‘ടോക്‌സിക്കി’ലെ ‘മധുമോഹിനി’ ഗാനം പുറത്ത്!

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘മധുമോഹിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിൽ നടൻ യഷും താര സുതാരിയയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ സമ്മാനിക്കുന്ന ഗാനം റിലീസായതോടെ പ്രേക്ഷകർക്കിടയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

ഗീതു മോഹൻദാസും യഷും ചേർന്ന് തിരക്കഥയൊരുക്കിയ ‘ടോക്സിക്’ ഒരു വമ്പൻ ബജറ്റ് ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് മുൻപ് പുറത്തുവന്ന ടീസർ നൽകിയത്. പക്കാ ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വലുകളും മാസ് ആക്ഷനും നിറഞ്ഞ ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. അഞ്ച് പ്രമുഖ നായികമാർ അണിനിരക്കുന്ന ചിത്രത്തിലെ എല്ലാവരുടെയും ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ തന്നെ തരംഗമായിരുന്നു.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് യഷിന്റെ 19-ാമത് ചിത്രമായ ‘ടോക്സിക്’ നിർമ്മിക്കുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് മുൻപ് യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നെങ്കിലും, റിലീസ് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് നിർമ്മാതാക്കൾ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *