കശ്മീരിൽ ശരിക്കും സംഭവിച്ചത് എന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിൽ ഭീകരതയുടെയും രക്തസാക്ഷികളുടെയും നാമധേയത്തിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരു താഴ്‌വരയുണ്ടായിരുന്നു. ഇന്ത്യയുടെ സ്വർഗ്ഗം എന്ന് ലോകം വാഴ്ത്തുമ്പോഴും, സ്വന്തം മണ്ണിൽ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ വേദനയുടെ പേരായിരുന്നു.

ആർട്ടിക്കിൾ 370 എന്ന മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിപ്പോയ കശ്മീർ… അവിടെ സ്വന്തം രാജ്യത്തിന്റെ നിയമം പോലും പൂർണ്ണമായി നടപ്പായിരുന്നില്ല. ഇന്ത്യയിലെ പൗരന്മാർക്ക് അവിടെ ഭൂമി വാങ്ങാനോ, അവിടെ നിക്ഷേപം നടത്താനോ അവകാശമില്ലായിരുന്നു! ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും, രണ്ട് പതാകയുമായി നമ്മൾ ഒരു വിഭജനം പേറി നടന്ന കാലം. അത് നമ്മുടെ രാജ്യത്തിന്റെ മാറിൽ ആഴത്തിൽ തറഞ്ഞ ഒരുമുള്ളായിരുന്നു
പക്ഷേ, ആ വലിയ മാറ്റം സംഭവിച്ചു! 2019 ഓഗസ്റ്റ് 5… ചരിത്രം വഴിമാറി ഒഴുകിയ ആ ദിവസം! ‘ആർട്ടിക്കിൾ 370’ എന്ന അനാവശ്യ മതിൽക്കെട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് തകർത്തെറിഞ്ഞപ്പോൾ, അവിടെ പിറന്നത് പുതിയൊരു സൂര്യോദയമായിരുന്നു. 
ഇന്ന് ആ താഴ്‌വരകളിൽ മുഴങ്ങുന്നത് വെടിയൊച്ചകളല്ല, വികസനത്തിന്റെ കാഹളമാണ്! വർഷങ്ങൾ നീണ്ട അഴിമതിയും വിഘടനവാദവും തുടച്ചുനീക്കപ്പെട്ടു. ഇന്ന് കശ്മീരിൽ 890 കേന്ദ്ര നിയമങ്ങൾ പൂർണ്ണമായി ബാധകമാണ്. അനാവശ്യമായ 205 സംസ്ഥാന നിയമങ്ങൾ ചവറ്റുകുട്ടയിലായി. ഭീകരവാദികളുടെ കല്ലേറുകൾക്ക് പകരം അവിടെ ഇന്ന് ഉയരുന്നത് ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിന്റെ ഗർജ്ജനമാണ്!” 
നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, ഇതൊക്കെ വെറും പേപ്പറിലെ കണക്കുകളാണോ എന്ന്? അല്ല! പുൽവാമയിലെ ഒരു ഗ്രാമം ഒരുകാലത്ത് ഭീകരാക്രമണത്തിന്റെ പേരിൽ മാത്രം വാർത്തകളിൽ നിറഞ്ഞ ഇടമായിരുന്നു. എന്നാൽ ഇന്ന്, അതേ ഗ്രാമം ഇന്ത്യയുടെ 90 ശതമാനം പെൻസിലുകളും നിർമ്മിച്ച് ‘പെൻസിൽ വാലാ ഗാവ്’ ആയി മാറി, വർഷം നൂറുകോടിയിലേറെ വരുമാനമാണ് അവർ ഉണ്ടാക്കുന്നത്! 
കശ്മീരി യുവാക്കൾ ഇന്ന് തോക്കെടുക്കുന്നില്ല… അവർ അഗ്നിവീരന്മാരായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയാണ്. ഒരു കാലത്ത് ഭീകരതയുടെ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ബാരാമുള്ളയും, അനന്തനാഗും, ശ്രീനഗറും ഇന്ന് ദേശസ്നേഹത്തിന്റെ മന്ത്രങ്ങൾ മുഴങ്ങുന്ന ഇടങ്ങളാണ്!” 
ഈ മാറ്റത്തിന്റെ പിന്നിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത്? എങ്ങനെയാണ് പാകിസ്ഥാന്റെ പിന്തുണയുള്ള വിഘടനവാദികളുടെ നട്ടെല്ലൊടിഞ്ഞത്? കശ്മീരിലെ സാധാരണ മനുഷ്യന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത്? കേവലം രാഷ്ട്രീയത്തിന് അപ്പുറം, ഒരു നാട് എങ്ങനെ പുനർജനിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളും തെളിവുകളും നമുക്ക് പരിശോധിക്കാം

ഒരു രാജ്യത്ത് രണ്ട് ഭരണഘടന, രണ്ട് പതാക, രണ്ട് പ്രധാനമന്ത്രിമാർ — സ്വതന്ത്ര ഇന്ത്യയുടെ മാറിൽ ആഴത്തിൽ തറഞ്ഞുനിന്ന ഒരുമുള്ളായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370. അവ പിഴുതെറിയപ്പെട്ടിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയാകുകയാണ്. “ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക” എന്ന ഡോ. ശ്യാമാപ്രസാദ് മുഖർജിയുടെ ചോരയിൽ എഴുതിയ ആ സ്വപ്നസാക്ഷാത്കാരമാണ് 2019 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദൃഢനിശ്ചയത്തിലൂടെ യാഥാർത്ഥ്യമായത്. പണ്ടൊക്കെ ഇന്ത്യയിലെ ഏത് നിയമവും പദ്ധതിയും പാസാക്കുമ്പോൾ അതിനൊപ്പം എടുത്തുപറഞ്ഞിരുന്ന ” ആ വാക്കുകൾ — “എക്സെപ്റ്റ് ജമ്മു ആൻഡ് കശ്മീർ” — ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്. തങ്ങളുടെ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കും സ്വാർത്ഥ വോട്ട് ബാങ്കിനും വേണ്ടി കശ്മീരിനെ ഭാരതത്തിന്റെ പ്രധാന ധാരയിൽ നിന്ന് അകറ്റിനിർത്തിയവർ നിർമ്മിച്ച ഭരണഘടനാപരമായ മതിൽക്കെട്ടുകൾ തകർന്ന് വീണപ്പോൾ, ജനിച്ചത് പുതിയൊരു പ്രതീക്ഷയുടെ സൂര്യനാണ്.
ആർട്ടിക്കിൾ 370-ന്റെയും 35A-യുടെയും തണലിൽ വളർന്ന അഴിമതിയും വിഘടനവാദവും ഭീകരവാദവും കശ്മീരിനെ ദശാബ്ദങ്ങളോളം പിന്നോട്ടടിപ്പിച്ചപ്പോൾ, ഇവിടുത്തെ നിഷ്കളങ്കരായ ജനങ്ങൾ അനുഭവിച്ചത് വിവരണാതീതമായ ദുരിതങ്ങളായിരുന്നു. സ്വന്തം രാജ്യത്തെ മറ്റ് പൗരന്മാർക്ക് അവിടെ ഭൂമി വാങ്ങാനോ നിക്ഷേപം നടത്താനോ അവകാശമില്ലായിരുന്നുവെന്ന് മാത്രമല്ല, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 360-ാം വകുപ്പോ കേന്ദ്ര വിവരവകാശ നിയമമോ പോലും അവിടെ ബാധകമായിരുന്നില്ല. നിയമസഭയുടെ കാലാവധി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ 5 വർഷമല്ല, മറിച്ച് 6 വർഷമായിരുന്നു എന്ന വിചിത്ര നിയമവും നിലനിന്നിരുന്നു. അതിലുപരി, തദ്ദേശീയരായ സ്ത്രീകൾ പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ സ്വന്തം സ്വത്തവകാശം പോലും നഷ്ടപ്പെടുന്ന നീതിരഹിതമായ വ്യവസ്ഥകളാണ് അന്ന് ഉണ്ടായിരുന്നത്. വാൽമീകി, ദളിത്, ഗോർഖ വിഭാഗങ്ങളും 1947-ൽ പശ്ചിമ പാകിസ്ഥാനിൽ നിന്നെത്തിയ നിർഭാഗ്യവാന്മാരായ അഭയാർത്ഥികളും സ്വന്തം മണ്ണിൽ വോട്ടവകാശം പോലുമില്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടി വന്ന ദുരവസ്ഥയ്ക്കാണ് 2019-ലെ ഈ ചരിത്രപരമായ തീരുമാനത്തിലൂടെ അന്ത്യം കുറിച്ചത്.ഇന്ന് കശ്മീരിന്റെ താഴ്‌വരകളിൽ മുഴങ്ങുന്നത് വെടിയൊച്ചകളും ഭീകരരുടെ കല്ലേറുമല്ല, മറിച്ച് വികസനത്തിന്റെ പുതിയ കാഹളമാണ്. റദ്ദാക്കലിന് ശേഷം 890 കേന്ദ്രനിയമങ്ങൾ പ്രദേശത്ത് പൂർണ്ണമായി ബാധകമാക്കുകയും, 205 അനാവശ്യ സംസ്ഥാന നിയമങ്ങൾ റദ്ദാക്കുകയും, 130 നിയമങ്ങളിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി ഭേദഗതി വരുത്തുകയും ചെയ്തു. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതോടെ വികസനത്തിന്റെ വേഗത പതിന്മടങ്ങായി. ചനാമി-നാഷ്രി, 8.45 കി.മീ നീളമുള്ള ബനിഹാൾ, സോജില, സീ-മോർഹ് തുടങ്ങിയ ഭീമൻ ടണലുകളും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലവും പൂർത്തിയായി കശ്മീരിനെ ഇന്ത്യയുടെ റെയിൽ-റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. ഡൽഹി-കശ്മീർ കണക്റ്റിവിറ്റിയും വന്ദേ ഭാരത് സർവീസുകളും അമർനാഥ്/വൈഷ്ണോദേവി തീർഥാടകരുടെയും യാത്രാസൗകര്യം വർദ്ധിപ്പിച്ചു.

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ലക്ഷ്യമിട്ട 19,038 കിലോമീറ്ററിൽ 18,000 കിലോമീറ്ററിലധികം റോഡുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. വിനോദസഞ്ചാര മേഖലയിലെ റെക്കോർഡ് വളർച്ചയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്; 2022-ൽ 1.88 കോടിയും, 2024-ൽ 2.36 കോടിയും, 2025-ൽ 1.78 കോടിയും സന്ദർശകരെത്തി കശ്മീർ ഭൂമിയിലെ സ്വർഗ്ഗമായി തിരിച്ചുവന്നു എന്ന് ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരുടെ ഹർത്താലുകൾ മൂലം ഹോട്ടലുകൾ പൂട്ടി തൊഴിലില്ലാതെ വലഞ്ഞിരുന്ന പാവപ്പെട്ട ഷിക്കാര തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും ടാക്സി ഡ്രൈവർമാരും കൈത്തറി വ്യാപാരികളും ഇന്ന് സ്വന്തം അധ്വാനം കൊണ്ട് അന്തസ്സോടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. വിദേശ സഞ്ചാരികൾക്കായി ഹിമാലയത്തിലെ 137 പർവ്വതശിഖരങ്ങൾ തുറന്നുകൊടുത്തതിൽ 15 എണ്ണം ഈ മേഖലയിലാണ്. കൂടാതെ ലഡാക്കിൽ 5 പുതിയ ടൂറിസ്റ്റ് റൂട്ടുകളും 14 പുതിയ ട്രെക്കിംഗ് റൂട്ടുകളും തുറന്ന് വിനോദസഞ്ചാരത്തിന് വൻ ഉണർവ് നൽകി.

ഒരുകാലത്ത് ഭീകരാക്രമണത്തിന്റെ പേരിൽ മാത്രം ക്രൂരമായി വാർത്തകളിൽ നിറഞ്ഞ പുൽവാമയിലെ ഒരു ഗ്രാമം ഇന്ന് ഇന്ത്യയിലെ പെൻസിൽ നിർമ്മാണത്തിന്റെ 90% കൈയാളുന്ന “പെൻസിൽ വാലാ ഗാവ്” ആയി മാറിയിരിക്കുകയാണ്. ഇന്ന് വർഷത്തിൽ ₹107 കോടിയിലധികം വരുമാനം നേടി, രാജ്യത്തെ കുട്ടികൾക്ക് മുഴുവൻ പൂർണ്ണമായി നിർമ്മിച്ച ഫിനിഷ്ഡ് പെൻസിലുകൾ എത്തിക്കുന്ന ഗ്രാമമായി അത് മാറി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായമാണിത്. ആത്മനിർഭര ഭാരതത്തിന്റെ കെട്ടിപ്പടുക്കലിൽ ജമ്മു കശ്മീരിനെയും ലാഡാക്കിനെയും പൂർണ്ണ പങ്കാളികളാക്കിയിരിക്കുകയാണ്. തദേശീയമായ കാശ്മീരി കുങ്കുമപ്പൂവിനും ബാസ്മതിക്കുമുൾപ്പെടെ ഇരുപതോളം ഇനങ്ങൾക്ക് ലഭിച്ച ഭൗമസൂചിക (GI Tag) കർഷകർക്ക് അന്താരാഷ്ട്ര വിപണി തുറന്നുനൽകി. ഭീകരതയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയും, ഹുറിയത്ത് വിഘടനവാദി നേതാക്കളെ തടങ്കലിലാക്കി അവരുടെ 82-ഓളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതോടെ താഴ്‌വരയിൽ ശാന്തിയും സമാധാനവും മടങ്ങിയെത്തി. ഗ്രാമതലത്തിൽ ജനാധിപത്യം ഉറപ്പാക്കാൻ ത്രിതല പഞ്ചായത്തിരാജ് സംവിധാനം കൊണ്ടുവരികയും, ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗൺസിൽ (DDC), ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ (BDC) തിരഞ്ഞെടുപ്പുകളിൽ 98% വരെ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തുകയും ചെയ്തു. ‘ബാക്ക് ടു വില്ലേജ്’ പദ്ധതിയിലൂടെ ഗസറ്റഡ് ഉദ്യോഗസ്ഥർ ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്നു.

പാകിസ്ഥാൻ അതിർത്തിയിലുള്ളവർക്ക് മാത്രം നൽകിയിരുന്ന സംവരണം അന്താരാഷ്ട്ര അതിർത്തിയിലുള്ളവർക്കും (IB) ലഭ്യമാക്കി നീതി ഉറപ്പാക്കി. 1990-ൽ താഴ്‌വരയിൽ നിന്ന് ഓടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 6,000 സർവീസ് ജോലികളും താമസ സൗകര്യങ്ങളും ഒരുങ്ങുമ്പോൾ അത് ചരിത്രപരമായ മറ്റൊരു അനീതിയുടെ പരിഹാരം കൂടിയാണ്. ‘ഹിമായത്’ പദ്ധതി വഴി 81,000-ത്തിലധികം യുവാക്കൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയും, ത്വരിതഗതിയിലുള്ള റിക്രൂട്ട്മെന്റിലൂടെ (ARC) 29,813-ലധികം സർക്കാർ നിയമനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്.

വൈദ്യുതി രംഗത്ത് 5,186 മെഗാവാട്ടിന്റെ 21 ജലവൈദ്യുത പദ്ധതികൾ പുരോഗമിക്കുന്നു. 5.74 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതിലൂടെ വിതരണ നഷ്ടം 25% കുറയ്ക്കാനായി. ജൽ ജീവൻ മിഷൻ വഴി എല്ലാ ഗ്രാമീണ സ്കൂളുകളിലും അങ്കണവാടികളിലും കുടിവെള്ള പൈപ്പ് കണക്ഷനുകൾ എത്തി. ലഡാക്കിനെ 2030-ഓടെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി സോളാർ പ്രൊജക്റ്റുകൾ ആരംഭിച്ചു, കൊവിഡ് കാലത്ത് 100% വാക്സിനേഷൻ പൂർത്തിയാക്കിയും ഓക്സിജൻ ക്ഷാമമില്ലാതെയും മാതൃക കാട്ടി. ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ഗുൽമാർഗിൽ വിജയകരമായി നടത്തി കായികരംഗത്തും മുന്നേറ്റം കുറിച്ചു.

2019 നു ശേഷം ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞ് വരികയാണ്. മുൻപ് നൂറുകണക്കിന് യുവാക്കളാണ് തീവ്രവാദത്തിലേക്ക് പോയ്ക്കൊണ്ടിരുന്നത്. എന്നാൽ 2022 ൽ അത് നൂറിൽ താഴെയെത്തി. 2024 ആയപ്പോഴേക്ക് 20 ൽ താഴെ മാത്രമായി അത് ചുരുങ്ങി. 2025 – 26 വർഷങ്ങളിൽ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ട യുവാക്കളുടെ എണ്ണം പൂജ്യമോ അല്ലെങ്കിൽ അഞ്ചിൽ താഴെയോ ആണെന്ന സത്യം മനസ്സിലാക്കുമ്പോഴാണ് കശ്മീരിന്റെ മാറ്റം നാം തിരിച്ചറിയുന്നത്.
അതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള യുവാക്കളുടെ താത്പര്യമാണ്. 2022 ൽ അഗ്നിവീർ പദ്ധതി ആവിഷ്കരിച്ചതിനു ശേഷം ഏതാണ്ട് അയ്യായിരത്തോളം യുവാക്കളാണ് ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ ആവേശത്തോടെ ചേർന്ന ജില്ലകൾ ഏതാണെന്ന് കേട്ടാൽ ആണ് നമ്മൾ അത്ഭുതപ്പെടുക. ശ്രീനഗർ , ബാരാമുള്ള, അനന്തനാഗ് , കുപ്‌വാര, പുൽവാമ. ഒരു കാലത്ത് ഭീകരതയുടെ പേരിൽ മാത്രം അറിയപ്പെട്ട ജില്ലകൾ.. അതായത് കശ്മീരിലെ യുവാക്കൾ ഇന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നത് തീവ്രവാദത്തിലേക്കല്ല.. ദേശസ്നേഹത്തിലേക്കാണ്. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന വലിയ മാറ്റം..

ഒരു രാജ്യവും ഒരു നിയമവും ഒരു ചിഹ്നവും എന്ന ശ്യാമപ്രസാദ് മുഖർജിയുടെ മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെട്ട ആ മണ്ണിൽ ഇന്ന് വികസനത്തിന്റെയും ദേശസ്നേഹത്തിന്റെയും ശാന്തിയുടെയും മന്ത്രങ്ങളാണ് മുഴങ്ങുന്നത്.
രാജ്യത്തിന്റെ ശത്രുക്കൾ ഇടയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ ആ ശത്രുക്കൾ ഇന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. വികസനത്തിന്റെയും വിജയത്തിന്റെയും പക്ഷത്താണ്‌ ഇന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *