അല്ലു അർജുൻ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് താരത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ‘ഹാപ്പി’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമുള്ള ഈ രണ്ടാം വരവിലും തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സിനിമയുടെ റീ-റിലീസിനോടനുബന്ധിച്ച് തിയേറ്ററുകൾക്കുള്ളിൽ ആരാധകർ നടത്തുന്ന അണ്ണാറക്കണ്ണൻ പാട്ടിനൊപ്പമുള്ള നൃത്തച്ചുവടുകളും ആരവങ്ങളും നിറഞ്ഞ ആഘോഷ ദ്യശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒട്ടാകെ തരംഗമായി മാറിക്കഴിഞ്ഞു.
അന്യഭാഷാ താരങ്ങളിൽ കേരളത്തിൽ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അർജുൻ. മലയാളികൾ നെഞ്ചിലേറ്റിയതു കൊണ്ടുതന്നെ ‘മല്ലു അർജുൻ’ എന്ന പേരും താരത്തിന് സ്വന്തമാണ്. അല്ലുവിന്റെ ആദ്യകാല സിനിമകൾക്ക് കേരളത്തിൽ ലഭിച്ച വൻ സ്വീകാര്യതയുടെ മികച്ച ഉദാഹരണമായിരുന്നു ‘ഹാപ്പി’. 2006-ൽ ആദ്യമായി റിലീസ് ചെയ്ത സമയത്ത് 150 ദിവസത്തിലധികം ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചിരുന്നു.
ഇത്തവണ എറണാകുളം സവിത തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിച്ചത്. ആദ്യ ഷോ മുതൽ തന്നെ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തും ഡയലോഗുകൾ ഏറ്റുപറഞ്ഞും ആരാധകർ തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കി മാറ്റി. രണ്ടാം വരവിലും ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് വലിയ കളക്ഷൻ നേടുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ. എ. കരുണാകരൻ സംവിധാനം ചെയ്ത ഈ റൊമാന്റിക്-കോമഡി ചിത്രത്തിൽ ജെനീലിയ ഡിസൂസയായിരുന്നു നായിക. പ്രമുഖ താരം മനോജ് ബാജ്‌പേയിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
