കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് വീണ്ടും തുറക്കപ്പെടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ചില സർവ്വെകൾ ബിജെപിക്ക് 14 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, കേരളത്തിൽ ഒരു തൂക്കുസഭയ്ക്കുള്ള സാധ്യത പോലും ചിലർ കാണുന്നുണ്ട്. വോട്ടെടുപ്പിന് ശേഷം രണ്ട് സീറ്റുകളിൽ വിജയം ഉറപ്പിച്ചിരുന്ന ബിജെപി നേതൃത്വത്തെ പോലും അമ്പരപ്പിക്കുന്നതാണ് പുതിയ പ്രവചനങ്ങൾ.
20 ശതമാനം വോട്ട് വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി എത്തുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും എഫ്സിആർഎ ഭേദഗതി തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടെങ്കിലും, നായർ-ഈഴവ വോട്ടുകളിലെ വലിയ മാറ്റം ഗുണകരമാകുമെന്ന് ബിജെപി കരുതുന്നു. നായർ വോട്ടുകളിൽ ബിജെപിക്ക് 39 ശതമാനം, യുഡിഎഫിന് 32 ശതമാനം, എൽഡിഎഫിന് 28 ശതമാനം. ഈഴവ വോട്ടുകളിൽ എൽഡിഎഫ് മേൽക്കൈ തുടരുമെങ്കിലും (47), ബിജെപി 32 ശതമാനത്തിലേക്ക് ഉയരും. യുഡിഎഫ് 20 ശതമാനത്തിലേക്ക് ചുരുങ്ങും. ന്യൂനപക്ഷ വോട്ടുകളിൽ മുസ്ലിം വോട്ടുകളിൽ 62 ശതമാനവും ക്രിസ്ത്യൻ വോട്ടുകളിൽ 53 ശതമാനവും നേടി യുഡിഎഫ് ആധിപത്യം തുടരുമെന്നാണ് സൂചന.
