കൊച്ചി ക്യൂൻസ് വാക്ക് വേയിൽ അർദ്ധരാത്രിയിൽ കറുത്ത വസ്ത്രധാരണത്തിൽ മെഴുകുതിരി പ്രതിഷേധം!

ൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടയിൽ, കേരളത്തിലും ശക്തമായ പ്രതികരണങ്ങളുമായി യുവാക്കൾ രംഗത്തെത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച അർദ്ധരാത്രി കൊച്ചി ക്യൂൻസ് വാക്ക് വേയിൽ തികച്ചും വ്യത്യസ്‌തമായ രീതിയിൽ ഒരു കാൻഡിൽ ലൈറ്റ് പ്രതിഷേധം അരങ്ങേറി. രാഷ്ട്രീയ പാർട്ടികളുടെയോ ഔദ്യോഗിക സംഘടനകളുടെയോ യാതൊരുവിധ പിന്തുണയോ സാന്നിധ്യമോ ഇല്ലാതെയുള്ള ഈ ജനകീയ കൂട്ടായ്മ ഇപ്പോൾ വലിയ രീതിയിലുള്ള ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയുണ്ടായ ആഹ്വാനത്തെ തുടർന്നാണ് ഈ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ‘ആസാദി’ എന്ന ഗ്രൂപ്പിലൂടെ പരസ്പരം ഇതുവരെ കണ്ടിട്ടില്ലാത്തവർ പോലും ഈ കൂട്ടായ്മയിലേക്ക് എത്തിച്ചേരുകയായിരുന്നു. ആഹ്വാനം വാട്സാപ്പ് സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം സ്റ്റോറിയുമാക്കിയതോടെയാണ് വിവരം അതിവേഗം വൈറലായി മാറിയത്. ചൊവ്വാഴ്ച രാത്രി കൃത്യം 12 മണിക്ക് ആരംഭിച്ച പ്രതിഷേധത്തിൽ നൂറോളം പേരാണ് കറുത്ത വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ മെഴുകുതിരികളും പ്ലക്കാർഡുകളുമായും ഒത്തുകൂടിയത്. സമാധാനപരമായി നടത്തിയ ഈ അർദ്ധരാത്രിയിലെ പ്രതിഷേധം ഒരുമണിയോടെയാണ് അവസാനിപ്പിച്ചത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങളോ നീണ്ട പ്രസംഗങ്ങളോ പാടില്ലെന്ന് കൂട്ടായ്മ മുൻകൂട്ടി കർശനമായ തീരുമാനമെടുത്തിരുന്നു.പ്രധാനമായും വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്നാണ് ഉദ്ദേശിച്ചതെങ്കിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വിദ്യാർത്ഥികൾ അല്ലാത്തവരും ഈ കൂട്ടായ്മയിൽ പങ്കാളികളാകാൻ എത്തിയിരുന്നു. ഡൽഹിയിലെ പോലീസ് അതിക്രമം നേരിട്ടു കണ്ടവർ ഉൾപ്പെടെയുള്ളവർ ക്യൂൻസ് വാക്ക് വേയിൽ വെച്ച് തങ്ങളുടെ അനുഭവങ്ങളും പ്രതിഷേധവും പങ്കുവെച്ച് സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെ പടർന്ന ഈ സമരം വരും ദിവസങ്ങളിൽ മറ്റ് ഇടങ്ങളിലേക്കും വ്യാപിക്കുമെന്ന സൂചനയാണ് നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *