ലോക് ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന പുതിയ കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ പുതിയ ഗവർണർ നൽകിയ ഈ നിർദ്ദേശം കടന്ന കൈയ്യായിപ്പോയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിച്ചു. സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ ഇനി മുതൽ എന്ത് കഴിക്കണം എന്ന് പുറത്തുനിന്നാരെങ്കിലും നിർദ്ദേശിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും, സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമാണിതെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് സമൃദ്ധമാണെന്നും, അതിനാൽത്തന്നെ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ കഴിക്കുന്ന ഭക്ഷണരീതിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളി കാലങ്ങളായി ശീലിച്ചുപോരുന്ന ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് വച്ചുപൊറുപ്പിക്കാനാകില്ല. ഭക്ഷണകാര്യത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന ഇത്തരം അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വേണുഗോപാൽ പറഞ്ഞു.സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്ന് അദ്ദേഹം ആരോപിച്ചു. സസ്യാഹാരിയായ ഗവർണർക്ക് അദ്ദേഹത്തിന്റെ ഭക്ഷണക്രമം യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാം. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക് ഭവന്റെ അടുക്കള തന്റെ പ്രത്യേക താല്പര്യപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണെന്നും, അതിന് തടയിടുന്ന തീരുമാനങ്ങളിൽ നിന്ന് ഗവർണർ ഉടൻ പിന്മാറണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു
