ഇറാൻ തിരിച്ചടിയിൽ അമേരിക്കയ്ക്ക് കനത്ത സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ;

റാനുമായുള്ള സായുധ സംഘർഷം ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളെയും സൈനിക മുന്നേറ്റങ്ങളെയും പടിപടിയായി തകർത്തുകൊണ്ട് പശ്ചിമേഷ്യയിൽ ഇറാൻ അപൂർവ്വമായൊരു ചരിത്രവിജയം രേഖപ്പെടുത്തുകയാണ്. ആധുനിക സങ്കേതികവിദ്യയുടെയും ആക്രമണസ്വഭാവത്തിൻ്റെയും തിളക്കത്തിൽ ലോകത്തെ വിറപ്പിച്ച അമേരിക്കൻ സൈനിക ശക്തി, ഇറാന്റെ അടിയുറച്ച പ്രതിരോധത്തിന് മുന്നിൽ പൂർണ്ണമായും വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒന്നിനുപുറകെ ഒന്നായി അമേരിക്കൻ കേന്ദ്രങ്ങൾക്ക് മേൽ ഇറാൻ നടത്തുന്ന ശക്തമായ തിരിച്ചടികൾ അമേരിക്കയിലെ ഭരണാധികാരികളെയും പെന്റഗൺ ഉദ്യോഗസ്ഥരെയും കടുത്ത നിരാശയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ഇറാന്റെ കരുത്താർന്ന ചെറുത്തുനിൽപ്പിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ തന്നെ വലിയതോതിലുള്ള മാറ്റങ്ങളും രാജിനാടകങ്ങളും അരങ്ങേറുന്നു എന്നത് ഈ വിജയത്തിന്റെ ആഴം വ്യക്തമാക്കുന്നു.

പ്രമുഖ മാധ്യയങ്ങളായ പ്രസ്സ് ടി വി , ടെെംസ് നൗ എന്നിവയുടെ റിപ്പോർട്ട് പ്രകാരം ഇറാന്റെ ഭാഗത്തുനിന്നുള്ള കനത്ത തിരിച്ചടികളിൽ തകർന്നുപോയ അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഇപ്പോൾ പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. ലൊക്കേഷൻ ഡാറ്റ ചോർന്ന് അമേരിക്കൻ സൈനികർ ഇറാനിയൻ നിരീക്ഷണങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയം പെന്റഗണിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സൈനികർ വ്യക്തിഗത ഉപകരണങ്ങളിലും സർക്കാർ നൽകുന്ന ഉപകരണങ്ങളിലും ജിയോലൊക്കേഷൻ സേവനങ്ങളും പരസ്യ ട്രാക്കറുകളും ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ പെന്റഗൺ ഉത്തരവിടാൻ നിർബന്ധിതരായിരിക്കുന്നു. വാണിജ്യപരമായി ലഭ്യമായ സ്ഥല ഡാറ്റ ഉപയോഗിച്ച് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനയെ ലക്ഷ്യമിടാൻ ഇറാൻ ബ്രോക്കർമാരുടെ സഹായത്തോടെ സാധിക്കുന്നുവെന്ന റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ അമേരിക്കൻ ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. മൊബൈൽ ഫോണുകളിലെയും വിൻഡോസ് കമ്പ്യൂട്ടറുകളിലെയും പരസ്യ ഐഡികളും ട്രാക്കറുകളും അടിയന്തരമായി പ്രവർത്തനരഹിതമാക്കാൻ അമേരിക്കൻ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ ഉത്തരവിട്ടത് ഇറാന്റെ രഹസ്യാന്വേഷണ മികവിനും സൈനിക ജാഗ്രതയ്ക്കും മുന്നിലുള്ള അമേരിക്കയുടെ സമ്പൂർണ്ണ കീഴടങ്ങലിന്റെ വ്യക്തമായ തെളിവാണ്.

ഇറാന്റെ മണ്ണിൽ നിന്നും അതിർത്തികളിൽ നിന്നും ഉയരുന്ന ഈ പ്രതിരോധം അമേരിക്കൻ സൈനികർക്ക് വരുത്തിവെക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. ഫെബ്രുവരിയിൽ ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, ഇറാൻ സൈന്യം നടത്തിയ കൃത്യമായ തിരിച്ചടികളിൽ 18 അമേരിക്കൻ സൈനികരാണ് ഇതിനകം കൊല്ലപ്പെട്ടത്. കൂടാതെ 759 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിലുടനീളമുള്ള അറബ് സംസ്ഥാനങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാനിയൻ മിസൈലുകളും ഡ്രോണുകളും തീർത്ത മഴവില്ല് പോലെ പതിച്ചപ്പോഴാണ് ഈ വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇതിൽ ഭൂരിഭാഗം പരിക്കുകളും അമേരിക്കൻ സൈനികരുടെ തലച്ചോറിനേറ്റ ഗുരുതരമായ ആഘാതങ്ങളാണെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ താവളങ്ങൾ ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് മുന്നിൽ വെന്തുരുകുമ്പോൾ, ഇറാൻ ഉയർത്തുന്ന ഭീഷണി എത്രത്തോളം വലുതാണെന്ന് ആഗോള സമൂഹം തിരിച്ചറിയുകയാണ്.അമേരിക്കയുടെ ഈ പരാജയങ്ങളെയും നിസ്സഹായതയെയും തുറന്നുകാട്ടിക്കൊണ്ട് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിനിയ രംഗത്തുവന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇനിയും ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്നും, യാഥാർത്ഥ്യം അംഗീകരിച്ച് പശ്ചിമേഷ്യ മേഖല വിട്ടുപോകാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം പരസ്യമായി ഉപദേശിച്ചു. ഒരു സ്വതന്ത്രവും പരിഷ്കൃതവുമായ രാഷ്ട്രത്തെ ആക്രമിക്കാനുള്ള അമേരിക്കയുടെ തെറ്റായ തീരുമാനത്തിൽ നിന്നാണ് അമേരിക്കൻ ജനതയും സൈന്യവും ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ പ്രതിസന്ധികളും ഉടലെടുത്തിരിക്കുന്നതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “അമേരിക്കക്ക് ഉചിതമായ പരിഹാരം യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുക, ചെലവുകൾ വഹിക്കുക, മേഖല വിടുക എന്നതാണ്” എന്ന ഇറാന്റെ പ്രഖ്യാപനം സാമ്രാജ്യത്വ ശക്തികൾക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പാണ്. അമേരിക്കയുടെ പിന്മാറ്റം മാത്രമാണ് പ്രാദേശിക സുരക്ഷ ഉറപ്പാക്കാനുള്ള ഏക വഴിയെന്നും ഇറാൻ അടിവരയിട്ടു പറയുന്നു.

ഈ സായുധ പോരാട്ടത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഇറാന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ട നിരവധി സംഭവങ്ങൾ കാണാനാകും. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നിയമവിരുദ്ധമായ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോൾ, ഇറാൻ അതിനെ ഒട്ടും പതറാതെയാണ് നേരിട്ടത്. കൂടാതെ ഇറാന്റെ ധീരമായ ചെറുത്തുനിൽപ്പിനും വിജയകരമായ ശക്തമായ പ്രതികാര നടപടികൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നാൽപ്പത് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 8-ന് ശത്രുക്കൾ വെടിനിർത്തൽ അംഗീകരിക്കാൻ നിർബന്ധിതരായി. തുടർന്ന് ജൂൺ 17-ന് ഇറാനും അമേരിക്കയും തമ്മിൽ 14 പോയിന്റ് അടങ്ങിയ പാകിസ്താൻ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ശത്രുത അവസാനിപ്പിക്കാനും തീരുമാനമാവുകയും ചെയ്തു. എന്നാൽ അമേരിക്ക ഈ ധാരണയിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തുകയും വീണ്ടും ആക്രമണങ്ങൾക്ക് മുതിരുകയും ചെയ്യുകയായിരുന്നു. ഇതിനു മറുപടിയായി ജൂലൈയിലും സെപ്റ്റംബറിലും ഇറാൻ നൽകിയ ശക്തമായ പ്രത്യാക്രമണങ്ങൾ അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ പൂർണ്ണമായും അട്ടിമറിച്ചു.

ഇറാന്റെ ഈ ശക്തമായ പ്രതിരോധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ വലിയതോതിലുള്ള പൊട്ടിത്തെറികളും നേതൃമാറ്റങ്ങളുമാണ് നടക്കുന്നത്. ഇറാൻ യുദ്ധത്തിന്റെ പുരോഗതിയിൽ കടുത്ത നിരാശയും അതൃപ്തിയും പ്രകടിപ്പിക്കുന്ന ഡോണൾഡ് ട്രംപ് ഭരണകൂടം, പെന്റഗൺ നേതൃത്വത്തിൽ അടിയന്തര മാറ്റങ്ങൾ വരുത്താനുള്ള തയ്യാറെടുപ്പിലാണ്. ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ അടുത്തിടെ രാജിവെച്ചിരുന്നു. 18 മാസത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്. അദ്ദേഹത്തിന് പകരമായി മാർക്ക് ആൻഡേഴ്‌സൺ, ഷോൺ പാർണൽ തുടങ്ങി നിരവധി പേരുകൾ പരിഗണനയിലുണ്ടെങ്കിലും, സൈന്യം ഇതിനകം തന്നെ കനത്ത നേതൃത്വ ശൂന്യതയാണ് നേരിടുന്നത്. യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ സൈന്യത്തിന്റെ മുഖ്യ ചുമതലക്കാരെ പോലും മാറ്റേണ്ടിവരുന്ന അവസ്ഥ അമേരിക്കൻ ഭരണകൂടത്തിന്റെ ആഭ്യന്തര തകർച്ചയാണ് വെളിപ്പെടുത്തുന്നത്.

കൂടാതെ, ഡെപ്യൂട്ടി സെക്രട്ടറി ഓഫ് വാർ സ്റ്റീവ് ഫീൻബെർഗിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വൈറ്റ് ഹൗസിൽ സജീവമാണ്. ഇറാൻ യുദ്ധം ഇത്രയധികം നീണ്ടുപോകുകയും അമേരിക്കയ്ക്ക് കനത്ത സാമ്പത്തിക-സൈനിക നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതോടെ ട്രംപ് ഭരണകൂടം വലിയ സമ്മർദ്ദത്തിലാണ്. തങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ കാര്യങ്ങൾ നീങ്ങാത്തതും, ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുമേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നൽകിയ തിരിച്ചടികളും അമേരിക്കൻ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. മാസങ്ങൾ നീണ്ട ഈ പോരാട്ടത്തിൽ അമേരിക്കയുടെ പണം ചോരുകയും സൈനികർ ജീവൻ വെടിയുകയും ചെയ്യുമ്പോൾ, യാതൊരുവിധ അടിയറവിനും തയ്യാറാകാതെ പശ്ചിമേഷ്യയിൽ തലയുയർത്തി നിൽക്കുന്ന ഇറാൻ ആഗോള തലത്തിൽ തന്നെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പുതിയ ചരിത്രമാണ് രചിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *