എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്;

 കെ.ബി. ഗണേഷ് കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി. കാലാവധി അവസാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഗണേഷ് കുമാറിന് മാത്രം നേതൃത്വം അംഗത്വം പുതുക്കി നൽകിയില്ല. നേരത്തെ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംഘടനയുടെ ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പൂർണ്ണമായി പുറത്താകുന്നത്.

എൻ.എസ്.എസ് ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധിയാണ് അടുത്തിടെ അവസാനിച്ചത്. ഇതിൽ എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ഒഴിവാക്കുകയായിരുന്നു. ഗണേഷിന് പകരം ബി.ആർ.കെ ബാബുവിനെ പുതിയ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. പത്തനാപുരത്തെ എൻ.എസ്.എസ് പത്മ കഫെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടും ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പത്തനാപുരം താലൂക്ക് യൂണിയനിലെ പകുതിയിലധികം അംഗങ്ങൾ ഒന്നിച്ച് രാജിവെച്ചിരുന്നു. ഇതോടെ താലൂക്ക് യൂണിയൻ പൂർണ്ണമായി പിരിച്ചുവിടുകയായിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കഴിഞ്ഞ കുറച്ചുകാലമായി ഗണേഷ് കുമാർ കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *