ദുബായുടെ റോഡ് ശൃംഖലയും അന്തർ-എമിറേറ്റ് ഗതാഗതവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ‘ഫോർത്ത് കോറിഡോർ’ പദ്ധതിക്ക് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി. അബുദാബിയിലെ അൽ ഫയാ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെ ഏകദേശം 80 കിലോമീറ്റർ നീളത്തിലാണ് ഈ അതിവേഗ പാത നിർമ്മിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 3.5 ബില്യൺ യു.എ.ഇ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇരുവശങ്ങളിലേക്കുമായി ആകെ 12 ലെയ്നുകളോടെയാണ് ഈ വലിയ ഹൈവേ യാഥാർത്ഥ്യമാക്കുന്നത്. ഇതിൽ 72 പാലങ്ങളും, 17 തുരങ്കങ്ങളും, 45 വെള്ളപ്പൊക്ക നിവാരണ കലുങ്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ ഇടനാഴിയിലൂടെ മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി കാൽലക്ഷം വാഹനങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കാൻ സാധിക്കും. ദുബായ് അടക്കമുള്ള എമിറേറ്റുകളിലെ 31 ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) ഈ പുതിയ പദ്ധതി.പ്രധാന എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാത അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായും ഇത്തിഹാദ് റെയിലുമായും നേരിട്ട് കണക്ട് ചെയ്തിരിക്കുന്നു. ഇത് എമിറേറ്റുകൾക്കിടയിലെ ചരക്ക്-വാണിജ്യ ഗതാഗത മേഖലയ്ക്കും വലിയ ഉണർവ്വ് നൽകും. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ഒരുപോലെ ചെറുക്കാൻ ശേഷിയുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള ഹൈവേകളിലെ കടുത്ത ഗതാഗതക്കുരുക്കിന് ഇതിലൂടെ വലിയൊരു പരിഹാരം കാണാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
