ആകാശത്ത് വിസ്മയമൊരുക്കി ശുക്ര-വ്യാഴ സംഗമം

രുണ്ട ആകാശത്ത് രണ്ട് പ്രകാശകണങ്ങൾ അടുത്ത് വന്ന് നിൽക്കുന്ന മനോഹരമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ശാസ്ത്രലോകം. നക്ഷത്രങ്ങൾ ചുംബിക്കുന്നതുപോലെ തോന്നിക്കുന്ന ഈ അത്ഭുത പ്രതിഭാസത്തെ ‘കോസ്മിക് കിസ്’ അഥവാ പ്ലാനറ്ററി കൺജങ്‌ഷൻ എന്നാണ് വിളിക്കുന്നത്. ജൂൺ 8, 9 തീയതികളിൽ ഈ ആകാശവിസ്മയം ദൃശ്യമാകും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അടുത്തു വരുന്നതുപോലെ തോന്നിക്കുന്നതാണ് ഈ പ്രതിഭാസം.

യഥാർത്ഥത്തിൽ ഇവ തമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ അകലമുണ്ടെങ്കിലും, സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലെ പ്രത്യേകതകൾ കാരണം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവ നേർരേഖയിൽ അടുത്ത് വരുന്നു. ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ ദൃശ്യഭ്രമം മാത്രമാണ്. നക്ഷത്രങ്ങൾക്കിടയിൽ ഏറ്റവും തിളക്കത്തോടെ ശുക്രനെയും അതിനോട് ചേർന്ന് അല്പം പ്രകാശം കുറഞ്ഞ വ്യാഴത്തെയും കാണാം. ഇത് മനുഷ്യന്റെ കാൽപനികതയെ തൊട്ടുണർത്തുന്ന ഒരു ആകാശ വിസ്മയമാണ്. ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഈ കാഴ്ച കാണാൻ സാധിക്കും. സൂര്യൻ അസ്തമിച്ചതിന് ശേഷമുള്ള സമയത്താണ് ഗ്രഹങ്ങൾ ഏറ്റവും വ്യക്തമായി കാണപ്പെടുന്നത്. വെളിച്ചം കുറവുള്ള, തെളിഞ്ഞ ആകാശമുള്ള സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ശുക്രന്റെയും വ്യാഴത്തിന്റെയും പ്രകാശം വ്യക്തമായി കാണാൻ സാധിക്കും.

ഈ വിസ്മയക്കാഴ്ച ജൂൺ 8, 9 തീയതികളിൽ മാത്രം ഒതുങ്ങുന്നതല്ല. ജൂൺ 11 മുതൽ 15 വരെയുള്ള തീയതികളിൽ ശുക്രനും വ്യാഴത്തിനും ഒപ്പം ബുധനും കൂടി ചേരുന്നതോടെ പടിഞ്ഞാറൻ ആകാശത്ത് മൂന്ന് ഗ്രഹങ്ങൾ ഒരേ നിരയിൽ നിൽക്കുന്ന അപൂർവ്വ കാഴ്ചയും ദൃശ്യമാകും. പ്രപഞ്ചത്തിന്റെ ഈ അത്ഭുതയാത്ര കാണാൻ ആകാശ നിരീക്ഷകർക്ക് വലിയൊരു അവസരമാണ് വരാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *