ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുമ്പോൾ മേഖലയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. 2025 ഏപ്രിൽ 22-ന് ബൈസൺവാലി പുൽമേടുകളിൽ വിനോദസഞ്ചാരികൾക്ക് നേരെ ലഷ്‌കറെ തൊയ്ബ ഭീകരർ നടത്തിയ വെടിവെപ്പിലാണ് വൻ നാശനഷ്ടങ്ങളുണ്ടായത്. ഈ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ സൈനിക നടപടി ആരംഭിച്ചത്.
ആക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾ നിലനിൽക്കുമ്പോഴും പഹൽഗാം ഇപ്പോൾ സജീവമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. നിശ്ചിത പോയിന്റുകളിലെല്ലാം സൈനിക ചെക് പോസ്റ്റുകളും കർശനമായ സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. ബൈസൺവാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും, ശ്രീനഗറിലെ പ്രശസ്തമായ ടുലിപ് പുഷ്‌പോദ്യാനത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
