ട്രംപിന്റെ പുതിയ നീക്കത്തിൽ ആശങ്കയിലായി ഇന്ത്യൻ വിദ്യാർത്ഥികൾ

മേരിക്കയിൽ പഠനം പൂർത്തിയാക്കി തൊഴിൽ രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ നീക്കവുമായി ട്രംപ് ഭരണകൂടം രംഗത്ത്. പഠനശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ സഹായിക്കുന്ന ‘ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്’ (OPT) പ്രോഗ്രാം വഴി ലഭിക്കുന്ന തൊഴിലവസരങ്ങൾക്ക് 100,000 ഡോളർ (ഏകദേശം 95 ലക്ഷം രൂപയോളം) ഫീസ് ഈടാക്കാൻ യുഎസ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.

വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട ഈ വിവരം അമേരിക്കയിൽ പഠിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിലെ മൊത്തം അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ഈ പുതിയ നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ സമൂഹത്തെയായിരിക്കും.എഫ്-1 വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിനുശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ സഹായിക്കുന്ന പ്രധാന പാലമാണ് ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT). സാധാരണ കോഴ്സുകൾ കഴിഞ്ഞവർക്ക് ഒരു വർഷവും, സയൻസ്, ടെക്നോളജി, ഇഞ്ചനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിഭാഗങ്ങളിൽ പെടുന്നവർക്ക് മൂന്ന് വർഷം വരെയും ഇതിലൂടെ ജോലി ചെയ്യാം. എച്ച്-1ബി (H-1B) വിസയിലേക്ക് ചുവടുവെക്കാനും ദീർഘകാല തൊഴിൽ ഉറപ്പാക്കാനും വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ സംവിധാനത്തെയാണ്. 2024-25 അധ്യയന വർഷത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് 3,63,019 വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കാൻ എത്തിയത്. ഇതിൽ 39 ശതമാനത്തോളം പേർ അതായത് ഏകദേശം 1.4 ലക്ഷം ഇന്ത്യൻ ഗ്രാജുവേറ്റുകൾ ഒപ് വഴി ജോലി ചെയ്യുന്നവരാണ്. ഇത്രയും വലിയൊരു തുക ഫീസായി നൽകേണ്ടി വന്നാൽ പല ഇന്ത്യൻ കുടുംബങ്ങൾക്കും അമേരിക്കയിലെ പഠനവും ജോലിയും വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഇത് കാനഡ, യുകെ, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിദ്യാർത്ഥികൾക്ക് പുറമെ അമേരിക്കൻ സർവ്വകലാശാലകളെയും വൻകിട ടെക്നോളജി-ധനകാര്യ സ്ഥാപനങ്ങളെയും ഈ തീരുമാനം ഗുരുതരമായി ബാധിച്ചേക്കാം. അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ഫീസിനെ ആശ്രയിച്ചു കഴിയുന്ന സർവ്വകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെയോ, ഒപ് വഴി പ്രതിഭകളെ കണ്ടെത്തുന്ന കമ്പനികളുടെ റിക്രൂട്ട്മെന്റിനെയോ ഇത് ദോഷകരമായി ബാധിക്കും. നിലവിൽ ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപ് ഭരണകൂടം ഇത് ഗൗരവമായി പരിഗണിച്ചുവരികയാണ്. എച്ച്-1ബി വിസ അപേക്ഷകർക്ക് സമാനമായ രീതിയിൽ ഫീസ് ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്ക് നിയമപരമായ തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും, ഈ പുതിയ നീക്കം യാഥാർത്ഥ്യമായാൽ അമേരിക്കൻ കരിയർ മോഹങ്ങളുമായി മുന്നോട്ട് പോകുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകും.

Leave a Reply

Your email address will not be published. Required fields are marked *