സംവിധായകനിൽ നിന്ന് നായകനിലേക്കുള്ള ലോകേഷ് കനകരാജിന്റെ അരങ്ങേറ്റ ചിത്രം ‘ഡിസി’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 31.86 കോടി രൂപയാണ് ഇതുവരെ വാരിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
കേരളത്തിലും കർണാടകയിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം വമ്പൻ റിലീസായി എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികൾ. ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് എത്തുമ്പോൾ, ചന്ദ്ര എന്ന നായികാവേഷത്തിലാണ് വാമിക ഗബ്ബി എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വയലൻസിനും പ്രണയത്തിനും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുണ്ട്. മുകേഷ് ജി ഛായാഗ്രഹണവും ജി.കെ. പ്രസന്ന എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
