മിഡിൽ ഈസ്റ്റിലെ ഇന്നത്തെ സ്ഥിതിഗതികൾ എങ്ങോട്ടാണ് പോകുന്നത്? പ്രത്യേകിച്ച് GCCയിലെ ഏറ്റവും വലിയ ശക്തിയായ സൗദി അറേബ്യ എന്ന മഹാരാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അവിടെ വസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ, പ്രത്യേകിച്ച് നമ്മൾ മലയാളികളെ ഇത് ഏത് രീതിയിലാണ് ബാധിക്കാൻ പോകുന്നത്? ഈ ചോദ്യങ്ങളെല്ലാം ഇന്ന് ഓരോ പ്രവാസിയുടെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളുടെയും ഉള്ളിൽ വലിയൊരു ആശങ്കയായി നിൽക്കുകയാണ്.
വിദേശരാജ്യങ്ങൾ പലവിധ സഹായങ്ങളും പ്രതിരോധ പിന്തുണകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യമനിൽ നിന്നുള്ള ഹൂതികളുടെ ആക്രമണങ്ങൾക്ക് സൗദിയിൽ ഒരു കുറവുമില്ല എന്നതാണ് ഇന്നത്തെ പച്ചയായ യാഥാർത്ഥ്യം. മുൻപ് അതിർത്തി പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ സൗദിയുടെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. റിയാദിനെ നിരന്തരം ലക്ഷ്യമിടുന്ന ഹൂതികൾ ഇപ്പോൾ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ നഗരമായ ദമാമിനെയും ആക്രമിക്കുന്നത് ഒരു പതിവാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുപോലെതന്നെ, സൗദിയുടെ സാമ്പത്തിക നട്ടെല്ലായ എണ്ണപ്പാടങ്ങൾക്ക് നേരെ ഉണ്ടായ ഹൂതി ആക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടു. അതിൽ കൊല്ലപ്പെട്ടത് നേപ്പാളി, ഫിലിപ്പീൻസ് പൗരന്മാരാണ്. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള മറ്റ് നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹൂതികളുടെ പ്രധാന ശക്തികേന്ദ്രമായ തായിസിൽ സൗദി സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 200-ലധികം ഹൂതികളെ വധിച്ചതായി സൗദി മിലിറ്ററി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇവിടുത്തെ യഥാർത്ഥ അപകടനില കുറയുന്നില്ല. അന്താരാഷ്ട്ര തലത്തിൽ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്ന ഒന്നാണ് അമേരിക്കൻ സർക്കാരിന്റെ പുതിയ തീരുമാനം. അടിയന്തര പ്രാധാന്യമുള്ള ജോലികൾ നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥർ ഒഴികെ മറ്റെല്ലാവരോടും സൗദി വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാനാണ് അമേരിക്കൻ എംബസിയും ഭരണകൂടവും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇത്തരം ഭീതിജനകമായ വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ ഇടംപിടിക്കുമ്പോൾ, സൗദി അറേബ്യ എന്ന രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നമ്മൾ ചിന്തിച്ചുപോകുന്നത് സ്വാഭാവികമാണ്. ജിസിസി മേഖലയിലെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയായ സൗദിയുടെ നിലനിൽപ്പ് അത്ര എളുപ്പത്തിൽ തകരുന്ന ഒന്നല്ല. എന്നാൽ ഇറാന്റെ നേരിട്ടുള്ള ആക്രമണങ്ങൾ ഒരുവിധം അടങ്ങി എന്ന് കരുതിയ സമയത്താണ്, ഇറാന്റെ പ്രോക്സിയായ ഹൂതികൾ സൗദിയെ സാമ്പത്തികമായും സൈനികമായും വീണ്ടും ഞെരുക്കാൻ തുടങ്ങിയിരിക്കുന്നത്. നാളെ ഈ യുദ്ധവും സംഘർഷങ്ങളും അവസാനിച്ചാൽ പോലും, പഴയതുപോലെ ശക്തമായ ഒരു സമ്പദ്വ്യവസ്ഥയിലേക്ക് തിരിച്ചെത്താൻ സൗദിക്ക് എത്രനാൾ വേണ്ടി വരും? പ്രവാസികൾക്ക് സമാധാനത്തോടെ ജോലി ചെയ്ത് ഉപജീവനം നടത്താൻ പറ്റാത്ത ഒരു രാജ്യമായി സൗദി മാറുകയാണോ? ഈ അസുഖകരമായ ചോദ്യങ്ങൾ നമ്മൾ വളരെ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. പശ്ചിമേഷ്യ ഇപ്പോഴും വലിയൊരു യുദ്ധഭീതിയിലാണ് ജീവിക്കുന്നത്.
സാമ്പത്തിക ശേഷിയുടെ കാര്യമെടുത്താൽ സൗദി അറേബ്യ വളരെ സ്ട്രോങ്ങ് ആയ ഒരു രാജ്യമാണ്. സാമ്പത്തികമായി സൗദിക്ക് വലിയൊരു തകർച്ച ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം വരെ ആരും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഇറാൻ-അമേരിക്കൻ യുദ്ധസാഹചര്യങ്ങൾ കൊടുംപിരി കൊണ്ടിരുന്ന സമയത്ത് പോലും ചോദിക്കാത്ത ചില ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. റിയാദിനും യാൻബൂ തുറമുഖത്തിനും മറ്റു പ്രധാന വ്യവസായ നഗരങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അത്രമേൽ ഭീഷണിയാണ്. ആയുധശേഷിയുടെ കാര്യത്തിൽ ഗൾഫ് മേഖലയിൽ ഏറ്റവുമധികം ആധുനിക യുദ്ധവിമാനങ്ങളുള്ളത് സൗദിക്കാണ്. ഇവയിൽ ഭൂരിഭാഗവും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. സൗദി പൈലറ്റുകൾക്ക് പരിശീലനം നൽകുന്നതും വിദേശ സൈനിക വിദഗ്ധരാണ്. ഇതുകൂടാതെയാണ് നമ്മൾ ഏറെ ചർച്ച ചെയ്തിട്ടുള്ള 'മെക്കാ കരാർ'. പാകിസ്ഥാനുമായും തുർക്കിയുമായും ചേർന്ന് സൗദി ഉണ്ടാക്കിയ സുരക്ഷാ കരാറാണിത്. അതുപോലെ ചെങ്കടൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ പതിനേഴോളം രാജ്യങ്ങളുമായി ചേർന്ന് വലിയൊരു നാവിക സഖ്യവും സൗദി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ കാര്യം വന്നപ്പോൾ സൗദി അറേബ്യ പലപ്പോഴും ഒറ്റപ്പെട്ടുപോയോ എന്നൊരു സംശയം ബലപ്പെടുകയാണ്.
സൗദിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് എണ്ണയാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അതായത് (MBS) മുന്നോട്ട് വെച്ച ‘വിഷൻ 2030’ എന്ന മാസ്റ്റർ പ്ലാനിലൂടെ എണ്ണയോടുള്ള അമിത ആശ്രയത്വം കുറയ്ക്കാൻ സൗദി ശ്രമിച്ചുവരികയായിരുന്നു. ദുബായ് ചെയ്തതുപോലെ ടൂറിസം, സാങ്കേതികവിദ്യ, വിദേശ നിക്ഷേപങ്ങൾ എന്നിവയിലേക്ക് സമ്പദ്വ്യവസ്ഥയെ മാറ്റാനായിരുന്നു പദ്ധതി. എന്നാൽ കാര്യങ്ങൾ എല്ലാം ഭദ്രമാണെന്ന് കരുതിയിരുന്ന സമയത്താണ് ഹൂതികളുടെ ഈ അപ്രതീക്ഷിത ആക്രമണങ്ങൾ സൗദിയുടെ എല്ലാ വികസന കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നത്.
ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും ഇറാനും തമ്മിൽ രണ്ട് വർഷം മുൻപ് ഉണ്ടാക്കിയ ചരിത്രപരമായ കരാറുകൾ ഇപ്പോൾ ആരും സംസാരിക്കാത്ത അവസ്ഥയിലായി. ഇറാൻ നേരിട്ട് ആക്രമിക്കുന്നില്ലെങ്കിലും, ഇറാഖിലെ ഷിയ മിലീഷ്യകളും യമനിലെ ഹൂതികളും സൗദിയുടെ കിഴക്കൻ മേഖലയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ചീറിപ്പായിക്കുകയാണ്. 2022 മുതൽ താൽക്കാലിക വെടിനിർത്തലിൽ ആയിരുന്ന ഹൂതികൾ ഇപ്പോൾ യമനിലെ പ്രധാന തുറമുഖങ്ങളും തന്ത്രപ്രധാന ദ്വീപുകളും തിരിച്ചുപിടിച്ച് മുന്നേറുകയാണ്. അതിനാൽ സൗദിക്ക് അടങ്ങിയിരിക്കാൻ കഴിയില്ല, അവർ തങ്ങളുടെ മുഴുവൻ വ്യോമസേനയെയും മിലിറ്ററിയെയും ഉപയോഗിച്ച് തിരിച്ചടിക്കാൻ നിർബന്ധിതരാകുകയാണ്.
ഇവിടെയാണ് സൗദിയുടെ എണ്ണ വ്യാപാരം വലിയ പ്രതിസന്ധിയിലാകുന്നത്. സൗദിയുടെ സാധാരണ എണ്ണ ഉത്പാദനം പ്രതിദിനം 13 മില്യൺ ബാരൽസ് ആണ്. എന്നാൽ ഹോർമോസ് കടലിടുക്കിൽ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ പരമ്പരാഗത പാതയിലൂടെ എണ്ണ വിപണിയിൽ എത്തിക്കാൻ കഴിയുന്നില്ല. ഇതിന് പകരമായി ‘ഷാഡോ ഫ്ലീറ്റ്’ വഴി വലിയ റിസ്കെടുത്ത് ഒമാൻ കടലിലൂടെ വിദേശ ടാങ്കറുകളിലേക്ക് എണ്ണ മാറ്റുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ വഴി ചെങ്കടലിലെ യാൻബൂ തുറമുഖത്തേക്ക് നീളുന്ന 1200 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ ആണ്. എന്നാൽ ഇതിന്റെ ഇരുവശങ്ങളിലും ഹൂതികളുടെയും ഷിയ മിലീഷ്യകളുടെയും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. യാൻബൂ തുറമുഖവും ഹൂതികളുടെ ഡ്രോൺ പരിധിയിലാണ്. തെക്കോട്ട് സഞ്ചരിച്ച് ബാബിൽ മന്ദേവ് കടന്നുപോവുക എന്നത് ഹൂതി ഭീഷണി കാരണം സൗദി കപ്പലുകൾക്ക് അസാധ്യമാണ്. ഇതോടെ സൗദിയുടെ എണ്ണ കയറ്റുമതി പകുതിയോളം തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സാധാരണക്കാരായ പ്രവാസികളെയാണ്. എണ്ണ മേഖലയിലും ഇൻഫ്രാസ്ട്രക്ചർ രംഗത്തും ജോലി ചെയ്യുന്ന താഴെത്തട്ടിലുള്ള ജീവനക്കാരുടെയും ടെക്നീഷ്യന്മാരുടെയും തൊഴിൽ സുരക്ഷിതത്വം അപകടത്തിലാണ്. കടുത്ത സാമ്പത്തിക ഞെരുക്കം വന്നാൽ കമ്പനികൾ ലേ-ഓഫുകളും പിരിച്ചുവിടലുകളും നടപ്പിലാക്കിയേക്കാം. കൂടാതെ, വിഷൻ 2030-ന്റെ ഭാഗമായി കെട്ടിപ്പടുത്ത പുതിയ ടൂറിസം നഗരങ്ങളിലും ഹോട്ടലുകളിലും ആളുകളുടെ വരവ് കുറയുന്നതോടെ അവിടുത്തെ ഓക്യുപ്പൻസി റേറ്റ് താഴേക്ക് പതിക്കുകയാണ്. ഇത് ഹോട്ടൽ സപ്പോർട്ടിംഗ് സ്റ്റാഫുകളെയും നിർമ്മാണ തൊഴിലാളികളെയും നേരിട്ട് ബാധിക്കും.
നിലവിൽ 27 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് സൗദി അറേബ്യയിലുള്ളത്. പുതിയ ആളുകൾക്ക് ജോലി തേടി സൗദിയിലേക്ക് വരാനുള്ള സാധ്യതകൾ തൽക്കാലം മങ്ങുകയാണ്. ഉള്ളവരുടെ തൊഴിലും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് വലിയ വെല്ലുവിളി. ഈ ഭീഷണി മറികടക്കാൻ സൗദി തങ്ങളുടെ വിദേശനയങ്ങളിൽ പെട്ടെന്ന് ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇറാനുമായി നേരിട്ട് സംസാരിച്ച് ഒരു സമവായത്തിൽ എങ്കിൽ മാത്രമേ ഹൂതികളെ പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കൂ.
യുദ്ധം മാസങ്ങളോ ഒരു വർഷമോ നീണ്ടുനിൽക്കുകയാണെങ്കിൽ സൗദിയുടെ സമ്പദ്വ്യവസ്ഥ വലിയൊരു മാന്ദ്യത്തിലേക്ക് വീണുപോയേക്കാം. എങ്കിലും സൗദിയുടെ കയ്യിൽ വൻ തോതിലുള്ള വിദേശ നിക്ഷേപങ്ങളും റിസർവുകളും ഉള്ളതുകൊണ്ട് പെട്ടെന്ന് ഒരു തകർച്ച ഉണ്ടാകില്ല. എന്നാൽ വിമാന സർവീസുകൾ ആഴ്ചകളോളം തടസ്സപ്പെടുന്നത് രാജ്യത്തിന്റെ ടൂറിസത്തെയും ഹജ്ജ്-ഉംറ തീർത്ഥാടന മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്. ആത്യന്തികമായി, സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലുമായി എന്തെങ്കിലും നയതന്ത്ര കരാറുകൾക്ക് സൗദി തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സൗദി അറേബ്യയിലെ പ്രവാസികൾക്കും ആ രാജ്യത്തിനും പെട്ടെന്ന് തന്നെ സമാധാനവും സുരക്ഷിതത്വവും തിരികെ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം
