മെക്സിക്കോയിൽ ടിക്ക്ടോക് ലൈവ് സ്ട്രീമിംഗിനിടയിൽ 25 കാരനായ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീസർ ഗാസ്റ്റെലം വെടിയേറ്റ് മരിച്ചു. സിനാർലോവയിലെ കുലിയാകാനിൽ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് പുറത്തിരുന്ന് സുഹൃത്തുക്കളുമൊത്ത് കോമഡി സ്റ്റണ്ടോ ചലഞ്ചോ ലൈവ് ചെയ്യുന്നതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് അക്രമികൾ തൊട്ടടുത്ത് വന്ന് അദ്ദേഹത്തിന്റെ തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു.
ഏകദേശം അഞ്ചര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള സീസർ ഗാസ്റ്റെലം, ഡെലിവറി ബോയിയുടെ വേഷം ധരിച്ച് ഒരു ഓർഡർ ഡെലിവറി ചെയ്യുന്നതായി അഭിനയിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. വേഷം കാരണം ആദ്യം ഡെലിവറി ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇൻഫ്ലുവൻസറാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിനു പിന്നാലെ ടിക്ക്ടോക് ഈ വീഡിയോ നീക്കം ചെയ്തെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ മറ്റ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.മെക്സിക്കോയിൽ ലൈവ് സ്ട്രീമിംഗിനിടയിൽ ഇൻഫ്ലുവൻസർമാർ കൊല്ലപ്പെടുന്നത് ഇതാദ്യത്തെ സംഭവമല്ല. 2025-ൽ വലേരിയ മാർക്വെസ്, 2024-ൽ ജുവാൻ കാർലോസ് ലോപസ്, ലിയോബാർഡോ ഐസ്പുറോ തുടങ്ങിയ നിരവധി ഇൻഫ്ലുവൻസർമാർ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്. സിനാർലോവയിലെ കാർട്ടെൽ സംഘങ്ങളുടെ പരസ്യമായ ഏറ്റുമുട്ടലുകളും കുറ്റകൃത്യങ്ങളുമാണ് ഇത്തരം തുടർച്ചയായ കൊലപാതകങ്ങൾക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.
