യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ അഞ്ച് പ്രമുഖ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾ നടത്തുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ ആഗോള ടെൻഡറുകൾ ക്ഷണിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചുകൊണ്ടുള്ള ഈ നിർണ്ണായക നീക്കം. പ്രവാസി ഇന്ത്യക്കാർക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യോഗ്യരായ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 26 വരെ ഇതിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തുടർന്ന് അപേക്ഷകൾ പരിശോധിച്ച് നവംബർ 27-ന് പുതിയ കരാർ നൽകുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഈ രാജ്യങ്ങളിൽ സേവനങ്ങൾ നൽകി വരുന്ന ‘അൽ ഹിന്ദ്’ ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾക്കും പുതിയ ടെൻഡർ നടപടികളിൽ പങ്കെടുക്കാവുന്നതാണ്.
