മുസ്‌ലിം ലീഗിൽ നാലു മന്ത്രിമാരുടെ കാര്യത്തിൽ ധാരണ;

മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.

അഞ്ചാമത് മന്ത്രിസ്ഥാനത്തിനായി കാസർകോട് നിന്ന് എ.കെ.എം. അഷ്റഫും കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ളയുമാണ് പരിഗണനയിലുള്ളത്. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. ജില്ലാ പ്രസിഡന്റ് എം.എ. റസാഖിന്റെ പേരാണ് കോഴിക്കോട് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്. മൂന്നാം തവണയും വിജയിച്ച ആബിദ് ഹുസൈൻ തങ്ങളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന സമ്മർദ്ദം ശക്തമാണ്. എന്നാൽ ആബിദ് തങ്ങൾ കൂടി വന്നാൽ നാല് മന്ത്രിമാരും മലപ്പുറം ജില്ലയിൽ നിന്നാകുമെന്നത് മറ്റു ജില്ലകളിൽ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിന്റെ പേരും ചർച്ചയിലുണ്ടെങ്കിലും സാധ്യത കുറവാണ്. അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവി നൽകി ഒത്തുതീർപ്പിന് യുഡിഎഫ് ശ്രമിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. എന്നാൽ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പിന്തുണ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നീ മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്ന പദവികൾ വേണമെന്ന ആവശ്യവും ലീഗ് ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *