പത്മകുമാറിനെതിരെയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം,

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. പാർട്ടിയുടെയും സർക്കാരിന്റെയും പത്തനംതിട്ടയിലെ പ്രതിച്ഛായക്ക് ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി. ഇടത് സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ഇതെന്നും പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായ നീക്കം തിരഞ്ഞെടുപ്പിൽ കനത്ത ആഘാതമുണ്ടാക്കിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേരിട്ട പ്രധാന പ്രതിസന്ധികൾക്ക് അയ്യപ്പ സംഗമം കാരണമായി. ഭക്തരെ കൂടെ നിർത്താൻ നടത്തിയ നീക്കം പരാജയപ്പെട്ടുവെന്നു മാത്രമല്ല, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളെ അത് ദുർബലപ്പെടുത്തുകയും ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണത്തിൽ പാർട്ടി മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും നടപടിയെടുക്കാത്തത് പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പത്മകുമാറിനെതിരെ നടപടിയുണ്ടായോ എന്ന് പത്മകുമാർ എങ്കിലും അറിഞ്ഞോ എന്ന പരിഹാസവും യോഗത്തിലുണ്ടായി.തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ താഴെത്തട്ടിലുള്ള വികാരം പൂർണ്ണമായും ഉൾക്കൊള്ളണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ജില്ലാ കമ്മിറ്റിയിൽ ഇത്രയും രൂക്ഷമായ ചർച്ചകൾ നടന്നത്. സർക്കാരിന്റെ ചില നിലപാടുകൾക്കെതിരെയും ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും മുഖം നോക്കാതെ വിമർശനം ഉന്നയിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കീഴ്ഘടകങ്ങളിലേക്കും ഈ ചർച്ചകൾ വ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *