എസ്എഫ്ഐ – അടിമത്തത്തിൽ നിന്ന് അക്രമത്തിലേക്കോ?

കേരളത്തിലെ കലാലയങ്ങളിൽ ഇന്ന് ചർച്ചയാകുന്നത് ഒരു പ്രഖ്യാപനമാണ്. “കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ സമരങ്ങൾ നടത്തിയിട്ടില്ല, ഇനി ഞങ്ങൾ സമരങ്ങൾ നടത്തും, പോലീസിനെ തിരിച്ചടിക്കും.” പറയുന്നത് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. കേൾക്കുമ്പോൾ വലിയ വീരവാദം പോലെ തോന്നും. പക്ഷേ ഇതിന് പിന്നിലെ സത്യം എന്താണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ പത്തു വർഷം കേരളം ഭരിക്കുന്നത് എൽ.ഡി.എഫ് സർക്കാരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ പത്തു വർഷക്കാലം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമില്ലാതിരുന്നപ്പോഴും, പരീക്ഷാ ഫലങ്ങൾ വൈകിയപ്പോഴും, ഗസ്റ്റ് ലക്ചറർമാർക്ക് ശമ്പളം നൽകാതിരുന്നപ്പോഴും ഈ കുട്ടി സഖാക്കൾ എവിടെയായിരുന്നു?
പിണറായി വിജയൻ എന്ന ‘തമ്പ്രാന്റെ’ മുന്നിൽ വായ മൂടി കൈ കെട്ടി നിൽക്കുകയായിരുന്നോ ഇവർ. സ്വന്തം പാർട്ടി ഭരണത്തിൽ ഇരിക്കുമ്പോൾ ഇത്രയും കാലം ‘അടിമകളെ’ പോലെ ഇരുന്നിട്ട്, ഇപ്പോൾ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമ്പോൾ ജനശ്രദ്ധ തിരിക്കാൻ വേണ്ടി പോലീസിനെ തല്ലുമെന്നും സമരം ചെയ്യുമെന്നും പറയുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ്!
ഇപ്പോൾ ഇത് പറയാൻ കാരണം, ഇൗ അടുത്തിടയ്ക്ക്
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമങ്ങൾ നമ്മൾ കണ്ടതാണ്. ജയം അസാധ്യമെന്നു കണ്ടപ്പോൾ പോലീസിനു നേരെ കുപ്പിയെറിയുകയും ഒരു പോലീസുകാരന്റെ തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. പത്തു വർഷം സമാധാനമായിരുന്നു എന്ന് ഇവർ അവകാശപ്പെടുമ്പോൾ നമ്മൾ ഒന്ന് ഓർക്കണം, ആ സമാധാനം നിലനിന്നത് പ്രതിപക്ഷ സംഘടനകളുടെ മിതത്വം കൊണ്ടാണ്. എന്നാൽ സ്വന്തം പാർട്ടി അധികാരത്തിലിരിക്കുമ്പോൾ പോലീസിനെ പോലും ജോലി ചെയ്യാൻ അനുവദിക്കാത്ത രീതിയിലേക്ക് എസ്.എഫ്.ഐ വളർന്നു. പിണറായി വിജയനെ പേടിച്ച് പോലീസ് പലപ്പോഴും മിണ്ടാതിരുന്നു. പക്ഷേ ഇപ്പോൾ പോലീസുകാർ പോലും മടുത്തു തുടങ്ങിയിരിക്കുന്നു. “ഈ പണി നിർത്തി ഓട്ടോ ഓടിക്കാൻ പോകുന്നതാണ് അന്തസ്സ്” എന്ന് ഒരു സാധാരണ പോലീസുകാരനെക്കൊണ്ട് ചിന്തിപ്പിച്ച ഭരണമാണ് കഴിഞ്ഞ പത്തു വർഷമായി ഇവിടെ നടന്നത്.

എസ്.എഫ്.ഐയുടെ ചരിത്രം എടുത്തു നോക്കിയാൽ നമുക്ക് ചിരി വരും. കാരണം, അവർ എന്തിനെയൊക്കെ എതിർത്തോ അതൊക്കെ പിന്നീട് അവരുടെ തന്നെ സർക്കാർ നടപ്പിലാക്കി.
അതിന്റെ കുറച്ച് ഉദാഹരണങ്ങൾ നോക്കി കഴി ൽ
പണ്ട് വിദേശ സർവകലാശാലകൾ വരുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്ന് പറഞ്ഞ് തെരുവിലിറങ്ങി സമരം ചെയ്തവരാണിവർ. എന്നാൽ ഇന്ന് മുഖ്യമന്ത്രി വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുമ്പോൾ എസ്.എഫ്.ഐക്കാർ മൗനവ്രതത്തിലാണ്.
​ അതേ പോലെ തന്നെ കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്ന് പറഞ്ഞ് കമ്പ്യൂട്ടറുകൾ അടിച്ചുതകർത്ത ചരിത്രം ഇവർക്കുണ്ട്. ഇന്ന് അതേ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഫേസ്ബുക്കിൽ വിപ്ലവം പ്രസംഗിക്കുന്നു.
​മറ്റൊരു സംഭവമാണ് : മഹാരാജാസ് കോളേജിലെയും യൂണിവേഴ്സിറ്റി കോളേജിലെയും പരീക്ഷാ വിവാദങ്ങൾ,അത് ആരും മറന്നിട്ടില്ല. . പഠിക്കാതെ ജയിക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാനും EG(നിഖിൽ ലാൽ, വിദ്യ കേസുകൾ ഓർക്കുക) എസ്.എഫ്.ഐയുടെ ലേബൽ മാത്രം മതി എന്ന അവസ്ഥയുണ്ടായി.
​ഇടിമുറികൾ: കേരളത്തിലെ പല സർക്കാർ കോളേജുകളിലും ‘ഇടിമുറികൾ’ എന്ന പേരിൽ എസ്.എഫ്.ഐ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അവിടെ ചെന്ന് എതിർ സംഘടനയിലുള്ളവരെയോ സ്വതന്ത്രമായി ചിന്തിക്കുന്നവരെയോ ശാരീരികമായി ഉപദ്രവിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിച്ചതും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം സംഘടനയിലെ കുട്ടിയെ തന്നെ കുത്തി വീഴ്ത്തിയതും നമ്മൾ കണ്ടതാണ്. ഗവർണർക്കെതിരെ സമരം ചെയ്യാൻ റോഡിലിറങ്ങുന്ന ഇവർ, പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്ന് ജോലി കിട്ടാതെ കണ്ണീരോടെ തെരുവിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികളെ ഒന്ന് തിരിഞ്ഞു നോക്കിയോ? സ്വന്തം പ്രായത്തിലുള്ള യുവതീ യുവാക്കൾ മണ്ണുവാരി തിന്ന് സമരം ചെയ്തപ്പോൾ അവരെ പുച്ഛിക്കുകയായിരുന്നു ഈ വിപ്ലവകാരികൾ. അന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ ഹെൽമറ്റ് വെച്ച് അടിക്കുമ്പോൾ അതിനെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിക്കാൻ ഇവർക്ക് നാണമുണ്ടായില്ല.

ഇപ്പോൾ ഇവർ പറയുന്നു, “ഞങ്ങൾ തിരിച്ചടിക്കും” എന്ന്. ആരെയാണ് നിങ്ങൾ തിരിച്ചടിക്കുന്നത്? നിയമം നടപ്പിലാക്കുന്ന പോലീസിനെയോ? അതോ നിങ്ങളുടെ നയങ്ങളെ ചോദ്യം ചെയ്യുന്ന സാധാരണക്കാരെയോ? പത്തു വർഷം അധികാരത്തിന്റെ തണലിൽ ഒളിച്ചിരുന്ന് എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചിട്ട്, ഇപ്പോൾ വീണ്ടും അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ നോക്കിയാൽ കേരളം അത് പൊറുക്കില്ല. വിദ്യാർത്ഥി രാഷ്ട്രീയം എന്നത് കലാലയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവണം, അല്ലാതെ പാർട്ടിയുടെ ഗുണ്ടകളായി മാറാനാവരുത്. ഈ ‘കുട്ടി സഖാക്കൾ’ ആദ്യം ചെയ്യേണ്ടത് സ്വന്തം സർക്കാരിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാനുള്ള ആർജ്ജവം കാണിക്കുകയാണ്. അല്ലാതെ പോലീസിനെ തല്ലാൻ പോകുന്നത് വിപ്ലവമല്ല, വെറും ഭീരുത്വമാണ്.

Leave a Reply

Your email address will not be published. Required fields are marked *