കാലാവസ്ഥയെ മാറ്റിമറിക്കാൻ ആഞ്ഞടിച്ച് രാക്ഷസ എൽനിനോ പടിവാതിൽക്കൽ!

മുദ്രോപരിതലത്തിലെ താപനില ക്രമാതീതമായി ഉയരുന്നതിന്റെ ഭാഗമായി ശാന്തസമുദ്രത്തിൽ അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ പ്രതിഭാസം, ഇന്ത്യയുടെ കാർഷിക മേഖലയെയും മൺസൂൺ മഴയെയും ആശങ്കയുടെ നിഴലിലാക്കിയിരിക്കുകയാണ്. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും എൽനിനോ അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

അമേരിക്കൻ അന്തരീക്ഷ-സമുദ്ര നിരീക്ഷണ ഏജൻസിയായ ‘എൻഒഎഎ’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മധ്യ-കിഴക്കൻ ശാന്തസമുദ്രത്തിലെ ജലതാപനില ആശങ്കാജനകമായ രീതിയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ചില പ്രത്യേക മേഖലകളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസിലധികം വർധിച്ചതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ താപതരംഗം സമുദ്രത്തിന്റെ ആഴങ്ങളിലേക്കും വ്യാപിക്കുന്നത് വരും മാസങ്ങളിൽ എൽനിനോയുടെ തീവ്രത കൂട്ടുന്നതിന് ആക്കംകൂട്ടുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശാന്തസമുദ്ര മേഖലയിൽ എൽനിനോയുടെ സ്വാധീനം ഇതിനകം തന്നെ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ട്. മധ്യ-കിഴക്കൻ ശാന്തസമുദ്രത്തിൽ മഴയുടെ അളവ് കുത്തനെ കൂടിയപ്പോൾ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വരണ്ട കാലാവസ്ഥയും കടുത്ത മഴക്കുറവുമാണ് അനുഭവപ്പെടുന്നത്. അയനമേഖലയിലെ വായുപ്രവാഹത്തിലുണ്ടായ പ്രകടമായ വ്യതിയാനങ്ങൾ എൽനിനോ അതിവേഗം ശക്തി പ്രാപിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.ശാസ്ത്രീയ മോഡലുകളുടെ പ്രവചനപ്രകാരം 2026 അവസാനത്തോടെ ഈ പ്രതിഭാസം അതിന്റെ പരമാവധി ഊർജ്ജം കൈവരിക്കും. 1950ൽ ആധുനിക കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസങ്ങളിൽ ഒന്നായി ഇത് മാറാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് അതിതീവ്രമായ എൽനിനോ ആയി രൂപപ്പെടാൻ 69 ശതമാനം സാധ്യതയുണ്ടെന്നും എൻഒഎഎയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ അടിവരയിടുന്നു.

മധ്യ-കിഴക്കൻ ശാന്തസമുദ്രത്തിലെ ഉപരിതല ജലം സാധാരണയേക്കാൾ ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ എന്നറിയപ്പെടുന്നത്. സമുദ്രത്തിലുണ്ടാകുന്ന ഈ താപവ്യതിയാനം ആഗോളതലത്തിൽ അന്തരീക്ഷ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം കടുത്ത വരൾച്ച, അസാധാരണമായ ഉഷ്ണതരംഗം, താപനില വർധനവ്, ശക്തമായ ചുഴലിക്കാറ്റുകൾ, പ്രളയം തുടങ്ങിയ വിപരീത കാലാവസ്ഥാ മാറ്റങ്ങൾക്ക് ഇത് വഴിവയ്ക്കാറുണ്ട്.

എൽനിനോയുടെ ശക്തി വർധിക്കുന്നത് ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ തീവ്രത കൂട്ടുമെങ്കിലും, എല്ലാ പ്രദേശങ്ങളിലും ഇത് ഒരേ രീതിയിലാകില്ല ബാധിക്കുക എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ആഗോള പ്രതിഭാസങ്ങൾ ശക്തമാണെങ്കിലും അതത് പ്രദേശങ്ങളിലെ പ്രാദേശിക അന്തരീക്ഷ സ്ഥിതിയും ഭൂപ്രകൃതിയും അനുസരിച്ച് മഴയുടെയും താപനിലയുടെയും അളവിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.ഇന്ത്യ ഉൾപ്പെടെയുള്ള തെക്കേ ഏഷ്യൻ രാജ്യങ്ങൾ എൽനിനോയുടെ പുരോഗതിയെ അതീവ ഗൗരവത്തോടെയും ആശങ്കയോടെയുമാണ് വീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയെ പ്രതികൂലമായി ബാധിക്കാൻ എൽനിനോയ്ക്ക് സാധിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം. രാജ്യത്തെ കാർഷിക മേഖലയെയും ദീർഘകാലാടിസ്ഥാനത്തിലുള്ള കുടിവെള്ള ലഭ്യതയെയും ഇത് ഗുരുതരമായി ബാധിച്ചേക്കാം എന്ന ആശങ്കയും ശക്തമാണ്.

ശാന്തസമുദ്രത്തിലെ ജലതാപനിലയും കാറ്റിന്റെ വേഗവും അന്തരീക്ഷ സ്ഥിതിയും കാലാവസ്ഥാ ഏജൻസികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. പ്രതിഭാസത്തിന്റെ യഥാർത്ഥ തീവ്രത വ്യക്തമാക്കുന്ന കൂടുതൽ കൃത്യമായ വിവരങ്ങളും വിലയിരുത്തലുകളും സെപ്റ്റംബർ മാസത്തോടെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *