ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ തള്ളാൻ തുടങ്ങുന്നുവോ?

നമ്മൾ സാധാരണയായി അന്താരാഷ്ട്ര വാർത്തകൾ കാണുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട്, മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സമവാക്യങ്ങളൊക്കെ ഇത്ര പെട്ടെന്നാണോ മാറിമറിയുന്നത് എന്ന്. ഇറാൻ യുദ്ധത്തിന് ശേഷമുള്ള സാഹചര്യം പരിശോധിച്ചാൽ ഗൾഫ് രാജ്യങ്ങളുടെയെല്ലാം നയങ്ങളിൽ വലിയൊരു മാറ്റം നമുക്ക് വളരെ വ്യക്തമായി കാണാൻ സാധിക്കും. ആദ്യം യുഎഇ, പിന്നാലെ സൗദി അറേബ്യ, ഇപ്പോഴിതാ കുവൈറ്റ് പോലും വളരെ നിർണ്ണായകമായ ചില പുതിയ തീരുമാനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിക്കുന്നത്? ഗൾഫ് മേഖലയിൽ അമേരിക്കയുടെ സ്വാധീനം ക്രമേണ കുറഞ്ഞുവരികയാണെന്നൊരു തോന്നൽ ഈ രാജ്യങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ടോ? പ്രത്യേകിച്ച് കുവൈറ്റിന്റെ കാര്യം ഇവിടെ തീർച്ചയായും എടുത്തുപറയേണ്ടതുണ്ട്. ഈ അടുത്ത 13 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ കുവൈറ്റിലെ അമേരിക്കൻ കേന്ദ്രങ്ങളും സേനാതാവളങ്ങളും തുടർച്ചയായിട്ടാണ് ആക്രമണങ്ങൾക്ക് ഇരയായത്. ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ പ്രധാനമായും ടാർഗറ്റ് ചെയ്തത്. ബാക്കി രാജ്യങ്ങളെ വെറുതെ വിട്ടുകൊണ്ട് ഈ മൂന്ന് രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ടത് വഴി ഇറാൻ വളരെ ശക്തമായ ഒരു സന്ദേശമാണ് നൽകിയത്. അതുകൊണ്ടുതന്നെ കുവൈറ്റ് ഇപ്പോൾ കാര്യങ്ങൾ വളരെ ഗൗരവമായി മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
പക്ഷേ, ഒറ്റപ്പെട്ടൊരു ചെറിയ രാജ്യമായ കുവൈറ്റിനെ സംബന്ധിച്ചിടത്തോളം അമേരിക്കൻ സഖ്യത്തിൽ നിന്നും പെട്ടെന്ന് പുറത്തുചാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമുക്കറിയാം, 1991-ൽ സദ്ദാം ഹുസൈന്റെ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ ആ രാജ്യത്തിന്റെ ദേശീയ പദവി തന്നെ പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. അന്ന് അമേരിക്കയും നേറ്റോ സഖ്യകക്ഷികളും ചേർന്നാണ് കുവൈറ്റിനെ മോചിപ്പിച്ചതും ആ പദവി തിരിച്ചുപിടിച്ചു കൊടുത്തതും. പിന്നീട് സദ്ദാം ഹുസൈനെ പുറത്താക്കിയ സമയത്തും കുവൈറ്റിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ചരിത്രമൊക്കെ കുവൈറ്റിന് നന്നായി അറിയാം. തങ്ങൾക്ക് സ്വന്തമായി വലിയ തോതിലുള്ള സൈനിക സന്നാഹങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നും അവർക്ക് ബോധ്യമുള്ള കാര്യമാണ്. കുവൈറ്റ് ദിനാർ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി ആയിരിക്കാം, പെർ ക്യാപിറ്റ ഇൻകം വളരെ കൂടുതലായിരിക്കാം, എന്നാൽ സൈനികമായി ഇറാനെയോ മറ്റോ നേരിടാനുള്ള സൈനിക ശക്തി അവർക്കില്ലല്ലോ.
അതുകൊണ്ടാണ് അവർ ഇപ്പോൾ പുതിയ ചില സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. സൗദി അറേബ്യയുടെ പാത പിന്തുടർന്ന് പാകിസ്ഥാനുമായി ഒരു തന്ത്രപരമായ സഹകരണത്തിന് അവർ ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള കരാർ വളരെ വലുതാണ്. അതായത്, ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ അത് ഇരു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണ്ട് ഒരുമിച്ച് പ്രതിരോധിക്കുന്ന കളക്ടീവ് സെക്യൂരിറ്റി പാരഡൈം ആണ് അവിടെയുള്ളത്. പാകിസ്ഥാൻ ആകട്ടെ, മുസ്ലിം ഇസ്ലാമിക രാജ്യങ്ങളിൽ നിലവിലുള്ള ഏക ആണവ ശക്തിയാണ്. അപ്പോൾ പാകിസ്ഥാന്റെ ആ ഒരു പിന്തുണ മറ്റൊരു അറബ് രാജ്യത്തിനും നൽകാൻ കഴിയാത്തത്ര പ്രാധാന്യമുള്ളതാണ്. ഇതുതന്നെയാണ് കുവൈറ്റും ഇപ്പോൾ ആഗ്രഹിക്കുന്നത്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സാമ്പത്തിക അവസരം കൂടിയാണ്. കാരണം പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയും ആഭ്യന്തര സ്ഥിതിയും അത്ര ഭദ്രമല്ല. ബലൂചിസ്ഥാനിലും കൈബർ പക്തൂൺഖ്വയിലുമൊക്കെ വലിയ തോതിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘർഷങ്ങളും നടക്കുന്നുണ്ട്. ഭാവിയിൽ ബലൂചിസ്ഥാനിൽ നിന്നുള്ള നാച്ചുറൽ ഗ്യാസോ കൽക്കരിയോ കിട്ടാതായാൽ പോലും, കറാച്ചി തുറമുഖം വഴി എണ്ണ എത്തിച്ച് രാജ്യത്തിന്റെ വ്യവസായശാലകൾ മുന്നോട്ട് കൊണ്ടുപോകാൻ കുവൈറ്റുമായിട്ടുള്ള ഇത്തരം കരാറുകൾ പാകിസ്ഥാന് ഏറെ സഹായകരമാകും. കൂടാതെ, കുവൈറ്റിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ എത്തിച്ച് തങ്ങളുടെ തന്ത്രപരമായ സംഭരണ കേന്ദ്രങ്ങളിൽ നിറയ്ക്കാനും അവർക്ക് സാധിക്കും.
എന്നാൽ, ഇതൊന്നും ഗൾഫ് രാജ്യങ്ങൾക്ക് പാകിസ്ഥാനോടോ ചൈനയോടോ ഉള്ള അങ്ങേയറ്റത്തെ സ്നേഹം കൊണ്ടോ അമേരിക്കയോടുള്ള വെറുപ്പ് കൊണ്ടോ സംഭവിക്കുന്നതല്ല. അമേരിക്ക നൽകുന്ന ടെക്നോളജിയും സുരക്ഷയും അവർക്ക് ആവശ്യമാണെങ്കിലും, അമേരിക്കൻ സേനാതാവളങ്ങൾ തങ്ങളുടെ മണ്ണിൽ തുടരുന്നിടത്തോളം കാലം ഇറാൻ തങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടേയിരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അമേരിക്കയ്ക്ക് പുറമെ മറ്റ് സുരക്ഷാ ഓപ്ഷനുകൾ കൂടിയേ തീരൂ എന്ന് അവർ ചിന്തിക്കുന്നത്.
ഇവിടെയാണ് ചൈനയുടെയും പാകിസ്ഥാന്റെയും സാന്നിധ്യം ഏറെ പ്രസക്തമാകുന്നത്. സൗദിയും ഇറാനുമായുള്ള ബന്ധത്തിന് ചൈനയാണ് മധ്യസ്ഥത വഹിച്ചത്. നാളുകളിൽ ഗൾഫ് പ്രദേശം ഒരു ചൈനീസ് കോൺക്ലേവ് ആയി മാറുമോ എന്ന ആശങ്ക പെന്റഗണിനുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് തീർത്തും അനുകൂലമായ ഒരു സാഹചര്യമല്ല. അബ്രഹാം അക്കോർഡിന്റെ ഭാഗമായി പരമാവധി അറബ് രാജ്യങ്ങളെ ഇസ്രയേലുമായി സന്ധി ചെയ്യിപ്പിച്ച് അമേരിക്കയോടൊപ്പം നിർത്താനാണ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവുമൊക്കെ ശ്രമിക്കുന്നത്.
ഇനി നമ്മൾ ചിന്തിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. വരും കാലങ്ങളിൽ കാര്യങ്ങൾ ഇങ്ങനെയാണോ മുന്നോട്ട് പോവുക? തീർച്ചയായും അല്ല. തുർക്കിയും ഈജിപ്തും സൗദിയും പാകിസ്ഥാനുമൊക്കെ ചേർന്ന് ഇറാനുചുറ്റും ഒരു പുതിയ പ്രാദേശിക ഘടന രൂപപ്പെടുത്തുകയാണെങ്കിൽ, അവിടെ അമേരിക്കയുടെ സ്വാധീനം ക്രമേണ പൂർണ്ണമായി ഇല്ലാതാകാനോ അല്ലെങ്കിൽ വളരെ കുറയാനോ സാധ്യതയുണ്ട്. ലോകരാഷ്ട്രീയം ക്രമേണ അമേരിക്കൻ കേന്ദ്രീകൃതമായ ഒരവസ്ഥയിൽ നിന്നും മാറി, ഏഷ്യൻ ശക്തികളുടെ കൈകളിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഈ പുതിയ സൈനിക ഉടമ്പടികൾ ഒക്കെയും മിഡിൽ ഈസ്റ്റിന്റെ തലവര തന്നെ മാറ്റിയെഴുതാൻ പോന്നവയാണ്.
അതുകൊണ്ട് ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്; അമേരിക്കയുടെ മേൽക്കോയ്മ മാത്രം ആശ്രയിച്ചുണ്ടായിരുന്ന ആ പഴയ കാലഘട്ടം ഗൾഫ് മേഖലയിൽ അവസാനിക്കുകയാണ്. പകരം മൾട്ടി-പോളാർ ആയ അതായത് പല ശക്തികൾ ഒരേസമയം സ്വാധീനം ചെലുത്തുന്ന ഒരു പുതിയ ലോകക്രമത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് വരുന്ന ദിവസങ്ങളിൽ നമുക്ക് കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *