ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലച്ച് പുതിയ വെല്ലുവിളി. പാർട്ടി വിട്ടുപോകുന്ന വിമത നേതാക്കളെ ലക്ഷ്യമാക്കി ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. മമതാ ബാനർജിയെ ഉപേക്ഷിച്ചുപോയ വിമതർ തിരികെ വരികയാണെങ്കിൽ, കേവലം ഒരു മണിക്കൂറിനുള്ളിൽ തന്റെ പാർട്ടി പദവികൾ രാജിവെക്കാൻ തയ്യാറാണെന്നാണ് അഭിഷേക് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പാർട്ടിയിലുണ്ടായ കൂട്ടക്കൊഴിഞ്ഞുപോക്കിനെ അഭിഷേക് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. പാർട്ടി വിട്ട നേതാക്കൾ ബി.ജെ.പിയുമായി നേരത്തെ തന്നെ ധാരണയിലെത്തിയെന്നും, കേന്ദ്ര ഏജൻസികളായ ഇ.ഡി, സി.ബി.ഐ എന്നിവരിൽ നിന്ന് സംരക്ഷണം നേടാനാണ് ഇവർ വിമത ക്യാമ്പിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ ഉണ്ടായിട്ടും അന്വേഷണങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ അഭിഷേക്, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ വിമതർ ഏജൻസികളെ നേരിടാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അധികാരികൾക്ക് മുന്നിലല്ല, ജനാധിപത്യത്തിൽ ജനങ്ങൾക്ക് മുന്നിൽ മാത്രമേ താൻ തലകുനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.വരാനിരിക്കുന്ന ജൂലൈ 21-ലെ രക്തസാക്ഷി ദിന റാലിക്ക് മുൻപ് ആർക്കെങ്കിലും മടങ്ങിവരണമെന്നുണ്ടെങ്കിൽ വരാമെന്നും അവർക്ക് പാർട്ടിയിൽ ഇടം നൽകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാർട്ടി വിട്ടുപോയ ആരെയും തിരിച്ചെടുക്കരുതെന്ന് വാദിച്ച് മുതിർന്ന ടി.എം.സി നേതാവ് കല്യാൺ ബാനർജി ഇതിനകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തൃണമൂലിൽ ഇനി ‘അമ്മായിയും മരുമകനും’ മാത്രമേ ബാക്കിയുണ്ടാകൂ എന്ന് ബി.ജെ.പി നേതാവ് സുകാന്ത മജൂംദാർ പരിഹസിക്കുകയും ചെയ്തു.
