ഒരു യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തുറന്ന ചർച്ചകൾ അത്യന്താപേക്ഷിതമാണ്. ചർച്ചകൾ വിജയിക്കണമെങ്കിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസവും ഉണ്ടായിരിക്കണം. ആ അർത്ഥത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി എന്താണ് എന്ന് ചോദിച്ചാൽ, ‘അനിശ്ചിതത്വം’ എന്ന് മാത്രമാണ് ഒറ്റവാക്കിൽ പറയാൻ കഴിയുക. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴു ദിന സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും തങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശത്തിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ വീണ്ടും വ്യക്തമാക്കുന്നു. സമാധാന ചർച്ചകൾ അടുത്തയാഴ്ച നടന്നേക്കുമെന്ന ചില സൂചനകൾ വരുന്നുണ്ടെങ്കിലും തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
യു.എസ്സും ഇറാനുമായുള്ള ഈ കടുപ്പമേറിയ സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് ഇറാന്റെ പ്രാഥമിക നിലപാട്. അമേരിക്ക സാമ്പത്തിക യുദ്ധവും ഉപരോധങ്ങളും തുടരുകയാണെങ്കിൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമൂസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ നിബന്ധനകൾ പാലിക്കപ്പെടുക മാത്രമാണ് ഹോർമൂസ് തുറക്കാനുള്ള ഒരേയൊരു മാർഗ്ഗമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കൃത്യമായി ആവർത്തിക്കുകയാണ്.
ഇറാന്റെ എല്ലാ നിർദ്ദേശങ്ങളെയും തുടർച്ചയായി നിരസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന അമേരിക്കൻ നിലപാട് വീണ്ടുമൊരു വൻ യുദ്ധത്തിനുള്ള കാഹളമാണോ എന്ന് അന്താരാഷ്ട്ര നിരീക്ഷകർ സംശയിക്കുന്നു. അമേരിക്കയിൽ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം ട്രംപ് യുദ്ധം പൂർണ്ണതോതിൽ പുനരാരംഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിലും പരസ്യമായി വ്യക്തമാക്കിയതാണ്.
എന്നാൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി നേരിടാൻ വലിയ സാധ്യതയുള്ളതിനാൽ, അതിനു മുൻപ് തന്നെ സൈനികവും സാമ്പത്തികവുമായ പരമാവധി സമ്മർദ്ദം ഇറാനുമേൽ ചെലുത്താനാണ് അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയച്ച് ഇറാനുമായുള്ള എല്ലാത്തരം വ്യാപാര ഇടപാടുകളും അവസാനിപ്പിക്കാൻ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ് അമേരിക്ക. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. നാവിക-വ്യോമയാന ഉപരോധങ്ങൾക്കൊപ്പം ചൈന, റഷ്യ തുടങ്ങിയ വൻശക്തി രാജ്യങ്ങളെപ്പോലും സ്വാധീനിച്ച് സാമ്പത്തികമായി ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താനാണ് അമേരിക്കയുടെ ഇപ്പോഴത്തെ പരിശ്രമം.
മറുഭാഗത്ത്, ഡൊണാൾഡ് ട്രംപ് സമയം വെച്ചുള്ള ഒരു വലിയ ചൂതാട്ടമാണ് നടത്തുന്നത് എന്നാണ് അന്താരാഷ്ട്ര വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. ഹോർമൂസിലെ നാവിക ഉപരോധവും യു.എസ്സിന്റെ മറ്റു കടുത്ത ഉപരോധങ്ങളും ഇറാനെ സാമ്പത്തികമായി വീണ്ടും ഞെരുക്കുമ്പോൾ അവർ കൂടുതൽ ഇളവുകൾക്കായി അമേരിക്കയ്ക്ക് മുൻപിൽ വന്ന് കീഴടങ്ങുമെന്നാണ് ട്രംപിന്റെ ചിന്ത. ആ കാത്തിരിപ്പിലാണ് ഹോർമൂസ് തുറന്നുകൊണ്ടുള്ള ഒരു സമാധാന ചർച്ചയ്ക്ക് യു.എസ് പെട്ടെന്ന് തയ്യാറാകാത്തത്.
എന്നാൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഹോർമൂസ് അടഞ്ഞുകിടക്കുന്നതും തൽഫലമായി ആഗോള വിപണിയിൽ ഇന്ധന-ഊർജ്ജ വിലകൾ കുതിച്ചുയരുന്നതും ഡൊണാൾഡ് ട്രംപിനെത്തന്നെ വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇത് അമേരിക്കയിൽ ട്രംപിനുമേൽ വലിയ ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ഇറാന്റെ നിർദ്ദേശങ്ങൾ തുടർച്ചയായി അമേരിക്ക നിരസിച്ചാൽ, മറ്റൊരു സമാധാന നിർദ്ദേശവും ഇളവും മുന്നോട്ടുവെക്കാൻ ഇറാൻ തയ്യാറാകില്ല എന്ന വലിയ സാധ്യതയുമുണ്ട്. രാജ്യത്തിന്റെ ദേശീയ താല്പര്യം പൂർണ്ണമായും അടിയറവ് വെച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ നേരത്തെ തന്നെ അറിയിച്ചതാണ്. അതുകൊണ്ടുതന്നെ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി കൂടുതൽ ഇളവുകൾ വാഗ്ദാനം ചെയ്യാൻ ഇറാൻ തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ സാമ്പത്തിക വ്യോമയാന ഉപരോധങ്ങളും നാവിക ഉപരോധവും ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകൾ അസ്ഥാനത്താകുമെന്ന് സാരം.
സാമ്പത്തിക സമ്മർദ്ദം ഇറാന്റെ നിലനിൽപ്പിനെ ദുർബലപ്പെടുത്തുമെന്നും ഉപരോധങ്ങളിൽ നിരുങ്ങി അനായാസമുള്ള ഇറാന്റെ രാഷ്ട്രീയ കീഴടങ്ങൽ സാധ്യമാകുമെന്നുമാണ് അമേരിക്ക കാത്തിരിക്കുന്നത്. എന്നാൽ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാന് വ്യാപാരം നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ, ഈ മേഖലയിലൂടെ ലോകത്തിലെ മറ്റാർക്കും വ്യാപാരം നടത്താൻ കഴിയില്ലെന്ന് ഇറാന്റെ സൈനിക തലവൻ ആമിർ ഹാതമി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം ആഗ്രഹിക്കുന്നില്ല എങ്കിലും ഏതുതരം സമ്മർദ്ദങ്ങളെയും ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വ്യക്തമാക്കിയിട്ടുണ്ട്.
സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് ട്രംപ് തന്റെ മുൻകാല പ്രസ്താവനകൾ തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇറാന് ഒരു കരാർ ആവശ്യമായി വന്നിരിക്കുന്നു എന്നും, അവർ കരാറിനായി തന്നെ സമീപിച്ചു എന്നും, ഇറാൻ അതിദയനീയമായി പരാജയപ്പെടുന്നതിനാലാണ് അവർ കരാർ ആഗ്രഹിക്കുന്നത് എന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ട്രംപ് പലപ്പോഴും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് വ്യക്തമാക്കുന്ന ഇറാൻ വിദേശകാര്യ മന്ത്രി, മധ്യസ്ഥ രാഷ്ട്രങ്ങളിൽ നിന്നുള്ള നിർണ്ണായകമായ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് എന്ന് കൂട്ടിച്ചേർക്കുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഇറാൻ അന്തിമ തീരുമാനമെടുക്കുക.
അമേരിക്കയും ഇറാനും തമ്മിൽ ജൂൺ മാസത്തിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ പറഞ്ഞ അതേ വ്യവസ്ഥകൾ തന്നെയാണ് ഹോർമൂസ് തുറക്കുന്നതിനായി ഇറാൻ ഇപ്പോഴും മുന്നോട്ടുവെക്കുന്നത്. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷയും പരിശോധനാധികാരവും പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും. ഇറാന്റെ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ കപ്പലുകൾ കടത്തിവിടുകയുള്ളൂ. ഒപ്പം ഇറാനെതിരായ സാമ്പത്തിക പാശ്ചാത്യ ഉപരോധങ്ങൾ അവസാനിപ്പിക്കുകയും ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ പൂർണ്ണമായും വിട്ടുകിട്ടുകയും വേണം.
എന്നാൽ യുദ്ധം സൃഷ്ടിച്ച പരസ്പര അവിശ്വാസം മറികടക്കാതെ ഇത്തരം ചർച്ചകൾ വിജയിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചൂണ്ടിക്കാട്ടുന്നു. ആണവ വിഷയത്തിൽ ജൂണിലെ ധാരണാപത്രം ഘട്ടംഘട്ടമായി നടപ്പാക്കാൻ ഇറാൻ തയ്യാറാണ്. എന്നാൽ ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ യു.എസ് ഉദ്ദേശിക്കുന്നില്ല എന്ന് അമേരിക്ക പ്രവർത്തിയിലൂടെ തെളിയിക്കണമെന്നും പെസഷ്കിയാൻ ആവശ്യമുന്നയിക്കുന്നു.
അതേസമയം, ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച വ്യോമയാന ഉപരോധം ഇറാനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. തുർക്കി, ഒമാൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ വിവിധ ഇറാനിയൻ വിമാന കമ്പനികളിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറയുന്നു. ഈ ഉപരോധം വിമാന സർവീസുകളെ ബാധിച്ചതോടെ അയൽരാജ്യങ്ങളുമായി ചർച്ചകൾ നടത്തി സുപ്രധാന സർവീസുകളിൽ ഇളവുകൾ നേടാനുള്ള ശ്രമങ്ങളിലാണ് ഇറാൻ. ഇറാഖിലെ നജാഫ്, സുലൈമാനിയ, ഇർബിൽ തുടങ്ങിയ വിമാനത്താവളങ്ങളിലെ സർവീസുകളെ ഉപരോധം ബാധിച്ചത് ഇറാന് വലിയ തിരിച്ചടിയായി. യു.എ.ഇയിലെയും തുർക്കിയിലെയും ചില പ്രധാന ബാങ്കുകൾ ഇറാനുമായുള്ള ധനകാര്യ ഇടപാടുകൾ നിർത്തിവെച്ചതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
എന്നാൽ, ഈ പ്രതിസന്ധികളെയും ഉപരോധങ്ങളെയും അതിജീവിക്കാനുള്ള തന്ത്രപരമായ തയ്യാറെടുപ്പിലാണ് ഇറാൻ. ഹോർമൂസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്റെ അതീവ രഹസ്യ ആളില്ലാ അന്തർവാഹിനിയായ ‘REMUS 600’ ഇറാന്റെ വിപ്ലവ ഗാർഡ് (IRGC) പിടിച്ചെടുത്തു. ഈ അന്തർവാഹിനി ഉപയോഗിച്ച് യു.എസ് സൈന്യം പ്രദേശത്ത് ചാരപ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് ഇറാന്റെ ആരോപണം.
യുദ്ധം സമാനമായ സാഹചര്യം എട്ടാം മാസത്തിലേക്ക് കടക്കുമ്പോഴും ഹോർമൂസിലെ കപ്പൽ ഗതാഗതം പൂർണ്ണമായും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഹോർമൂസ് വഴി നിലവിൽ ഒരു ചരക്കപ്പൽ പോലും സഞ്ചരിക്കുന്നില്ലെന്ന് സെന്റിനൽ 2 (Sentinel-2) എന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തങ്ങൾ നിർദ്ദേശിച്ച കപ്പൽ പാത പിന്തുടരാത്ത 19 അന്താരാഷ്ട്ര കപ്പലുകളെ ആക്രമിച്ചതായി ഐ.ആർ.ജി.സി അവകാശപ്പെട്ടതിനു പിന്നാലെയാണ് മേഖലയിലെ കപ്പൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. ഇറാന്റെ കർശന നിയന്ത്രണവും അമേരിക്കയുടെ നാവിക ഉപരോധവും കാരണം ഏകദേശം 500-ഓളം കപ്പലുകളും 6,000-ത്തോളം നാവികരും ഇപ്പോഴും ഹോർമൂസ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.
മേഖലയിൽ ഹോർമൂസിന് സമീപം അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെയുള്ള വ്യോമപ്രവർത്തനങ്ങൾ കുത്തനെ വർദ്ധിച്ചിട്ടുണ്ട്. ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ പടക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 8 യു.എസ് നാവികർക്ക് പരിക്കേറ്റതായുള്ള നിർണ്ണായക വിവരവും പുറത്തുവരുന്നുണ്ട്. അമേരിക്കൻ മാധ്യമമായ എൻ.ബി.സി (NBC) ന്യൂസ് ഔദ്യോഗിക യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പടക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിലും പുക ശ്വസിച്ചതിനെ തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു.
ഈ സംഘർഷങ്ങൾ ചെങ്കടൽ മേഖലയിലേക്ക് കൂടി വ്യാപിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ചെങ്കടലിന്റെ നിയന്ത്രണം കൈക്കലാക്കിയ യമനിലെ ഹൂതികൾ പുതിയ സൈനിക ക്യാമ്പ് ആരംഭിച്ചതായി ആരോപിച്ച്, തായിസ് പ്രവിശ്യയിൽ സർക്കാർ സേന വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ കുട്ടികൾ അടക്കം ഏഴുപേർ കൊല്ലപ്പെടുകയുണ്ടായി.
പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാതിരിക്കാൻ എല്ലാവരും സംയമനം പാലിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ മധ്യസ്ഥ ശ്രമങ്ങൾക്ക് ഒമാൻ ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹോർമൂസ്, ബാബൽ മന്തേബ്, ചെങ്കടൽ, ഏദൻ കടൽ ഉൾപ്പെടെയുള്ള രാജ്യാന്തര നാവികപാതകൾ സുരക്ഷിതമാക്കേണ്ടത് ആഗോള ഊർജ്ജവിപണിയുടെ വലിയ ആവശ്യമാണെന്നും ലോകരാജ്യങ്ങൾ നിസ്സംഗത വെടിഞ്ഞ് അടിയന്തരമായി ഇടപെടണമെന്നും യു.എൻ പൊതുസഭയിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തിൽ, അമേരിക്കയുടെ കടുത്ത ഉപരോധ തന്ത്രങ്ങളും അതിന് വഴങ്ങാത്ത ഇറാന്റെ ശക്തമായ സൈനിക നിലപാടുകളും പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ വരും ദിവസങ്ങളിൽ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഉറപ്പാണ്.
ഹോർമൂസ് അടഞ്ഞുഇറാൻ – ട്രംപ് പോര് മുറുകുന്നു
