ജേസൺ സഞ്ജയ് ചിത്രം ഓഗസ്റ്റിലേക്ക് മാറ്റി

മിഴ് ചലച്ചിത്ര ലോകം ഏറെ കൗതുകത്തോടെ കാത്തിരുന്ന അത്യപൂർവ്വമായ ഒരു ബോക്സ് ഓഫീസ് മത്സരത്തിനുള്ള സാധ്യത ഒടുവിൽ ഒഴിവായി. ദളപതി വിജയ്‌യുടെ ബിഗ് ബജറ്റ് രാഷ്ട്രീയ ചിത്രം ‘ജന നായകനും’, അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രവും തമ്മിൽ തിയേറ്ററുകളിൽ സംഭവിക്കുമായിരുന്ന നേർക്കുനേർ പോരാട്ടമാണ് ഇപ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. മാസങ്ങളായി റിലീസ് പ്രതിസന്ധിയിലായിരുന്ന വിജയ് ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, മകന്റെ ചിത്രത്തിന്റെ റിലീസ് നിർമ്മാതാക്കൾ ഓഗസ്റ്റ് മാസത്തിലേക്ക് നീട്ടി വെച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.

സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം കഴിഞ്ഞ ജനുവരിയിലെ പൊങ്കൽ റിലീസ് മുടങ്ങി ആറുമാസത്തോളമായി റിലീസ് മുടങ്ങിയ ‘ജന നായകൻ’ ഈ മാസം 24-ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് തൊട്ടുമുൻപ് അഭിനയിച്ച അവസാന സിനിമ കൂടിയാണ്. മുൻപ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം, നിലവിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന വേളയിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.മറുഭാഗത്ത്, ജേസൺ സഞ്ജയ് ആദ്യമായി മെഗാഫോൺ ഏന്തുന്ന ‘സിഗ്മ’ എന്ന സിനിമയുടെ റിലീസ് മുൻപ് നിശ്ചയിച്ചിരുന്നത് ജൂലൈ 31-നായിരുന്നു. എന്നാൽ ഒരേ സമയം രണ്ട് ചിത്രങ്ങൾ തമ്മിൽ മത്സരിക്കുന്നത് ഒഴിവാക്കാൻ ജി.കെ.എം. തമിഴ് കുമരൻ നിർമ്മിക്കുന്ന ‘സിഗ്മ’ ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിഗ്മയുടെ ഭൂരിഭാഗം ചിത്രീകരണവും തമിഴ്‌നാട്ടിലും തായ്‌ലൻഡിലുമായാണ് പൂർത്തിയായത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *