അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ലോകത്ത് രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിൽ തന്നെയാണ്. ഇപ്പോഴിതാ, യുകെയിൽ ചെറുപ്പക്കാർക്കിടയിൽ വില്ലാനായിരിക്കുകയാണ് കുടലിലെ അർബുദം. ഇത് കൂടി വരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുടലിലെ അർബുദം 55 വയസ്സിനുതാഴെയുള്ളവരിൽ ഇരട്ടിയിലധികമായി ഉയർന്നുവെന്നാണ് കണ്ടെത്തൽ.
25 മുതൽ 49 വയസ്സുവരെയുള്ളവരിൽ ഈ രോഗം ഓരോ വർഷവും 3.6 ശതമാനം കൂടിവരുന്നതായി കാൻസർ റിസർച്ച് യുകെ അറിയിച്ചു.അമിതമായി സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗമാണ് കേസുകളുടെ വർധനവിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷണക്രമത്തിന്റെ ഭാഗമായി ഇത്തരം ഭക്ഷണം മാറിയതോടെയാണ് രോഗികളുടെ എണ്ണം ഉയരാൻ കാരണമായത്. പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഈ ഭക്ഷണങ്ങൾ ദഹനം, രോഗപ്രതിരോധം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുകയും ഇവ ബാക്ടീരിയകളെ(gut microbiome) ബാധിക്കുകയും ചെയ്യും.
കൂടാതെ ഇത്, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.എന്നാൽ അർബുദ സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിനുമായി പ്രഭാതഭക്ഷണത്തിൽ യോഗർട്ട് ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോ ബയോട്ടിക്കിനാൽ സമ്പന്നമായ യോഗർട്ടിന് കഴിയും. കൂടാതെ യോഗർട്ടിന്റെ ഉപയോഗത്തിലൂടെ ശക്തമായ രോഗപ്രതിരോധശേഷി നിലനിർത്താനും കഴിയും.ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ യോഗർട്ട് കഴിക്കുന്നവരിൽ പ്രോക്സിമൽ കോളൻ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം തെളിയിച്ചു. 1,50,000 പേർ ഭാഗമായ പഠനത്തിലാണ് പതിവായി യോഗർട്ട് കഴിക്കുന്നത് കുടലിലെ അർബുദ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയത്.