മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ ശ്രദ്ധേയമായ ചോദ്യങ്ങൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൽ ഡയറി മാത്രമാണോ തെളിവായി ഉള്ളതെന്നും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അത് മതിയാകുമോയെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ ചോദിച്ചു. ഹർജിയിൽ കോടതി ഉത്തരവ് പറയാനായി മാറ്റി.
പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയാണ് ഹർജി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് പകരം പ്രാഥമികാന്വേഷണം നടത്തുന്നത് തെറ്റാണെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആവശ്യമായ വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നും റിപ്പോർട്ട് പ്രാഥമികാന്വേഷണത്തിന് പകരമായി പരിഗണിക്കാമെന്നും ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.സ്വകാര്യ വ്യക്തി നൽകിയ ഹർജി നിലനിൽക്കില്ലെന്നും പൊതുതാത്പര്യ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചു. റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ പരിശോധന ആവശ്യമായതിനാലാണ് പ്രാഥമികാന്വേഷണം നടത്തുന്നതെന്നും ഇ.ഡിയെ വിവരങ്ങൾ ശേഖരിക്കുന്ന ഏജൻസിയായി മാത്രമേ കാണാനാകൂവെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇ.ഡി അന്വേഷണ ഏജൻസിയല്ലെന്ന വാദം പൂർണമായും ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇ.ഡി കൈമാറിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡയറി മാത്രമാണോ തെളിവായി ഉള്ളതെന്ന് കോടതി ചോദിച്ചത്. മൊഴികൾ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ ഡി.ജി.പിക്ക് കൈമാറിയിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചു. ആവശ്യപ്പെട്ടാൽ മൊഴികളുടെ പകർപ്പ് നൽകാമെന്നായിരുന്നു ഇ.ഡിയുടെ മറുപടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ ഇ.ഡി തന്നെ ഹർജി നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അത്തരമൊരു ഹർജി നൽകാമായിരുന്നുവെന്നായിരുന്നു മറുപടി. അതേസമയം, സി.എം.ആർ.എലിന് എല്ലാവർക്കും നൽകാനുള്ളത്ര പണം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കരിമണൽ ഖനനത്തിലൂടെ 18,000 കോടി രൂപ ലഭിച്ചെന്നും അതിന്റെ വിഹിതം എല്ലാവർക്കും ലഭിച്ചെന്നുമുള്ളത് ഹർജിക്കാരന്റെ വാദമാണ്. ഈ സാഹചര്യത്തിലാണ് കുഞ്ചൻ നമ്പ്യാരുടെ ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന വരി ഉദ്ധരിച്ച് കോടതി വാക്കാൽ പരാമർശം നടത്തിയത്.
