യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർ കൂടി അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരാണ് പിടിയിലായത്. വഴുതക്കാട്ടുനിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെയും, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ‘റെസിസ്റ്റൻസ് മാർച്ച്’ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ എത്തിയതോടെയാണ് തലസ്ഥാനം തെരുവ് യുദ്ധത്തിന് സമാനമായ സംഘർഷത്തിന് സാക്ഷ്യം വഹിച്ചത്. മാർച്ചിൽ സമരക്കാർ തീപ്പന്തം ഉൾപ്പെടെ ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞുവെന്നും, ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പികളും തിരിച്ചെറിഞ്ഞെന്നുമാണ് പരസ്പരമുള്ള ആരോപണം. തുടർന്ന് ക്യാമ്പസിൽ അതിക്രമിച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയും ഇരുവിഭാഗവും ഏറ്റുമുട്ടുകയും ചെയ്തു.തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറി. കണ്ണൂരിലും കാസർകോടുമായി വിവിധയിടങ്ങളിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞത് കയ്യാങ്കളിയിൽ കലാശിച്ചു. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്.
