ് എത്രയാണെന്ന് പത്രക്കാർ കണക്കുകൂട്ടണം എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. പുള്ളിയുടെ കണക്ക് പ്രകാരം അത് വെറും 10 ഓ 12 ഓ രൂപയേ വരുന്നുള്ളൂ!
മാസം തോറും ആയിരവും ആയിരത്തി ഇരുന്നൂറും രൂപ ഒരുമിച്ച് കൊടുത്ത് സിലിണ്ടർ വാങ്ങാൻ പാടുപെടുന്ന സാധാരണക്കാരന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെയാണ്, ഇത്രയും ലളിതമായി ദിവസക്കണക്ക് പറഞ്ഞ് അദ്ദേഹം നിസ്സാരവൽക്കരിക്കുന്നത്. കയ്യിൽ പണമുള്ളവർക്ക് ഈ പത്തോ പന്ത്രണ്ടോ രൂപ വളരെ ചെറുതായിരിക്കാം. പക്ഷേ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിൽ ഈ വിലക്കയറ്റം ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണെന്ന് ചിന്തിക്കാനുള്ള മനസ്സ് ഒരു കേന്ദ്രമന്ത്രിക്ക് ഉണ്ടാകണമായിരുന്നു. അതിന് പകരം ജനങ്ങളെ ഇത്തരത്തിൽ പരിഹസിക്കുന്നത് ശരിയായ നടപടിയല്ല.”
”സുരേഷ് ഗോപിയുടെ രാഷ്ട്രീയ ശൈലിയിൽ എപ്പോഴും ഒരു സിനിമാറ്റിക് അഹങ്കാരം കലർന്നിട്ടുണ്ടോ എന്ന് പലർക്കും തോന്നാറുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം നമ്മൾ പലതവണ കണ്ടതാണ്. ചോദ്യം ചോദിച്ച ഒരു വനിതാ മാധ്യമപ്രവർത്തകയോട് അനുവാദമില്ലാതെ പെരുമാറിയ സംഭവം വലിയ വിവാദമായിരുന്നു. ജനാധിപത്യത്തിൽ ചോദ്യങ്ങളെ ഭയപ്പെടുന്നവർക്ക് എങ്ങനെയാണ് ജനപ്രതിനിധിയാകാൻ കഴിയുക?
പാവങ്ങളെ സഹായിക്കുന്ന വലിയൊരു ജീവകാരുണ്യപ്രവർത്തകനാണ് താനെന്ന് അവകാശപ്പെടുമ്പോഴും, അദ്ദേഹത്തിന്റെ ചില പ്രവൃത്തികളിൽ പ്രകടമായ വിവേചനമുണ്ട്. കാറിന്റെ ഗ്ലാസ് പകുതി മാത്രം താഴ്ത്തി വഴിയിൽ നിൽക്കുന്ന പാവപ്പെട്ട മനുഷ്യർക്ക് പണം എറിഞ്ഞു കൊടുക്കുന്ന അദ്ദേഹത്തിന്റെ രീതി നമ്മൾ കണ്ടതാണ്. എന്തൊരു വിവേചനമാണത്! പാവപ്പെട്ടവനാണെങ്കിലും അവനും ഈ നാട്ടിലെ പൗരനാണ്, അവനും ഒരു ആത്മാഭിമാനമുണ്ട്. അതിനെ ചോദ്യം ചെയ്യുന്ന, അവരെ ഒരു യാചകനെപ്പോലെ കാണുന്ന ഇത്തരം ജന്മിത്ത മനോഭാവങ്ങൾ ആധുനിക സമൂഹത്തിന് ചേർന്നതല്ല.”
”ഇതിനെല്ലാം പുറമേയാണ് പ്രസംഗവേദികളിൽ വന്ന് മനുഷ്യരെ വിശ്വാസത്തിന്റെ പേരിൽ തരംതിരിക്കുന്നത്. ‘അവിശ്വാസികളുടെ സർവ്വനാശത്തിന് വേണ്ടി പ്രാർത്ഥിക്കും’ എന്ന് പരസ്യമായി പറഞ്ഞത് ഈ നാട്ടിലെ ഒരു ജനപ്രതിനിധിയാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു വ്യക്തി എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി കാണാൻ ബാധ്യസ്ഥനാണ്. അവിടെയാണ് ഇത്തരം വിദ്വേഷം നിറഞ്ഞ വാക്കുകൾ അദ്ദേഹം യാതൊരു മടിയുമില്ലാതെ ഉപയോഗിക്കുന്നത്. വോട്ട് ചോദിക്കാൻ വരുമ്പോൾ ജാതിയോ മതമോ വിശ്വാസമോ നോക്കാതെ എല്ലാവരുടെയും കാലുപിടിക്കുക, ജയിച്ചു കഴിഞ്ഞാൽ മനുഷ്യരെ തരംതിരിച്ച് സംസാരിക്കുക എന്ന രീതി ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.”
”അതുകൊണ്ട് തന്നെ, കേന്ദ്രമന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുന്നുണ്ടെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. ഭരണപരമായ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ ചെലുത്തുന്നതിന് പകരം, വെറും ഡയലോഗ് അടികളിലും അനാവശ്യ വിവാദങ്ങളിലും മാത്രം ഒതുങ്ങിപ്പോകുന്ന ഒരാളെ കേന്ദ്രത്തിന് എത്ര നാൾ ചുമക്കാൻ കഴിയും? തൃശൂരിലെ ജനങ്ങൾ വോട്ട് നൽകി ജയിപ്പിച്ചത് വലിയ വികസനം പ്രതീക്ഷിട്ടാണ്, അല്ലാതെ ‘എന്നെ തേച്ചേ’ എന്നുള്ള പരിഭവങ്ങളും വിചിത്രമായ ന്യായീകരണങ്ങളും കേൾക്കാനല്ല.
എന്തായാലും മന്ത്രിസ്ഥാനം പോയാൽ അദ്ദേഹത്തിന് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാം. തൃശൂരുകാർക്ക് എന്തായാലും ഇതിലൂടെ വലിയ നഷ്ടമൊന്നും ഉണ്ടാകാൻ വഴിയില്ല, കാരണം അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും അവർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ലല്ലോ!
