മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസി’ന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു നിരാശാവാർത്തയാണ്. ചിത്രത്തിന് പ്രീ-റിലീസ് ട്രെയ്ലർ ഉണ്ടാകില്ലെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയ്ലറിനായി കാത്തിരുന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ്, സിനിമയെക്കുറിച്ചുള്ള സസ്പെൻസ് നിലനിർത്താൻ താൻ മനപ്പൂർവ്വം എടുത്ത തീരുമാനമാണിതെന്ന് അഭിനവ് വെളിപ്പെടുത്തിയത്.
“മോളിവുഡ് ടൈംസിന് പ്രീ-റിലീസ് ട്രെയ്ലർ ഇല്ല. കഥയെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ സിനിമ കാണുക. സാധിക്കുമെങ്കിൽ ടീസർ പോലും കാണരുത്” അഭിനവ് സുന്ദർ നായക് പറഞ്ഞു. സിനിമയെക്കുറിച്ചോ അതിന്റെ കഥാഗതിയെക്കുറിച്ചോ മുൻവിധികളൊന്നുമില്ലാതെ പ്രേക്ഷകർ തിയേറ്ററുകളിൽ വന്ന് ചിത്രം ആസ്വദിക്കണം. നേരത്തെ മെയ് 14-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. ജൂൺ 5-നാണ് ചിത്രം ഇപ്പോൾ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.വിനീത് മാധവൻ’ എന്ന കേന്ദ്രകഥാപാത്രമായി നസ്ലിൻ എത്തുന്ന ഈ ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ പുറത്തുവന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ട്രെയ്ലർ ഇല്ലാതെ തിയേറ്ററുകളിലേക്ക് എത്തുന്ന ‘മോളിവുഡ് ടൈംസ്’ പ്രേക്ഷകർക്ക് എങ്ങനെയുള്ള ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുകയെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ ലോകം.
