സി.പി.എമ്മിൽ ‘തെറ്റുതിരുത്തൽ’ ആരിൽ നിന്ന് തുടങ്ങും?

സാധാരണ ഗതിയിൽ അടുത്ത പാർട്ടി സംസ്ഥാന സമ്മേളനം വരെയാണ് നിലവിലെ സംസ്ഥാന കമ്മറ്റി അംഗങ്ങളും സെക്രട്ടറിയേറ്റും സെക്രട്ടറിയും എല്ലാം തുടരേണ്ടത്. എന്നാൽ, ഇപ്പോഴത്തേത് ഒരു അസാധാരണ സാഹചര്യം ആയതിനാൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എമ്മിലെയും ഇടതുപക്ഷത്തെയും ബഹുഭൂരിപക്ഷവും. അതാകട്ടെ, ന്യായമായ ഒരു പ്രതീക്ഷ തന്നെയാണ്. സാധാരണ ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് തോൽവിക്കും അപ്പുറം സി.പി.എം കോട്ടകൾ തന്നെ തകർക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പായതിനാൽ, സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ കഴിയുകയുമില്ല.

അങ്ങനെ നോക്കുകയാണെങ്കിൽ പാർട്ടി സെക്രട്ടറിയും സെക്രട്ടറിയേറ്റും മാത്രമല്ല, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും പിണറായി വിജയനും മാറി നിൽക്കേണ്ടതായി വരും. എന്നാൽ, പിണറായി വിജയൻ്റെയും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെയും ഇപ്പോഴത്തെ പരസ്യ നിലപാട് കാണുമ്പോൾ അതിന് വഴങ്ങില്ല എന്നു തന്നെയാണ് നമ്മൾ കരുതേണ്ടത്. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ കുറ്റം ചാർത്തി, ഒരു മാറ്റം വരുത്തേണ്ടി വന്നാൽ, സ്വാഭാവികമായും സി. പി. എം കേന്ദ്ര നേതൃത്വത്തിന് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനവും പുനഃപരിശോധിക്കേണ്ടതായി വരും.ഇക്കാര്യം കൃത്യമായി അറിയാവുന്നത് കൊണ്ടാണ്, തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി അണികളിലും, അനുഭാവികളിലും അടിച്ചേൽപ്പിക്കുന്ന പരസ്യ പ്രതികരണങ്ങൾ പിണറായിയും കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷും ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോൾ സ്വീകരിച്ച് വരുന്നത്.

സി.പി.എം ഒരിക്കലും തോൽക്കില്ലന്ന് വിചാരിച്ച 11 ഉറച്ച കോട്ടകളിലാണ് അവർ ഇപ്പോൾ തോറ്റിരിക്കുന്നത്. എന്നാൽ, ഇത് പരാമർശിക്കാതെ കുറ്റം പയ്യന്നൂരിനും തളിപ്പറമ്പിനും മാത്രമാക്കി ചുരുക്കി കാണാനുള്ള പിണറായി വിജയൻ്റെ ശ്രമം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.

പിണറായിയുടെ ഈ നിലപാട് കണ്ണൂർ ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും നിലവിലെ സെക്രട്ടറിയേറ്റിനും എല്ലാം പ്രതിരോധം തീർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. അത് അങ്ങനെ ആകാൻ തന്നെയാണ് സാധ്യത. സി.പി.എമ്മിൻ്റെ പ്രവർത്തനങ്ങളെ, സംസ്ഥാനത്ത് ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യേണ്ട ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പ്രവർത്തനം തന്നെ ഒരു വലിയ പരാജയമായിരുന്നു. മന്ത്രിമാരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്തത് തന്നെ വലിയ പിഴവാണ്. മുൻകാലങ്ങളിൽ സി.പി.എം സെക്രട്ടറിയേറ്റ് ഉണർന്ന് പ്രവർത്തിച്ചതു പോലുള്ള ഒരു പ്രവർത്തനം ഇപ്പോഴത്തെ സെക്രട്ടറിയേറ്റിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്. സി.പി.എം നേതൃത്വത്തിൽ നിന്നും മാറിയ എ.കെ ബാലനെ പോലുള്ളവരാണ്, സിപിഎമ്മിൻ്റെ അഭിപ്രായം പറയാൻ പലപ്പോഴും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതൊക്കെ ഒരു കേഡർ പാർട്ടിക്ക് ചേർന്ന രീതി ആയിരുന്നോ എന്നതും സി.പി.എം വിശാല സംസ്ഥാന കമ്മറ്റി പരിശോധിക്കുന്നത് നല്ലതായിരിക്കും. എന്തിനേറെ പറയുന്നു, പാർട്ടി സെക്രട്ടറിയുടെ വാർത്താ സമ്മേളനം പോലും ഒരു തമാശയായി മാറുന്ന സാഹചര്യത്തിലേക്ക് പലപ്പോഴും പോയി എന്നതും ഒരു വസ്തുതയാണ്. ഇതൊക്കെ, പുതിയകാലത്തെ വോട്ടർമാരെ ഇടതുപക്ഷത്തിന് എതിരാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കണ്ണൂരിലെ സിപിഎം ‘കോട്ടകളിലെ’ തോൽവിയുടെ ഭാരം പ്രവർത്തകരുടെ തലയിൽ പ്രത്യക്ഷമായി തന്നെ പിണറായി വിജയൻ ചാർത്തുമ്പോൾ, അതിനൊപ്പമോ അതിലേറെയോ സ്വാധീനമുള്ള മണ്ഡലങ്ങളിലെ തോൽവി വിശദീകരിക്കുന്നതിൽ സി.പി.എമ്മിൽ ശരിക്കും ആശയകുഴപ്പമുണ്ട്.

ഇതേകുറിച്ച്, ഒരു പ്രമുഖ മാധ്യമത്തിൻ വിശദമായി തന്നെ ഒരു റിപ്പോർട്ട് ഇപ്പോൾ വന്നിട്ടുണ്ട്. അത് ഏറെക്കുറേ ശരിയുമാണ്. തളിപ്പറമ്പിലും പയ്യന്നൂരിലും തോറ്റത് വിമത സ്ഥാനാർഥികളുടെ കുപ്രചാരണങ്ങളിൽ അണികൾ വീണു പോയതാണെന്നാണ് പിണറായി വിജയൻ വിശദീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതേസമയം തന്നെ , 2021ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ ഇടതുപക്ഷ സ്ഥാനാർഥികൾ 20,000 വോട്ടിലധികം ഭൂരിപക്ഷം നേടിയ 39 മണ്ഡലങ്ങളിൽ 15 ഇടങ്ങളിലും ഇത്തവണ എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു എന്നത് വിശദീകരിക്കാൻ പിണറായിയോ, സി.പി.എം നേതൃത്വമോ ശ്രമിച്ചിട്ടില്ലന്നതും നമ്മൾ മറന്നു പോകരുത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഒഴികെ മറ്റൊരിടത്തെയും ഇത് അണികളുടെ തെറ്റായി ഇനിയും പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചിട്ടില്ല. ഇത് ബോധപൂർവ്വമായ തീരുമാനമായി മാത്രമേ വിലയിരുത്താൻ കഴിയുകയൊള്ളൂ.

സംസ്ഥാനത്തെ, 20,000 വോട്ടിലധികം ഭൂരിപക്ഷം നേടിയ മണ്ഡലങ്ങൾ മുന്നണിയുടെ സുരക്ഷിത കോട്ടകളായാണു തിരഞ്ഞെടുപ്പിനു മുൻപ് ഇടതുപക്ഷം കണ്ടിരുന്നത്. ഇവിടങ്ങളിൽ വലിയ ഭൂരിപക്ഷത്തിൽ വിജയം സുനിശ്ചിതമെന്നും പാർട്ടി ഉറപ്പിച്ചിരുന്നു. എന്നാൽ 39ൽ 15 എണ്ണത്തിൽ തോറ്റതോടെ സകല കണക്ക് കൂട്ടലുകളും തെറ്റി പോവുകയാണ് ഉണ്ടായത്. 24 മണ്ഡലങ്ങൾ നിലനിർത്തിയതിൽ തന്നെ, ഒരിടത്തെ ഭൂരിപക്ഷം 10,000 വോട്ടിൽ താഴെയാണ് എന്നതും നാം ഓർക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 126 വോട്ടുകൾ ലഭിച്ച മണ്ഡലവും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇടതുപക്ഷത്തിൻ്റെ കൈവശമുണ്ടായിരുന്ന സുരക്ഷിത മണ്ഡലങ്ങളിൽ 29 എണ്ണവും സിപിഎമ്മിന്റേതായിരുന്നു. ഇതിൽ 11 എണ്ണമാണ് കൈവിട്ടിരിക്കുന്നത്. ഇതിൽ എലത്തൂർ പോലുള്ള മണ്ഡലങ്ങളും ഉൾപ്പെടും. സി.പി.എം കോട്ടയായി അറിയപ്പെടുന്ന ഈ മണ്ഡലത്തിൽ ഒരു ഓട്ടോറിക്ഷയിൽ കയറ്റാൻ പോലും ആളില്ലന്ന് പരിഹസിക്കപ്പെടുന്ന ഘടക കക്ഷിയുടെ നേതാവായ എകെ ശശീന്ദ്രനാണ് സീറ്റ് നൽകിയിരുന്നത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റി എതിർത്തിട്ടും പിണറായി വിജയൻ ഇടപെട്ടാണ് ശശീന്ദ്രന് സീറ്റ് നൽകിയത് എന്നത് വ്യക്തമാണ്. അതിനുള്ള പ്രതികാരം കൂടിയാണ് വോട്ടെടുപ്പ് ദിവസം എലത്തൂരിലെ സി.പിഎം വോട്ടർമാർ തീർത്തിരിക്കുന്നത്. ഇങ്ങനെ ഘടക കക്ഷികൾ മത്സരിച്ച പല മണ്ഡലങ്ങളും, സി.പി.എം ഒറ്റയ്ക്ക് നിന്നാൽ വിജയിക്കുന്ന മണ്ഡലങ്ങൾ കൂടി ആയിരുന്നു എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.

22,689 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന തളിപ്പറമ്പിലെ തോൽവി വിമത സ്ഥാനാർഥിയുടെ കുപ്രചാരണങ്ങളിൽ വീണ പ്രവർത്തകരുടെ തെറ്റായി പിണറായി ഇപ്പോൾ വ്യാഖ്യാനിക്കുമ്പോൾ 2021ൽ തളിപ്പറമ്പിലെതിനേക്കാൾ ഭൂരിപക്ഷമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും പരാജയപ്പെട്ടത് ആരുടെ കുപ്രചരണങ്ങളിൽപ്പെട്ട് ആയിരുന്നു എന്നതിനും പിണറായി വിജയൻ മറുപടി പറയേണ്ടതുണ്ട്.

ഇതിൽ 26,137 വോട്ടിന് വിജയിച്ച തൃക്കരിപ്പൂരിൽ ഇത്തവണ സിപിഎം തോറ്റത് 4,431 വോട്ടുകൾക്കാണ്. അതുപോലെ തന്നെ 27,219 വോട്ടുകൾക്ക് 2021 ൽ വിജയിച്ച കോങ്ങാട് മണ്ഡലത്തിൽ ഇത്തവണ പരാജയപ്പെട്ടത് 3, 706 വോട്ടുകൾക്കാണ്. 38, 305 വോട്ടുകൾക്ക് വിജയിച്ച ഉടുമ്പൻചോലയിൽ 20,021 വോട്ടിനും, 28121 വോട്ടിന് വിജയിച്ച ഇരവിപുരത്ത് 8803 വോട്ടിനും, 23,497 വോട്ടിന് ജയിച്ച കഴക്കൂട്ടത്ത് 428 വോട്ടിനും, അതു പോലെ തന്നെ, 23, 231 വോട്ടിന് ജയിച്ച കാട്ടാക്കടയിൽ 7, 136 വോട്ടിനുമാണ് സി.പി.എം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരിക്കുന്നത്. മുൻപ് സൂചിപ്പിച്ച ബാലുശേരിക്ക് പുറമെ, പേരാവൂർ, വട്ടിയൂർക്കാവ് എന്നീ ഉറച്ച മണ്ഡലങ്ങളിലും ഇത്തവണ സിപിഎം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.

സി.പി.എമ്മുമായി താരതമ്യപ്പെടുത്തുമ്പോൾ സിപിഐയുടെ പരുക്ക് കുറവാണ്. 2021ൽ 20,000 വോട്ടിലധികം ഭൂരിപക്ഷത്തിൽ ജയിച്ച 8 മണ്ഡലങ്ങളിൽ, കൊടുങ്ങല്ലൂരിലും, വൈക്കത്തും മാത്രമാണ് സിപിഐ പരാജയപ്പെട്ടിരിക്കുന്നത്. ഇനി ഇത്തവണ സിപിഎം വിജയിച്ച സി.പി.എം കോട്ടകളിലെ ഭൂരിപക്ഷം നമുക്ക് പരിശോധിക്കാം. ആദ്യം മുൻ മുഖ്യമന്ത്രി നായനാരുടെ മണ്ഡലമായ കല്യാശ്ശേരി തന്നെ എടുക്കാം. 2021ലെ തിരഞ്ഞെടുപ്പിൽ, സിപിഎമ്മിന് 44,393 വോട്ടിൻ്റെ ഭൂരിപക്ഷം കിട്ടിയ ഈ മണ്ഡലത്തിൽ ഇത്തവണ ലഭിച്ചിരിക്കുന്നത് 18,433 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ്.

അരലക്ഷത്തിൽ അധികം ഭൂരിപക്ഷത്തിന് ലഭിച്ച പിണറായി വിജയൻ്റെ ധർമടത്ത് ലഭിച്ച ഭൂരിപക്ഷം എന്ന് പറയുന്നത് 19247 വോട്ടുകളാണ്. മറ്റൊരു സിപിഎം കോട്ടയായ തലശ്ശേരിയിൽ പതിനയ്യായിരത്തിൽ അധികം വോട്ടിൻ്റെ കുറവുകളാണ് ഉണ്ടായിരിക്കുന്നത്. 60,963 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ സംഭവിച്ചതും കനത്ത പ്രഹരമാണ്. 14,168 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്.

അതുപോലെ തന്നെ, 36,674 വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന ഷൊർണൂരിൽ 16517 വോട്ടിൻ്റെ ഭൂരിപക്ഷവും, 34,118 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ആലത്തൂരിൽ 8553 വോട്ടുകളും, 39, 400 ഭൂരിപക്ഷം ഉണ്ടായിരുന്ന ചേലക്കരയിൽ 29386 വോട്ടിൻ്റെ ഭൂരിപക്ഷവും മാത്രമാണ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്നത്. സജി ചെറിയാൻ്റെ ചെങ്ങന്നൂരിൽ 32, 093 ഭൂരിപക്ഷം എന്നത് ഒറ്റയടിക്കാണ് 10,292 ആയി കുറഞ്ഞിരിക്കുന്നത്. ആറ്റിങ്ങലിലെ ഭൂരിപക്ഷമാകട്ടെ, 31, 636 ൽ നിന്നും 13,375 ആയാണ് മാറി മറിഞ്ഞിരിക്കുന്നത്.

സി.പി.എമ്മിൻ്റെ കോട്ടകളായിരുന്ന മണ്ഡലങ്ങളിലെ കനത്ത തോൽവിയെ പോലെ തന്നെ, ഞെട്ടിക്കുന്നതാണ് ഈ സിറ്റിംങ് മണ്ഡലങ്ങളിലെ പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചകളും എന്നതും എടുത്ത് പറയേണ്ട കാര്യങ്ങളാണ്. പുതിയ സാഹചര്യത്തിൽ ഇതിന് സി.പി.എം നേതൃത്വം എന്തു വ്യാഖ്യാനം നൽകുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. വിശാല സംസ്ഥാന കമ്മറ്റിയിൽ ഇതിനെ കുറിച്ചെല്ലാം, വ്യക്തമായി തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പിണറായി വിജയനും മറുപടി പറയേണ്ടി വരും. നേതൃതത്തിനല്ല, അണികൾക്കാണു തെറ്റെന്നു വ്യാഖ്യാനിച്ച് തടിതപ്പാനൊന്നും ഇത്തവണ കഴിയുകയില്ല.

വിശാല സംസ്ഥാന കമ്മറ്റിയിൽ നടക്കുന്ന ചർച്ചകളുടെ ഗതിയെ അനുസരിച്ചും, ഈ യോഗത്തിൽ പങ്കെടുക്കുന്ന സി.പിഎം പി.ബി അംഗങ്ങളുടെ നിലപാടിനെ അനുസരിച്ചുമായിരിക്കും നിലവിലെ സി.പി.എം നേതൃത്വത്തിൻ്റെ ഭാവി.

ഈ യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിക്കപ്പെട്ടവർ എന്നു പറയുന്നത്, സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹികൾ എന്നിവരാണ്. അതായത്, പിണറായിയുടെ നേതൃത്വത്തിൽ കെട്ടിപടുത്ത നേതൃത്വവും, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമാണ് വിശാല സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നത് എന്നതിനാൽ തന്നെ തൽക്കാലം അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതിൽ ഒരു മാറ്റം വരണമെങ്കിൽ സി.പി.എം സംഘടനാ സംവിധാനം അടിമുടി തന്നെ മാറണം. അതിന് അടുത്ത പാർട്ടി സമ്മേളനങ്ങൾ വരെ എന്തായാലും കാത്തിരിക്കേണ്ടതായി വരും.

ബ്രാഞ്ച് തലം മുതൽ സംസ്ഥാന സമ്മേളനം വരെ നടക്കുന്ന സംഘടനാ സമ്മേളനങ്ങളിൽ നേതൃത്വത്തിൻ്റെ നോമിനികൾക്ക് എതിരെ മത്സരിച്ച് പാർട്ടി ഘടകങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ നിലവിലെ ശൈലിയും നിലപാടുകളും മാറി പുതിയ ഒരു സി.പി.എം നേതൃത്വം ഉയർന്നുവരികയൊള്ളൂ. അതിലേക്കുളള ഒരു ചവിട്ട് പടിയായി, വിശാല സംസ്ഥാന കമ്മറ്റിയിലെ ചർച്ചകളെങ്കിലും വഴിമാറണമെന്നതാണ് ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *