അമേരിക്കയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ വൈര്യം ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ചൈനയെ തങ്ങളുടെ ഏറ്റവും വലിയ ആഗോള ശത്രുവായിട്ടാണ് അമേരിക്കൻ നയതന്ത്രജ്ഞരും നിയമനിർമ്മാതാക്കളും കാണുന്നത്. അമേരിക്കയുടെ ആഗോള മേധാവിത്വത്തിന് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള ഒരേയൊരു ശക്തി ചൈനയാണെന്നതിൽ ,വാഷിംഗ്ടണിന് യാതൊരു സംശയവുമില്ല. എന്നാൽ ഈയടുത്ത കാലത്ത് നയതന്ത്ര ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് വളരെ വിചിത്രമായ ഒരു വാർത്ത പുറത്തുവരികയുണ്ടായി.
ചൈനയിലെ അമേരിക്കൻ അംബാസിഡറായ ഡേവിഡ് പെർഡ്യൂ നടത്തിയ വെളിപ്പെടുത്തലാണ് ഈ ചർച്ചകൾക്കെല്ലാം തുടക്കമിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനോട് നേരിട്ട് ചോദിച്ചത്രേ, “നിങ്ങൾക്ക് അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താല്പര്യമുണ്ടോ?” എന്ന്!
തായ്വാനിലേക്ക് അമേരിക്ക നടത്തുന്ന ആയുധ വിൽപ്പനയെക്കുറിച്ചുള്ള ഉഭയകക്ഷി ചർച്ചകൾക്കിടയിലാണ് ട്രംപ് വളരെ ലളിതമായി ഈ ചോദ്യം ഉന്നയിച്ചതെന്ന് അംബാസിഡർ പറയുന്നു. സ്വന്തം ആഗോള എതിരാളിക്ക് ആയുധങ്ങൾ വിൽക്കാൻ അമേരിക്ക തയ്യാറാണോ? അതോ ഇതൊരു സാധാരണ ട്രംപ് ശൈലിയിലുള്ള വെറും വിടുവായുത്തമാണോ? ഇതിന് പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും ചരിത്രവും നമുക്കൊന്ന് വിശദമായി പരിശോധിക്കാം.
ഈ വിഷയത്തിലേക്ക് കടക്കുന്നതിന് മുൻപ് തായ്വാനും അമേരിക്കയും തമ്മിലുള്ള ആയുധ ഇടപാടുകളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. നിലവിൽ 14 ബില്യൺ ഡോളറിന്റെ വമ്പൻ ആയുധ കരാറാണ് തായ്വാനും അമേരിക്കയും തമ്മിലുള്ളത്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന ഏകദേശം 77 എഫ്-16 പോർവിമാനങ്ങളും ,മറ്റ് ആധുനിക പ്രതിരോധ സാമഗ്രികളും തായ്വാന് കൈമാറാനായിരുന്നു തീരുമാനം. തായ്വാന്റെ നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനം വളരെ ദുർബലമാണ്. ചൈനീസ് ഭീഷണിയെ ചെറുക്കാൻ അവരെ സജ്ജരാക്കുക എന്നതായിരുന്നു ഈ കരാറിന്റെ പ്രധാന ലക്ഷ്യം.
ട്രംപിന്റെ ആദ്യ പ്രസിഡൻസി കാലയളവിൽ എത്തിച്ചേർന്ന ഈ ധാരണ, വർഷങ്ങൾക്കിപ്പുറം നടപ്പിലാക്കേണ്ട സമയമായപ്പോൾ പല കാരണങ്ങളാൽ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ഈ നിർണ്ണായകമായ കരാറിനെക്കുറിച്ച് ചൈനയുമായി ചർച്ച നടത്തുമ്പോഴാണ് ട്രംപ് ഈ ചോദ്യം ചോദിക്കുന്നത്. “ഞങ്ങൾ ലോകത്തിന്റെ പല രാജ്യങ്ങൾക്കും ആയുധങ്ങൾ നൽകുന്നുണ്ട്. അപ്പോൾ തായ്വാന് ആയുധം കൊടുക്കുന്നതിൽ നിങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ, പിന്നെ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ അഡ്വാൻസ്ഡ് വിമാനങ്ങളും ആയുധങ്ങളും നിങ്ങൾക്കും തരുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല, നിങ്ങൾ വാങ്ങാൻ തയ്യാറാണോ?” ഇതായിരുന്നു ട്രംപിന്റെ ചോദ്യത്തിന്റെ ഉള്ളടക്കം.
എന്നാൽ ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വാഷിംഗ്ടണിൽ വലിയ പ്രതിഷേധവും ആശയക്കുഴപ്പവും ഉടലെടുത്തു. ട്രംപ് തന്നെ പിന്നീട് ഈ വാർത്ത പൂർണ്ണമായും തള്ളിപ്പറഞ്ഞു. താൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കാരണം, നിയമപരമായി പരിശോധിച്ചാൽ ചൈനയ്ക്ക് ആയുധങ്ങൾ വിൽക്കാൻ അമേരിക്കൻ സർക്കാരിനോ ലോക്ക്ഹീഡ് മാർട്ടിൻ പോലെയുള്ള സ്വകാര്യ കമ്പനികൾക്കോ യാതൊരു അവകാശവുമില്ല. അമേരിക്കൻ ഫെഡറൽ നിയമപ്രകാരം (US Law) ചൈനയ്ക്ക് ആയുധങ്ങൾ നൽകുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ തമാശക്കല്ലാതെ, ഒരു അമേരിക്കൻ പ്രസിഡന്റിന് ഔദ്യോഗികമായി ഇങ്ങനെ ഒരു വാഗ്ദാനം നൽകാൻ സാധിക്കില്ല.
അങ്ങനെയെങ്കിൽ അംബാസിഡർ ഡേവിഡ് പെർഡ്യൂ എന്തിനാണ് ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്? അല്ലെങ്കിൽ ട്രംപ് എന്തിനായിരിക്കും തമാശയ്ക്കെങ്കിലും അങ്ങനെ ചോദിച്ചത്? ഇവിടെയാണ് രാഷ്ട്രീയ നിരീക്ഷകർ ‘ടെസ്റ്റിങ് ഓഫ് വാട്ടേഴ്സ്’ (Testing the Waters) എന്ന നയതന്ത്ര തന്ത്രം ചൂണ്ടിക്കാണിക്കുന്നത്.
തായ്വാൻ വിഷയത്തിൽ ചൈനയുടെ യഥാർത്ഥ മനോഭാവം എന്താണെന്നും, അമേരിക്കയുടെ ഇടപെടലുകളിൽ അവർ എത്രത്തോളം പ്രകോപിതരാണെന്നും അളന്നറിയാൻ ഇട്ട ഒരു ‘ഫീലർ’ (Feeler) ആയിരിക്കാം ഇത്. വെള്ളത്തിന്റെ ചൂട് അറിയാൻ വിരൽ മുക്കി നോക്കുന്നതുപോലെ, ചൈനയുടെ മനസ്സ് എത്രത്തോളം തിളച്ചു മറയുന്നു എന്ന് അറിയാൻ ട്രംപ് എറിഞ്ഞ ഒരു നമ്പറാകാം ഇത്.
തായ്വാൻ വിഷയം കൈകാര്യം ചെയ്യുമ്പോൾ അമേരിക്ക എപ്പോഴും വളരെ ജാഗ്രത പുലർത്താറുണ്ട്. ഇതിന് കൃത്യമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. 1972 വരെ അമേരിക്ക അംഗീകരിച്ചിരുന്നത് തായ്വാനിലെ ‘റിപ്പബ്ലിക് ഓഫ് ചൈന’ സർക്കാരിനെയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെതിരെ അമേരിക്കയ്ക്കൊപ്പം ചേർന്നു പൊരുതിയ കുമിൻതാങ് പാർട്ടിയുടെ നേതാക്കളാണ് പിന്നീട് കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് തായ്വാനിലേക്ക് പലായനം ചെയ്തത്.
എന്നാൽ 1949-ൽ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ അധികാരം പിടിച്ചെടുത്തു. തുടർന്ന് വർഷങ്ങളോളം ഈ ബന്ധം വഷളായി തുടർന്നെങ്കിലും, 1972-ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിഞ്ചറും ചേർന്ന് ബെയ്ജിംഗുമായി ചരിത്രപരമായ നയതന്ത്രബന്ധം സ്ഥാപിച്ചു. അതിനുശേഷം അമേരിക്ക ‘വൺ ചൈന പോളിസി’ (One China Policy) സ്വീകരിക്കുകയും, ബെയ്ജിംഗിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഔദ്യോഗിക ചൈനയായി അംഗീകരിക്കുകയും ചെയ്തു.
എങ്കിലും തായ്വാനെ അമേരിക്ക പൂർണ്ണമായി ഉപേക്ഷിച്ചില്ല. 1979-ൽ പാസാക്കിയ ‘തായ്വാൻ റിലേഷൻസ് ആക്ട്’ പ്രകാരം തായ്വാന്റെ സ്വയംഭരണ സംരക്ഷണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൈനിക സാമ്പത്തിക സഹായങ്ങൾ നൽകാൻ അമേരിക്ക ഇപ്പോഴും ബാധ്യസ്ഥരാണ്.
ഇന്ന് തായ്വാൻ കടലിടുക്കിൽ സ്ഥിതിഗതികൾ വളരെ വഷളാണ്. ചൈന തങ്ങളുടെ ഏറ്റവും പുതിയ ജെ-20, ജെ-35 സ്റ്റെൽത്ത് പോർവിമാനങ്ങൾ ഉപയോഗിച്ച് തായ്വാൻ വ്യോമാതിർത്തിയിൽ നിരന്തരം സൈനിക അഭ്യാസങ്ങൾ നടത്തുന്നുണ്ട്. അമേരിക്കയുടെ എഫ്-35 വിമാനങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തുന്ന സാങ്കേതികവിദ്യയാണ് ചൈനയുടെ ജെ-35 വിമാനങ്ങൾക്കുള്ളത്. ഈ ഭീഷണിയെ ചെറുക്കാൻ അമേരിക്കയുടെ 'താഡ്' (THAAD), 'പേട്രിയോട്ട്' (Patriot) മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തായ്വാന് അത്യന്താപേക്ഷിതമാണ്.
അതേസമയം, അമേരിക്കയും ചൈനയും തമ്മിൽ ഒരു സായുധ ഏറ്റുമുട്ടലുണ്ടാകുമോ എന്ന് ചോദിച്ചാൽ, നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം സാമ്പത്തികമായും സാങ്കേതികമായും ഇരുരാജ്യങ്ങളും അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, പോർവിമാനങ്ങളും ചിപ്പുകളും നിർമ്മിക്കാൻ ആവശ്യമായ ക്രിട്ടിക്കൽ മിനറൽസിന്റെ (Critical Minerals) 70 ശതമാനവും ചൈനയുടെ കസ്റ്റഡിയിലാണ്. ഇതിന്റെ 90% സംസ്കരണവും നടക്കുന്നത് ചൈനയിലാണ്. അമേരിക്ക തങ്ങൾക്കെതിരെ ഉപരോധം കടുപ്പിച്ചാൽ, ഈ അമൂല്യ ധാതുക്കളുടെ കയറ്റുമതി തടഞ്ഞുകൊണ്ട് അമേരിക്കയുടെ സപ്ലൈ ചെയിൻ തകരാറിലാക്കാൻ ചൈനയ്ക്ക് സാധിക്കും.
മാത്രമല്ല, ഓസ്ട്രേലിയയിൽ നിന്നും അമേരിക്കയിലേക്ക് അയച്ച എഫ്-35 പോർവിമാനങ്ങളുടെ ചില യന്ത്രഘടകങ്ങൾ ആകസ്മികമായി ഹോങ്കോങ് വഴി ചൈനയുടെ കൈകളിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സാങ്കേതികവിദ്യയുടെ രഹസ്യങ്ങൾ തലനാരിഴ കീറി പരിശോധിച്ച് സ്വന്തം ആയുധ വീര്യം കൂട്ടാൻ ചൈനയ്ക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്.
ചുരുക്കത്തിൽ, ചൈന ഒരിക്കലും അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ പോകുന്നില്ല എന്നത് ലോകത്തിന് മുഴുവൻ അറിയാവുന്ന സത്യമാണ്. സ്വന്തമായി അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കുന്നതിൽ ചൈന അതിവേഗം വളരുകയാണ്. എന്നാൽ യു.എസ് അംബാസഡർ ഡേവിഡ് പെർഡ്യൂ പുറത്തുവിട്ട ഈ വെളിപ്പെടുത്തൽ, അമേരിക്കൻ നയതന്ത്ര വൃത്തങ്ങളിൽ വലിയ ഒരു ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ട്രംപ് തമാശയ്ക്ക് ചോദിച്ചതാണോ അതോ ചൈനയുടെ നിലപാട് അളക്കാൻ മനപ്പൂർവ്വം എറിഞ്ഞ ചൂണ്ടയാണോ ഇത് എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. എന്തായാലും തായ്വാൻ വിഷയത്തിലും ചൈനയുമായുള്ള ഭൗമരാഷ്ട്രീയ ബന്ധത്തിലും വലിയൊരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട് എന്ന് ഈ സംഭവം അടിവരയിടുന്നു.
