ഹരിത ഗതാഗത സംവിധാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട് ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന സിറ്റി ബസ് എത്തുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പുമായി സഹകരിച്ചാണ് ഒമാൻ ഗതാഗത മന്ത്രാലയം ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കുക, സ്മാർട്ട് സിറ്റി മാതൃകകൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സലാലയിൽ വെച്ച് നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിലാണ് ഇരു വിഭാഗങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചത്.
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചിട്ടുള്ളതെങ്കിലും, സാഹചര്യങ്ങൾ അനുസരിച്ച് ഇത് നീട്ടാൻ വ്യവസ്ഥയുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യൂവൽ സെൽ മൊബിലിറ്റി, സ്മാർട്ട് സിറ്റി സാങ്കേതികവിദ്യകൾ എന്നിവയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ ‘മുവാസലാത്ത്’ ആണ് രാജ്യത്ത് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ആദ്യഘട്ടത്തിൽ 24 സീറ്റുള്ള ബസായിരിക്കും നിരത്തിലിറക്കുക. 2026-ന്റെ മൂന്നാം പാദത്തിൽ ആരംഭിച്ച് 2027 മൂന്നാം പാദം വരെയാണ് പൈലറ്റ് പ്രോജക്ടിന്റെ കാലാവധി. ഈ ഒരു വർഷക്കാലയളവിൽ ഹൈഡ്രജൻ ബസിന്റെ കാര്യക്ഷമതയും പ്രകടനവും നിലവിലുള്ള ഡീസൽ ബസുകളുമായി താരതമ്യം ചെയ്ത് വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും.
