വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സുകുമാരൻ നായർ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിൽ എൻ.എസ്.എസിന്റെ ബജറ്റ് സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ ‘അഹങ്കാരി’യെന്ന് വിശേഷിപ്പിച്ചത്. സാമുദായിക നേതാക്കളുടെ ‘തിണ്ണ നിരങ്ങാൻ’ താനില്ലെന്ന സതീശന്റെ മുൻകാല പരാമർശങ്ങളെ സുകുമാരൻ നായർ ഓർമ്മിപ്പിച്ചു. പണ്ട് പലതവണ എൻ.എസ്.എസ് ആസ്ഥാനത്തെത്തി സന്ദർശനം നടത്താനായി കാത്തുനിന്ന വ്യക്തിയാണ് ഇപ്പോൾ നിലപാട് മാറ്റി അഹങ്കാരത്തോടെ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെയും വി.ഡി. സതീശനെതിരെ സുകുമാരൻ നായർ സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

അതേസമയം, ഗണേഷ് കുമാറുമായുള്ള വിവാദങ്ങളിലും സുകുമാരൻ നായർ നിലപാട് വ്യക്തമാക്കി. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് പുനർനിയമനം നൽകാതിരുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. എൻ.എസ്.എസിൽ ജനാധിപത്യമുണ്ടെന്നും അർഹതയുള്ള ധാരാളം ആളുകൾ ഉള്ളതുകൊണ്ട് പദവികൾ മാറി മാറി നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയനിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയായി, എന്തെങ്കിലും ക്രമക്കേട് നടന്നതായി തോന്നുന്നുണ്ടെങ്കിൽ കോടതിയിൽ കേസ് കൊടുക്കാനാണ് സുകുമാരൻ നായർ ആവശ്യപ്പെട്ടത്. നിലവിലെ കമ്മിറ്റിക്ക് കോറം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.എസ്.എസിന് വേണ്ടി ജീവിക്കുന്ന ജനറൽ സെക്രട്ടറിയെ ആർക്കും എളുപ്പത്തിൽ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *