ഡൽഹി-എൻ.സി.ആറിലെ ഓരോ സ്ത്രീക്കും പൊതു ഇടങ്ങളിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. രാത്രി 10 മണിക്ക് മെട്രോയിലോ റോഡിലോ സഞ്ചരിക്കുന്ന ഏതൊരു സ്ത്രീക്കും സുരക്ഷിതത്വ ബോധം ഉണ്ടാകണമെന്നും, സുരക്ഷാ നടപടികൾ വെറും കടലാസിലൊതുങ്ങരുതെന്നും കോടതി കർശനമായി മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വർദ്ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കൃത്യമായ തത്സമയ നിരീക്ഷണവും കമാൻഡ് സെന്ററുകളും ഇല്ലാതെ വെറുതെ സി.സി.ടി.വി സ്ഥാപിച്ചതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആസ്ത കുഞ്ച് പാർക്കിൽ നടന്ന കൂട്ടബലാത്സംഗം, സ്വരൂപ് നഗറിലെ ദാരുണമായ സംഭവം, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നേരിട്ട അതിക്രമം എന്നിവ ഓർമ്മിപ്പിച്ച കോടതി, ഇവ 2012-ലെ നിർഭയ സംഭവത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് ആശങ്ക പ്രകടിപ്പിച്ചു.പൊതു പാർക്കുകൾ, ബസുകൾ, മെട്രോ സ്റ്റേഷനുകൾ, നടപ്പാലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലെ വെളിച്ചക്കുറവും പട്രോളിങ്ങിന്റെ അഭാവവും പരിഹരിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിവരിക്കുന്ന സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കൂടാതെ, ലൈംഗിക കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസ് ഉപയോഗം, സേഫ് സിറ്റി പ്രോജക്റ്റ്, വനിതാ ഹെൽപ്പ്ലൈൻ (181), എമർജൻസി റെസ്പോൺസ് സിസ്റ്റം (112) എന്നിവയുടെ ഇപ്പോഴത്തെ പ്രവർത്തനക്ഷമതയും സുപ്രീം കോടതി അവലോകനം ചെയ്തു.
