പിഎസ്‌സി പരീക്ഷാ ക്രമക്കേട്! അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി;

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം പ്രാഥമിക പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ഉദ്യോഗസ്ഥരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് ഉന്നതരെ ഉടൻ ചോദ്യം ചെയ്യാനും എസ്ഐടി തയ്യാറെടുക്കുകയാണ്.

തീവ്രമായ അന്വേഷണത്തിനായി അന്വേഷണ സംഘം വിപുലീകരിക്കാനും ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90-ലേറെ പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിനിടെ, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടിൽ കഴിഞ്ഞ ദിവസം പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണ്ണയം നടത്തിയില്ലെന്നും, ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തി നിയമവിരുദ്ധമായി അനധികൃത നിയമനം നടത്തിയെന്നുമാണ് എഫ്ഐആറിലെ കണ്ടെത്തൽ. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുർവിനിയോഗം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ എസ്ഐടി കോടതിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *