ആര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ലെ പുതിയ പോസ്റ്റർ പുറത്ത്

ടിയാൻ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മലയാള ചിത്രം ‘അനന്തൻ കാടി’ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘കൃഷ്ണൻകുട്ടി’ എന്ന കരുത്തുറ്റ കഥാപാത്രമായി എത്തുന്ന മികച്ച നടൻ ഇന്ദ്രൻസിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശക്തരായ കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ആര്യ നായകനാകുന്ന ഈ ചിത്രം ജൂൺ 25-നാണ് തിയേറ്ററുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

തിരുവനന്തപുരത്തിന്റെ ഒരുകാലത്തെ ചരിത്രം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ തമിഴ് സംസാരിക്കുന്ന ഒരു വേറിട്ട കഥാപാത്രമായിട്ടാണ് തെന്നിന്ത്യൻ താരം ആര്യ എത്തുന്നത്. വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; പ്രശസ്ത ചിത്രം ‘കാന്താര’യുടെ സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രമാണിത്.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർക്കൊപ്പം ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മികച്ച മേക്കിംഗ് ശൈലിയും ദൃശ്യവിരുന്നും സമ്മാനിക്കുന്ന ‘അനന്തൻ കാട്’ തിയേറ്ററുകളിൽ മികച്ചൊരു കാഴ്ചാനുഭവം തന്നെയായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *