എഐ ഇനി എഐ അല്ല, ട്രംപിന്റെ ചരിത്രപരമായ ഉത്തരവ്

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന ‘എഐ’യ്ക്ക് ഇനി പുതിയ പേര്. ‘സൂപ്പർ ഇന്റലിജൻസ്’ അഥവാ ‘എസ്‌ഐ’ എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ‘ഇനാഗുറേറ്റിംഗ് ദി എറ ഓഫ് സൂപ്പർ ഇന്റലിജൻസ്’ എന്നാണ് ഉത്തരവിന് നൽകിയിരിക്കുന്ന പേര്.

ഏകദേശം 70 വർഷം പഴക്കമുള്ള ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന നിർവചനത്തേക്കാൾ ഏറെ മുന്നിലാണ് ഇന്നത്തെ അമേരിക്കൻ സാങ്കേതികവിദ്യയുടെ ശേഷിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കുകയോ ചെറിയ ജോലികൾ ഓട്ടോമേറ്റ് ചെയ്യുകയോ ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഒരുകാലത്ത് അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ പോലും സാധ്യമാക്കാൻ ഇന്നത്തെ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.എക്‌സിക്യൂട്ടീവ് വകുപ്പുകൾ, ഏജൻസികൾ, വെബ്‌സൈറ്റുകൾ, ഔദ്യോഗിക റിപ്പോർട്ടുകൾ, ഭരണനയ രേഖകൾ എന്നിവയിൽ ‘എഐ’ എന്നതിന് പകരം ‘എസ്‌ഐ’ എന്ന പദം ഇനി മുതൽ ഉപയോഗിക്കും. എന്നാൽ നേരത്തെ പുറപ്പെടുവിച്ച റെഗുലേഷനുകൾക്കും നിലവിലുള്ള സർക്കാർ കരാറുകൾ, ഗ്രാന്റുകൾ, ചരിത്രപരമായ ആർക്കൈവ് രേഖകൾ എന്നിവയ്ക്കും ഈ മാറ്റം മുൻകാല പ്രാബല്യത്തോടെ ബാധകമാകില്ല.

പ്രഖ്യാപനത്തിന് മുന്നോടിയായി വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിൽ ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ്, ദാരിയോ അമോഡെയ് തുടങ്ങിയ പ്രമുഖ ടെക് കമ്പനി മേധാവികളും പങ്കെടുത്തു. സൂപ്പർ ഇന്റലിജൻസ് സുരക്ഷിതമായി വികസിപ്പിക്കുന്നതിനും സാങ്കേതിക രംഗത്തും ദേശീയ സുരക്ഷയിലും അമേരിക്കയെ മുന്നിലെത്തിക്കുന്നതിനുമായി വൈറ്റ് ഹൗസും ടെക് ഭീമന്മാരും തമ്മിൽ ധാരണയിലെത്തിയതായാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കുന്ന സാങ്കേതികവിദ്യയിൽ നിന്ന് കൂടുതൽ വിപുലമായ ശേഷിയിലേക്കുള്ള മാറ്റം ഔദ്യോഗികമായി അടയാളപ്പെടുത്തുന്നതാണ് ഈ പുതിയ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *