1200 കോടി വർഷം പഴക്കമുള്ള ദൃശ്യം പിടിച്ചെടുത്ത് ജെയിംസ് വെബ് ദൂരദർശിനി

ഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്ന ചോദ്യത്തിന് നിർണ്ണായക ഉത്തരങ്ങളുമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചത്തിൽ നിലനിന്നിരുന്ന, ആറ് ഗാലക്സികൾ പരസ്പരം ലയിച്ചുചേരുന്ന അതീവ സങ്കീർണ്ണവും അപൂർവ്വവുമായ ദൃശ്യമാണ് ജെയിംസ് വെബ് കണ്ടെത്തിയിരിക്കുന്നത്. ഭാവിയിൽ ഇവ ഒന്നിച്ച് ചേർന്ന് പ്രപഞ്ചത്തിലെ ഏറ്റവും ഭീമാകാരമായ ഒരു സൂപ്പർ ഗാലക്സിയായി മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

നെതർലൻഡ്‌സിലെ ലൈഡൻ ഒബ്സർവേറ്ററിയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഹൂബ് റോട്ട്ഗെറിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. റേഡിയോ ദൂരദർശിനികൾ കണ്ടെത്തിയ അസാധാരണ റേഡിയോ വികിരണങ്ങളാണ് ഈ മേഖലയിലേക്ക് ജെയിംസ് വെബിന്റെ ശ്രദ്ധ തിരിച്ചത്. ആദ്യം ഇവിടെ ഒരു സജീവ സൂപ്പർമാസീവ് തമോഗർത്തം മാത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ജെയിംസ് വെബ് ദൂരദർശിനി നടത്തിയ ആഴത്തിലുള്ള നിരീക്ഷണത്തിൽ ഒരൊറ്റ ഗാലക്സിക്ക് പകരം പരസ്പരം ലയിക്കുന്ന 6 ഗാലക്സികളുടെ സമുച്ചയം കണ്ടെത്തുകയായിരുന്നു.TGSSJ1530+1049 എന്ന് പേരിട്ടിരിക്കുന്ന ഈ ഗാലക്സി സമുച്ചയം പ്രപഞ്ചത്തിൽ ‘റെഡ്ഷിഫ്റ്റ് 4.0’ എന്ന അതീവ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏതാനും പതിനായിരം പ്രകാശവർഷങ്ങൾ മാത്രം വ്യാപ്തിയുള്ള ഒരു ചെറിയ മേഖലയിലാണ് ഈ ആറ് ഗാലക്സികളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത്. വിസ്തീർണ്ണത്തിൽ നമ്മുടെ സ്വന്തം ക്ഷീരപഥം ഗാലക്സിയേക്കാൾ ചെറുതാണെങ്കിലും, നൂറുകണക്കിന് ശതകോടി സൂര്യന്മാരുടെ ആകെ പിണ്ഡത്തിന് തുല്യമായ ഭീമമായ നക്ഷത്രസമ്പത്ത് ഈ കുഞ്ഞൻ സമുച്ചയത്തിനുണ്ട്. ഭാവിയിൽ ഇവയെല്ലാം ലയിച്ച് ഒരു ‘ബ്രൈറ്റസ്റ്റ് ക്ലസ്റ്റർ ഗാലക്സി’ ആയി മാറുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഈ ആറ് ഗാലക്സികളിലുമായി പ്രതിവർഷം ഏകദേശം 70 മുതൽ 163 വരെ പുതിയ സൂര്യന്മാരുടെ പിണ്ഡത്തിന് തുല്യമായ പുതിയ നക്ഷത്രങ്ങൾ രൂപംകൊള്ളുന്നതായും കണ്ടെത്തി. നമ്മുടെ ക്ഷീരപഥത്തിൽ ഇതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഒരു വർഷം ജനിക്കുന്നത്. ഈ സമുച്ചയത്തിന്റെ കേന്ദ്രത്തിൽ ഒരു സൂപ്പർമാസീവ് തമോഗർത്തം ഇതിനകം സജീവമാണ്. ഇതിലേക്ക് പ്രപഞ്ചവസ്തുക്കൾ പതിക്കുമ്പോൾ പുറപ്പെടുന്ന അതിവേഗ ജെറ്റുകളും വാതകങ്ങളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ജെറ്റുകൾ സമുച്ചയത്തിൽ പൂർണ്ണമായി വ്യാപിക്കാത്തതിനാൽ തമോഗർത്തം ഇപ്പോഴും വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് വ്യക്തമാകുന്നു. ‘ദി ഓപ്പൺ ജേർണൽ ഓഫ് ആസ്ട്രോഫിസിക്സ്’, ‘ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്’ എന്നീ പ്രമുഖ ശാസ്ത്ര ജേർണലുകളിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്സി ക്ലസ്റ്ററുകളും തമോഗർത്തങ്ങളും എങ്ങനെയാണ് രൂപംകൊണ്ടത് എന്നതിനെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളെ മാറ്റിമറിക്കുന്നതാണ് ജെയിംസ് വെബിന്റെ ഈ പുത്തൻ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *