ക്ഷേത്രങ്ങളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ എടുക്കാറുണ്ടോ? ഇനി തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോൺ അകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഇന്നുമുതൽ ക്യാമറയുള്ള മൊബൈൽ ഫോണുകൾ ക്ഷേത്രവാതിൽക്കൽ തന്നെ നിക്ഷേപിക്കണം. ക്ഷേത്രങ്ങളിലെ ദേവവിഗ്രഹങ്ങളുടെ ചിത്രമെടുക്കുന്നതും ആചാരങ്ങളുടെ വീഡിയോ പകർത്തുന്നതും തടയാനാണ് നടപടി. 2022ലെ മദ്രാസ് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നടപ്പാക്കുന്നതെന്ന് ഹിന്ദു മത-ദാനധർമ്മ വകുപ്പ് മന്ത്രി എസ്. രമേഷ് അറിയിച്ചു.

ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ ഇതിനായി പ്രത്യേക കൗണ്ടറുകൾ ഒരുക്കും. മൊബൈൽ ഫോൺ നിക്ഷേപിക്കുന്നതിന് 5 രൂപ ഈടാക്കും. ഫോൺ തിരികെ വാങ്ങുമ്പോൾ നൽകേണ്ട രസീത് അല്ലെങ്കിൽ പ്ലാസ്റ്റിക് ടോക്കൺ ഭക്തർ സൂക്ഷിക്കണം. എന്നാൽ ക്യാമറയില്ലാത്ത ഫോണുകൾ ക്ഷേത്രത്തിനകത്ത് കൊണ്ടുപോകാം. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഗൗരവവും വിശുദ്ധിയും നിലനിർത്തുന്നതിനൊപ്പം, ദേവവിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തുടർച്ചയായി പകർത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നിയന്ത്രണമെന്നാണ് സർക്കാർ വിശദീകരണം.തീരുമാനം വന്നത് 2022ലെ കോടതി ഉത്തരവിന് പിന്നാലെ

ക്ഷേത്രത്തിനകത്തെ മൊബൈൽ ഫോൺ ഉപയോഗം ദേവവിഗ്രഹങ്ങളുടെ പവിത്രതയെ ബാധിക്കാമെന്നും ക്ഷേത്രങ്ങളിലെ സുരക്ഷയ്ക്കും വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണത്തിനും പ്രശ്നമാകാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു 2022ൽ ഹർജി നൽകിയിരുന്നത്. ക്ഷേത്രങ്ങളുടെ ആചാരപരമായ അന്തരീക്ഷവും ഗൗരവവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അധികൃതർക്കുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. മൊബൈൽ ഫോൺ ഉപയോഗം ഭക്തരുടെ ശ്രദ്ധ തിരിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് തമിഴ്നാട്ടിലാകെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിയന്ത്രണം നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു.

തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ക്ഷേത്രത്തിനകത്ത് കൂടുതൽ ശാന്തമായ അന്തരീക്ഷം ഉണ്ടാക്കാൻ നിയന്ത്രണം സഹായിക്കുമെന്ന് ചിലർ പറയുമ്പോൾ, നിക്ഷേപിക്കുന്ന മൊബൈൽ ഫോണുകളുടെ സുരക്ഷയെക്കുറിച്ചും പ്രവേശനകവാടങ്ങളിൽ നീണ്ട നിര ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും മറ്റുചിലർ ആശങ്ക ഉയർത്തുന്നു. തിരുപ്പതിയിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും ഉൾപ്പെടെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിയന്ത്രണം നിലവിലുണ്ട്. ഇപ്പോൾ തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിലും സമാന നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ ക്ഷേത്രദർശനത്തിന്റെ രീതിയിലും പുതിയ മാറ്റമാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *